വൈക്കിങ്ങ് ഇതിഹാസങ്ങളിലെ മിന്നും നായകനായ റാഗ്നാര്‍ ലോത്ത്ബ്രോക്കിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ഇപ്പോള്‍ കുറവായിരിക്കും. ഹിസ്റ്ററി ചാനല്‍ നിര്‍മ്മിക്കുന്ന വൈക്കിങ്ങ് സീരീസിലെ പ്രധാന കഥാപാത്രമാണ് റാഗ്നാര്‍.
പക്ഷെ ഈ പോസ്റ്റ് റാഗ്നാറെ കുറിച്ചല്ല.
യൂറോപ്പിന്റെ ഒരു മൂലയ്ക്ക് മാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന വൈക്കിങ്ങ്സിനെ മുന്നില്‍ നിന്ന് നയിച്ച്, ബ്രിട്ടനെയും, ഫ്രാന്‍സിനെയും വരെ വിറപ്പിച്ച വീരനാണ് റാഗ്നാര്‍. പക്ഷെ അദ്ദേഹത്തിന്റെ മരണം, അത് വല്ലാത്തൊരു ദുരന്തമായിരുന്നു.
ഇംഗ്ലണ്ടിന്റെയും, സ്കോട്ട്ലണ്ടിന്റെയും ഭാഗങ്ങള്‍ ചേര്‍ന്ന, നോര്‍ത്തംബ്രിയ എന്ന രാജ്യവുമായിട്ടായിരുന്നു, റാഗ്നാറിന്റെ അവസാനത്തെ ഏറ്റുമുട്ടല്‍. യുദ്ധത്തില്‍ പരാജയപ്പെട്ട റാഗ്നാറിനെ, അവിടത്തെ രാജാവായ ഏയ്ല, വിഷപ്പാമ്പുകള്‍ നിറഞ്ഞ ഗര്ത്തത്തിലേക്കിട്ട്, ഇഞ്ചിഞ്ചായി വധിച്ചു.
ഒരു തണുത്ത പ്രദേശത്ത് എങ്ങിനെ ഇത്രയധികം വിഷപ്പാമ്പുകള്‍ വന്നു എന്ന് ചോദിക്കരുത്, കാരണം നോര്‍സ് ഇതിഹാസങ്ങള്‍ പലപ്പോഴും ചരിത്രത്തെ തഴുകി പോകാറേ ഒള്ളൂ. കൃത്യതയുടെ കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും കാണില്ല.
റാഗ്നാറുടെ മരണം, വൈക്കിങ്ങുകള്‍ക്ക് ഏല്‍പ്പിച്ച ആഘാദം ഒട്ടും ചെറുതായിരുന്നില്ല. പക്ഷെ ആ മരണത്തോടെ വൈക്കിങ്ങ് ഭീഷണി അവസാനിച്ചു എന്ന് കരുതിയിരുന്ന ശത്രുകള്ക്ക്, ശരിക്കുള്ള കഷ്ടകാലം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂ, റാഗ്നാറുടെ മക്കളുടെ രൂപത്തില്‍.
റാഗ്നാറിന്റെ നാല് ആണ്മക്കള് നയിച്ച ഗ്രേറ്റ് ഡാനിഷ് ആര്‍മി, കടല്‍ പോലെ നോര്ത്തംബ്രിയയിലേക്ക് ഇരച്ചെത്തി. യുദ്ധത്തില്‍ പരാജയപ്പെട്ട ഏയ്ലയെ, റാഗ്നാറിന്റെ മക്കള്‍ ജീവനോടെ പിടികൂടി എന്നാണ് അവരുടെ ഭാഗത്ത് നിന്നുള്ള കഥ. പക്ഷെ യോര്‍ക്ക് നഗരം പ്രതിരോധിക്കവേ, അദ്ദേഹം, യുദ്ധമുഖത്ത് തന്നെ മരിച്ചു വീണു എന്നാണ് ഇംഗ്ലീഷ് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിരിക്കുന്നത്.
പക്ഷെ വിഷയം ഇതൊന്നുമല്ല.
അച്ഛനെ ക്രൂരമായി കൊലചെയ്ത ഏയ്ലയോട്, അദ്ദേഹത്തിന്റെ മക്കള്‍ ചെയ്തതായി പറയപ്പെടുന്ന പ്രതികാരമാണ് നമ്മുടെ വിഷയം. ലോകം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ പീഡനമുറകളില്‍ ഒന്ന്. അതിനെ പീഡനമുറ എന്ന് വിളിക്കാന്‍ തന്നെ പറ്റില്ല, കാരണം, അത് തീരുന്നത് തന്നെ ആളുടെ ജീവനും എടുത്ത് കൊണ്ടാണ്.
ബ്ലഡ് ഈഗിള്‍. അതാണ് ഏയ്ലയ്ക്ക് റാഗ്നാറിന്റെ മക്കള്‍ വിധിച്ച ശിക്ഷ. ആളെ, അവര്‍, രക്തമൊഴുകുന്ന ഒരു പരുന്താക്കി മാറ്റും.
വിശദമായി പറയാം.
ആളെ കൈകാലുകള്‍ കെട്ടി, ഒരു തരി പോലും അനങ്ങാനാവത്ത വിധം കമഴ്ത്തിക്കിടത്തി, നട്ടെല്ലിന്റെ താഴെ നിന്ന് മുറിച്ച് തുടങ്ങും. നടുക്ക് നിന്ന് രണ്ടായി പിളര്‍ന്ന തൊലി, ഇരുഭാഗങ്ങളിലേക്കും, ചിറകുകള് പോലെ തുറന്നു വച്ചിട്ട്, വൈക്കിങ്ങുകളുടെ പ്രധാന ആയുധമായ മഴു കൊണ്ട്, വാരിയെല്ലുകള്‍ ഓരോന്നായി മുറിച്ചെടുക്കും.
ഇതെല്ലാം ജീവനോടെയാണ് ചെയ്യുക. ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് ഇര മരിക്കാതിരിക്കാന്‍, അവര്‍, അവരാല്ക്കഴിയുന്ന എന്തും ചെയ്യുമെന്ന് മാത്രമല്ല, വേദനയെ, അതിന്റെ പരമോന്നതിയില്‍ എത്തിക്കാനും, ആളുടെ ബോധം പോകാതിരിക്കാനുമായി, മുറിച്ചിടത്തെല്ലാം, ആവശ്യം പോലെ