Bhangarh Explained – ഇന്ത്യയിലെ ‘ഔദ്യോഗിക’ പ്രേതബാധിത നഗരത്തിന്‍റെ കഥ

Whats really happening in Bhangarh: the most haunted fort in India



ജെയ്പ്പൂരിനും ദൽഹിക്കും മധ്യേ രാജസ്ഥാനിൽ ബൻഘട് (Bhangarh) എന്നൊരു ഗ്രാമമുണ്ട്. മുഗൾ ചക്രവർത്തി അക്ബറിന്‍റെ സൈന്യാധിപനായിരുന്ന രാജാ മാൻ സിങ്ങിന്‍റെ മകന്‍ മധോ സിങ്ങ് ഭരിച്ചിരുന്ന നഗരമായിരുന്നു ബൻഘട്. ജയ്പ്പൂര്‍ നഗരമുണ്ടാക്കിയതും രാജാ സാവോയ് മധോ സിങ്ങായിരുന്നു (പല കാര്യങ്ങളിലും വിക്കിക്ക് സംശയമുണ്ട്, പല സൈറ്റുകളിലും പല വിവരങ്ങളാണ് കാണുന്നത്).
ബൻഘട് കോട്ടയുടെ പല ഭാഗങ്ങളും, മാര്‍ക്കറ്റും, അമ്പലങ്ങളുമൊക്കെ ഇപ്പഴും വലിയ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നുണ്ടെങ്കിലും, നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു ശാപത്തെ തുടര്‍ന്ന് അവിടമൊരു പ്രേത നഗരമായി നിലകൊള്ളുകയാണ്. ഇന്നും അമ്പലങ്ങളല്ലാതെ മറ്റൊന്നും അവിടെ പ്രവര്‍ത്തിക്കുന്നില്ല, കോട്ടയുടെ പരിസരത്ത് വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമാണ് കഴിയുന്നത്, അതും ഒരമ്പലത്തിന് ചുറ്റുമായി.
ബാബാ ബല്‍നാഥ്‌ എന്ന യോഗിയുടെ ശാപം ബൻഘട് നഗരത്തെ നശിപ്പിച്ചുവെന്നാണ് ഒരു വിശ്വാസം. ബൻഘട്ടില്‍ നഗരം നിര്‍മ്മിക്കാന്‍ അനുവാദം കൊടുത്തപ്പോള്‍ ബാബ ഒരു മുന്നറിയിപ്പ് കൂടെ കൊടുത്തു. ആ നഗരത്തിലെ ഏതെങ്കിലും വീടിന്‍റെയോ കൊട്ടാരത്തിന്‍റെയോ നിഴല്‍ തന്‍റെയോ, തന്‍റെ വീടിന്‍റെ മേലെയോ പതിച്ചാല്‍ ആ നഗരം മൊത്തത്തില്‍ ബാബ നശിപ്പിക്കും. മുന്നറിയിപ്പ് മറന്നു ബൻഘട് രാജകുമാരന്‍ ഒരു വലിയ കൊട്ടാരം നിര്‍മ്മിച്ചപ്പോള്‍ കൊട്ടാരത്തിന്‍റെ നിഴല്‍ ബാബയുടെ മേല്‍ പതിച്ചെന്നും, ബാബയുടെ ശാപം ആ നഗരത്തെ നശിപ്പിച്ചുവെന്നാണ് ഒരു ഇതിഹാസം. ബാബാ ബല്‍നാഥിന്‍റെ സമാധി ഇപ്പഴും കോട്ടയുടെ അടുത്ത് കാണാം.
മറ്റൊരു കഥയില്‍ പറയുന്നത്, ബൻഘട്ടിലെ രാജകുമാരിയായ രത്നാവതിയെ സ്നേഹിച്ച ദുര്‍മന്ത്രവാധിയുടെ ശാപമാണ് ബൻഘട്ടിനെ പ്രേതഭൂമിയാക്കിയതെന്നാണ്. അതിസുന്ദരിയായ രത്നാവതിയെ മോഹിച്ച മന്ത്രവാദി, ഏതു വിധേനയും അവളെ സ്വന്തമാക്കാന്‍ കാത്തിരിക്കുകയായിരുന്നു. രത്നാവതിക്ക് 18 വയസ്സ് തികയുന്ന ദിവസം മന്ത്രവാദി അവളെ തന്ത്രത്തിലൂടെ കീഴ്പ്പെടുത്താന്‍ നോക്കി. അതുമനസിലാക്കിയ രത്നാവതി ആ തന്ത്രം പരാജയപ്പെടുത്തിയപ്പോള്‍ അതിന്‍റെ തിരിച്ചടി മന്ത്രവാദിക്ക് ഏല്‍ക്കുകയും, അയാളുടെ ജീവനെടുക്കുകയും ചെയ്യും. മരിക്കുന്നതിനു മുന്‍പേ രത്നാവതിയെയും നഗരത്തെയും ശപിച്ചിട്ടാണ് മന്ത്രവാദി യാത്രയായത്. കൃത്യം ഒരു വര്‍ഷത്തിനു ശേഷം ബൻഘട് നഗരത്തെ മുഗളന്മാര്‍ ആക്രമിക്കുകയും, ആ ആക്രമണത്തില്‍ രത്നാവതിയടക്കം നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും മരിക്കുകയും ചെയ്തു.
ബൻഘട്ടിലെയും പരിസരത്തെയും ഗ്രാമവാസികള്‍ പറയുന്നത്, കോട്ടയുടെ അടുത്തൊരു വീടുവച്ചാല്‍ അതിന്‍റെ മേല്‍ക്കൂര ഒരു കാരണവുമില്ലാതെ തകര്‍ന്നുവീഴുമെന്നാണ്. അതുപോലെ ഗ്രാമത്തിനു പുറത്തുള്ള ബന്ധുക്കള്‍ ആരെങ്കിലും അവരെ സന്ദര്‍ശിക്കാന്‍ വന്നാല്‍ നേരമിരുട്ടും മുന്നേ തന്നെ അവരെ യാത്രയാക്കണം. രാത്രിയില്‍ പുറം നാട്ടുകാര്‍ ആരും ആ ഗ്രാമത്തില്‍ തങ്ങാന്‍പാടില്ലായെന്നാണ് അവരുടെ വിശ്വാസം. ബൻഘട്ട് കോട്ട രാത്രിയില്‍ പ്രേതങ്ങളുടെ വിഹാരകെന്ദ്രമാണത്രേ, സൂര്യോദയത്തിന് മുന്‍പും അസ്തമയത്തിനു ശേഷവും ആ കോട്ടയില്‍ കയറിയിട്ടുള്ള ആരെയും പിന്നീട് നാട്ടുകാര്‍ കണ്ടിട്ടില്ലെന്ന് മാത്രമല്ല, അവരുടെ ബാക്കിപോലും കിട്ടിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൂടാതെ ആ ഗ്രാമത്തിലെ കാലാവസ്ഥ അകാരണമായി പലപ്പോഴും മാറാറുള്ള കാര്യം അവിടെ ചെന്നിട്ടുള്ള സഞ്ചാരികളില്‍ പലരും പറഞ്ഞിട്ടുണ്ട്. കോട്ടയുടെ ഭംഗിയും, ഇന്നും തകരാതെ നില്‍ക്കുന്ന ആ നഗരത്തിലെ മറ്റു കാഴ്ച്ചകളും അവിടെയെത്തുന്ന ഏതൊരാളെയും വിസ്മയിപ്പിക്കും. കോട്ടയുടെ അടുത്തുള്ള അമ്പലത്തിലെ മുഖ്യശാന്തി പറയുന്നത്, രാത്രിയായാല്‍ മലയിറങ്ങി വന്യജീവികള്‍ കോട്ടയ്ക്കുള്ളില്‍ വരാറുണ്ടെന്നാണ്. പക്ഷെ മൃഗങ്ങളുണ്ടാക്കാത്ത തരത്തിലുള്ള പല വിചിത്ര ശബ്ദങ്ങളും രാത്രിയില്‍ അവിടന്ന് കേള്‍ക്കാറുണ്ട്. രാത്രിയായാല്‍ അവിടത്തെ ജനങ്ങളാരും പുറത്തിറങ്ങാറില്ലായെന്നു മാത്രമല്ല, നല്ല വെളിച്ചമുള്ള സമയങ്ങളിലല്ലാതെ മൃഗങ്ങളെ മേയാന്‍ വിടരുതെന്നവിടെ നിയമവുമുണ്ട്.
ഗ്രാമവാസികളുടെ ഭയത്തെ തല്‍കാലം അന്ധവിശാസമെന്ന് വിളിക്കാം, പക്ഷെ പകല്‍ സമയത്തല്ലാതെ ബൻഘട്ടില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിക്കുന്നൊരു ബോര്‍ഡ് ASI (Archaeological Survey of India) അവിടെ തൂക്കിയിട്ടുമുണ്ട്. അതില്‍ വ്യക്തമായിപ്പറയുന്നത്, സൂര്യാസ്തമയത്തിനു ശേഷവും സൂര്യോദയത്തിന് മുന്‍പും ബൻഘട്ടില്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നാണ്, ഇതിനെ മറികടക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുമെന്നും. സാധാരണ പുരാവസ്തു വകുപ്പിന്റെ എല്ലാ സൈറ്റുകളിലും രാത്രി പ്രവേശനം നിരോധിചിട്ടുള്ളതാണെങ്കിലും ഇവിടെ ആ നിയമം കുറെക്കൂടെ കടുത്തതാണ്. ആ ഭാഗത്തേക്ക് തന്നെ ആരെയും വിടാറില്ല. ഇന്ത്യയിലെ ഒരു ഔദ്യോഗിക പ്രേതഭാധിത പ്രദേശമെന്നാണ് മാധ്യമങ്ങള്‍ ഈ സ്ഥലത്തിനിട്ടിരിക്കുന്ന പേര്, രഹസ്യമായി ചില ഉദ്യോഗസ്ഥരും അത് സമ്മതിക്കുന്നുണ്ട്.
ഇത്രയുമാണ് കോട്ട വിശേഷങ്ങളുടെ ഏകദേശം സംക്രമം.
പണ്ടൊരു British portal, Delhi based ചാനലുമായി ചേര്‍ന്ന് നടത്താന്‍ പദ്ധതിയിട്ട ഒരു പരിപാടിയുടെ ആവശ്യത്തിനാണ് ഞങ്ങള്‍ ഈ ബൻഘട് കോട്ടയിലേക്ക് എത്തുന്നത്.
കോട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുക, ചുറ്റുമുള്ള ആളുകളില്‍ നിന്നും, അവിടെ സ്ഥിരം വരുന്നവരില്‍ നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കുക, കിട്ടുന്ന വിവരങ്ങളും, സ്ഥലത്തിന്‍റെ ജ്യോഗ്രഫിയും, കോട്ടയുടെ ഏകദേശ പ്ലാനും വച്ച് ഷൂട്ടിങ്ങ് സ്ക്രിപ്റ്റ് ഉണ്ടാക്കുക, പിന്നെ എല്ലാറ്റിലും ഉപരി അവിടെ പകലും, രാത്രിയും ഷൂട്ട്‌ ചെയ്യാനുള്ള പെര്‍മിഷനും വാങ്ങുക; ഇതൊക്കെയാണ് ഞങ്ങളുടെ ജോലി.
അവിടെയെത്തി രണ്ട് ദിവസം കൊണ്ട് തന്നെ ബൻഘട് കോട്ടയുമായി ബന്ധപ്പെട്ട ഒരുപാട് മിസ്റ്ററികളെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍, ഞങ്ങള്‍ക്ക് അവിടന്ന് കണ്ടെത്താനുള്ള ഭാഗ്യമുണ്ടായി. അത് ഓരോന്നായി പറയാം.
1. കോട്ടയ്ക്കകത്ത് രാത്രി കയറിയവര്‍ ആരും ജീവനോടെ പുറത്ത് ഇറങ്ങിയിട്ടില്ല!!!
ശുദ്ധ നുണയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പറഞ്ഞതില്‍ കുറച്ചൊക്കെ സത്യമുണ്ട്. ഒറ്റയ്ക്ക് അകത്ത് പെട്ട് പോകുന്ന ഒരാള്‍ക്ക്, അതാവശ്യം നല്ല രീതിയില്‍ തന്നെ പേടിച്ച് മരിക്കാനും, അപകടത്തില്‍ പെടാനും ഉള്ള സംഭവങ്ങള്‍ കോട്ടയ്ക്കകത്തുണ്ട്. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് വീണാല്‍പ്പോലും തല ചെന്ന് കരിങ്കല്‍ പടവുകളിലോ, തൂണിലോ, തറയിലോ ഇടിക്കാനുള്ള സാധ്യത മിനിമം 60 ശതമാനമാണ്.
പകല്‍ പോലും കൃത്യമായ ഐഡിയ ഇല്ലാതെ, പൊളിഞ്ഞ് കിടക്കുന്ന ഭാഗങ്ങളിലൂടെ സാവധാനമല്ലാതെ നീങ്ങിയാല്‍, ഉറപ്പായും തലയും കുത്തി വീഴും. അപ്പോള്‍പ്പിന്നെ രാത്രിയിലെ ഇരുട്ടില്‍, ഒപ്പം പിന്നിലെ മലയില്‍ നിന്നുള്ള മൃഗങ്ങളുടെ പേടിപ്പെടുത്തുന്ന ശബ്ദം കൂടിയാകുമ്പോഴുള്ള മാനസികാവസ്ഥയുടെ കാര്യം പറയേണ്ടല്ലോ. ഇത്രയും നേരിട്ട് കണ്ട് ബോധ്യപ്പെട്ട കാര്യങ്ങളാണ്.
അവിടന്ന് പരിചയപ്പെട്ട ഒരു delhi based ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞ ചില കാര്യങ്ങള്‍ കൂടെ ഒപ്പം ചേര്‍ക്കുന്നു.
പണ്ട് കാലത്ത്, അതായത് Archaeological Survey of India ഏറ്റെടുക്കുന്നതിനൊക്കെ ഒരുപാട് മുന്‍പ് കള്ളന്മാരും, കൊള്ളസംഘങ്ങളും താവളമാക്കിയിരുന്ന ഒരു സ്ഥലമായിരുന്നു കോട്ട. ധാരാളം പേര്‍, പ്രത്യേകിച്ച് കച്ചവടസംഘങ്ങള്‍ യാത്ര ചെയ്യുന്ന ഡല്‍ഹി – ജൈപ്പൂര്‍ റൂട്ടിനടുത്തെ സ്ഥലമായത് കൊണ്ട്, യാത്രക്കാരെ ആക്രമിച്ച ശേഷം ഒളിക്കാനും, അവരെ തട്ടിക്കൊണ്ട് വന്ന് ഒളിപ്പിക്കാനും സാധിക്കുന്ന ഒരു രക്ഷാകേന്ദ്രം തന്നെയായിരുന്നു ഇത്.
പലപ്പോഴും ഈ സംഘങ്ങള്‍, അവരുടെ ഇരകളുടെ മൃതദേഹങ്ങള്‍ അതിനകത്ത് തന്നെ കുഴിച്ചിടുകയോ, രാത്രിയില്‍ മലയിരങ്ങി വരുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണമായി വിട്ട് കൊടുക്കുകയോ പതിവായിരുന്നു. അതൊക്കെ കൊണ്ടാകാം മൃതദേഹം പോലും ബാക്കി കിട്ടില്ല എന്ന കഥ വന്നത്.
ഒന്നുകില്‍ ഗ്രാമവാസികള്‍, കൊള്ളക്കാരെ ഭയപ്പെട്ടിരുന്നത് കൊണ്ട് ഇങ്ങനെ ഒരു കഥ ഉണ്ടാക്കുകയോ, അല്ലെങ്കില്‍ സത്യത്തെ മൂടി വയ്ക്കുകയോ ചെയ്തതാകാം. അല്ലെങ്കില്‍ കൊള്ളക്കാരില്‍ ഭൂരിഭാഗവും ആ ഗ്രാമവസികളോ, ഗ്രാമവുമായി ബന്ധമുള്ളവരോ ആകാം. ലോകപ്രശസ്തമായ തഗ്ഗുകളുടെ കൂട്ടം പോലെ ഒന്ന് ആ ഗ്രാമത്തിലും ഉണ്ടായിരുന്നിരിക്കാം.
2. ആറു മണിക്ക് ശേഷം അങ്ങോട്ട്‌ കടക്കാന്‍ സാധിക്കില്ല!!!
സത്യമാണ്, ആറു മണിക്ക് ശേഷം അങ്ങോട്ട്‌ കടക്കരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്ന ബോര്‍ഡും അവിടെ വച്ചിട്ടുണ്ട്.
പക്ഷെ ASIയുടെ കീഴിലുള്ള ഏതൊരു ടൂറിസ്റ്റ് കേന്ദ്രത്തിലും, പ്രത്യേകിച്ച് വനവുമായി അടുത്ത് നില്‍ക്കുന്ന കോട്ടകളിലോ, സ്മാരകങ്ങളിലോ പോയാല്‍ ഇങ്ങനെ ഒരു ബോര്‍ഡ് അവിടെയും കാണാം. അതൊരിക്കലും പ്രേതത്തെ ഭയന്നല്ല, പോകുന്നവരുടെയും, ആ സ്ഥലത്തിന്‍റെയും സുരക്ഷയെ കരുതിയാണ്.
പ്രത്യേകിച്ച് ബന്‍ഘട്ടിന്‍റെ കാര്യത്തില്‍, ഈ കോട്ട സ്ഥിതി ചെയ്യുന്നത് സാസ്രിക ദേശീയോദ്യാന‍ത്തില്‍ നിന്ന് കഷ്ടിച്ച് ഒന്നര മണിക്കൂര്‍ അകലെയാണ്. കടുവയും, ചെന്നായ്ക്കളും ഉള്ള ഒരു റിസര്‍വ് വനത്തിന് സമീപത്തായി, മരങ്ങളും, കുറ്റിക്കാടുകളും നിറഞ്ഞ്, പണ്ട് നിബിഡ വനമായിരുന്ന ഒരു കുന്നില്‍ ചെരിവില്‍ സ്ഥിതി ചെയ്യുന്ന കോട്ട എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാക്കാം അതിനകത്തേക്ക് രാത്രി ആളുകള്‍ കയറിയാല്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍.
ടൈഗര്‍ റിസര്‍വിന്‍റെ അടുത്തുള്ള മറ്റൊരു കോട്ടയായ കങ്ക്വാരി കോട്ടയില്‍, പകല് പോലും ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ നിയന്ത്രണങ്ങളുണ്ട്.
പിന്നെ കയറിയേ പറ്റൂ എന്നുള്ളവര്‍ക്ക് കാവല്‍ക്കാരെ സോപ്പിട്ടാല്‍ കോട്ടയ്ക്ക് അകത്ത് ഒരു പ്രശ്നവും കൂടാതെ കയറിപ്പറ്റാം. അതല്ലാതെ കയറണമെങ്കില്‍, ഒന്നുകില്‍ ചുറ്റിനടന്ന്, പൊളിഞ്ഞ കോട്ടമതിലിന്‍റെ ഭാഗങ്ങളോ, അല്ലെങ്കില്‍ മലകയറിയോ അകത്ത് കടക്കാം. അല്ലെങ്കില്‍ പകല്‍ കയറി അതിനകത്ത് എവിടെയെങ്കിലും ഒളിച്ചിരുന്നാലും മതി. വൈകീട്ട് ഗെയിറ്റ് അടയ്ക്കും മുന്‍പ് വിളിച്ചു ചോദിക്കുകയല്ലാതെ എല്ലായിടത്തും കാവല്‍ക്കാര്‍ വന്ന് നോക്കി ഉറപ്പ് വരുത്താറില്ല. പ്രധാന ഗേറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് സ്ഥിരം തുറന്ന്, അടയ്ക്കുന്നത്. അതിനാല്‍ ആ ഭാഗങ്ങള്‍ മാത്രമേ കാവല്‍ക്കാര്‍ സ്ഥിരമായി വന്നു പരിശോധിക്കൂ.
അങ്ങിനെ കയറിയ വീഡിയോകള്‍ നിരവധി യൂട്ടൂബില്‍ കാണാം.
https://www.youtube.com/watch?v=bc785afoJDM
3. നാട്ടുകാരെ കുറിച്ച് കേള്‍ക്കുന്ന കഥകള്‍!
നാട്ടുകാരെ കുറിച്ചുള്ള നിരവധി കഥകള്‍ കേട്ടാണ് ഞങ്ങള്‍ അങ്ങോട്ട്‌ പുറപ്പെട്ടത്. പ്രത്യേകിച്ച് അവരുടെ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു അധികവും.
പക്ഷെ നോര്‍ത്തിന്ത്യയില്‍, പ്രത്യേകിച്ച് രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ കാണാറുള്ള സാധാരണക്കാരെ തന്നെയാണ് അവിടെയും കണ്ടത്. ശരാശരി വിദ്യാഭ്യാസം മാത്രമുള്ള, പക്ഷെ ടൂറിസ്റ്റുകളോട് ഇടപഴകാന്‍ അറിയുന്ന, കോട്ടയെ കുറിച്ചുള്ള കഥകള്‍ പറഞ്ഞ് പേടിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നാട്ടുകാര്‍.
അമേരിക്കയിലെ, ഫ്ലോറിഡ കീയ്സിലെ മ്യൂസിയത്തില്‍ ഒരു പാവയുണ്ട്. പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന ആ പാവയെകുറിച്ച്, ആ പരിസരത്തെ ആരോട് ചോദിച്ചാലും നിറയെ വിശേഷങ്ങള്‍ അവര്‍ പങ്കുവയ്ക്കും. സത്യത്തില്‍ ആ പറയുന്നതൊക്കെ കഥകളാണെന്ന് അറിഞ്ഞ് തന്നെയാണ് അവരും ഇതൊക്കെ പറയുന്നത്. കാരണം ടൂറിസത്തില്‍ നിന്നുള്ള വരുമാനം തന്നെ. ആ ഒരു കാര്യം തന്നെ ഈ കോട്ടയെ കുറിച്ചും നമുക്ക് പറയാം, കാരണം ഇത് മാര്‍ക്കെറ്റ് ചെയ്യപ്പെടുന്നത് ഇന്ത്യയിലെ പ്രേതബാധിത പ്രദേശങ്ങളിലെ പ്രധാനിയായാണ്‌. അങ്ങിനെ കിട്ടിയ പോപ്പുലാരിറ്റി വച്ചാണ് കോട്ടയിലേക്ക് ടൂറിസ്റ്റുകള്‍ എത്തുന്നത്.
4. ഇതൊരു പ്രേതഭൂമിയാണ്! ശപിക്കപ്പെട്ട നഗരമാണ്.
തീര്‍ച്ചയായും ഇതൊരു പ്രേതഭൂമിയാണ്, ശപിക്കപ്പെട്ട നഗരമാണ്, വൈറ്റില ജങ്ങ്ഷന്‍ ആണ്, വീഗാലാണ്ട് ആണ്, ലുലു മാള്‍ ആണ്, അങ്ങിനെ പലതും ആണ്.
ശുദ്ധ നുണകളാണ് എല്ലാം. അതിനകത്ത് പ്രേതത്തെ കണ്ടു എന്ന വാര്‍ത്തകള്‍ നിരന്തരം വന്നതിനു ശേഷം ആജ് തക്ക് ചാനലും, ഗ്രിപ്പും (Ghost Research & Investigators of Paranormal) ഒരു രാത്രി മുഴുവനും അതിനകത്ത് ചിലവഴിച്ച് കഥകളൊക്കെ പൊളിച്ച് കൊടുത്തതാണ്.
ആറോ ഏഴോ അമ്പലങ്ങളാണ് കോട്ടയ്ക്കകത്ത് ഉള്ളത്. അതില്‍ മൂന്നിന്‍റെയെങ്കിലും പരിസരത്തായി ആള്‍താമസവും ഉണ്ട്. കോട്ടയ്ക്ക് ചുറ്റും ഉള്ള ഗ്രാമത്തില്‍ വലിയ പുരോഗതിയൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ഒരു ഹെല്‍ത്ത് സെന്‍റര്‍, സ്കൂള്‍, അത്യാവശ്യം കടകള്‍, ഹോട്ടലുകള്‍ ഒക്കെയുണ്ട്. പിന്നെ ഒഫീശ്യല്സ് വരുമ്പോള്‍ താമസിക്കാനായി ഒരു ഗസ്റ്റ് ഹൌസും ഉണ്ട്.
5. അകാരണമായി കോട്ടയ്ക്ക് ചുറ്റുമുള്ള കാലാവസ്ഥ പെട്ടെന്ന് മാറും!!!
സത്യമാണ്, പക്ഷെ അതില്‍ supernatural ആയി ഒന്നുമില്ല.
മലകളുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് ഇതിന്‍റെ കാരണം പെട്ടെന്ന് പിടികിട്ടും. കാരണം ചുറ്റുമുള്ള പ്രദേശങ്ങളെ വച്ച് നോക്കുമ്പോള്‍ മഴയും, തണലും ഏറെ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ് മലയുടെ ചെരിവുകള്‍. ധാരാളം മരങ്ങള്‍ ഉള്ള മലയാണെങ്കില്‍, മേലേക്കൂടെ ചുമ്മാ പോകുന്ന കാര്‍മേഖത്തെ പിടിച്ച് നിര്‍ത്തി, ഒന്ന് പെയ്യിച്ചിട്ടേ പറഞ്ഞ് വിടൂ. പിന്നെ കാറ്റിനെ തടഞ്ഞ് വഴി തിരിച്ച് വിടുന്നത് കൊണ്ട് ഊഷ്മാവില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
ഇനി ഞങ്ങളുടെ പരിപാടിയെ കുറിച്ച്.
അമിതാവേശം എന്നൊരു സാധനത്തിന്‍റെ പ്രശ്നം കാരണം, ഞങ്ങള്‍, അവിടെ ചില കുഴപ്പങ്ങളിലേക്ക് എത്തിപ്പെടുകയും, അങ്ങിനെ കോട്ടയുടെ അകത്ത് കടക്കാനുള്ള (രാത്രി) പെര്‍മിഷന്‍ ലഭിക്കാതെ പോവുകയും ചെയ്തു. അപ്പോഴേക്കും പ്രൊഡക്ഷനിലെ സ്വരചേര്‍ച്ചയില്ലായ്മ കാരണം UK ടീം, അവരുടെ പ്രോജക്റ്റ് മറ്റൊരു ടീമിനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിയെന്നാണ് വിവരം. എന്തായാലും അവര്‍ക്ക് ആ പരിപാടി പിന്നീട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഇവര്‍ വരുന്നതിനും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന ഒരു ടീം, അതും UK ന്നെ, കോട്ടയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന നിലപാടില്‍ അവരുടെ സൈറ്റില്‍ ഒരു വമ്പന്‍ റിപ്പോര്‍ട്ട് ഇട്ടിരുന്നതായി കേട്ടിരുന്നു. അതും കുറെ വീഡിയോസ് അടക്കം. പക്ഷെ അവരുടെ റിപ്പോര്‍ട്ടിന് വലിയ സ്വീകാര്യതയോ, വാര്‍ത്തയ്ക്ക് അത്ര പ്രാധാന്യമോ ലഭിച്ചില്ല. അതിന്‍റെ കാരണം ഭയങ്കര രസമാണ്.
ഈ ടീം, ഫ്രഞ്ച് വിപ്ലവകാലത്ത് കൊല്ലപ്പെട്ട ആളുകളുടെ ആത്മാക്കള്‍ ഉള്ള സ്ഥലത്ത് പോയി, അവരോട് സംസാരിച്ചതായി കാണിക്കുന്ന ഒരു പരിപാടി മുന്‍പ് ചെയ്തിരുന്നു, അതും ടീവിയില്‍.

നേരെ ആളുകളെ ഗില്ലറ്റിനില്‍ കയറ്റി തലവെട്ടി കൊന്നു എന്ന് പറയപ്പെടുന്ന ഒരു സ്ഥലത്തേക്ക് കയറിച്ചെന്ന്, emf meter പോലും വയ്ക്കാതെ കുറെ ലൈറ്റും, ഓഡിയോ റിക്കോര്‍ഡറും വച്ച് പ്രേതങ്ങളോടു സംസാരിക്കാന്‍ തുടങ്ങി. അതും നല്ല ഇംഗ്ലീഷില്‍. ആ ഒറ്റ എപ്പിസോഡ് കൊണ്ട് ടീവിക്കാര്‍ ബൈബൈ പറഞ്ഞതോടെ പിന്നീട് വെബ്സൈറ്റിലായിരുന്നു തള്ളുകള്‍ മുഴുവനും.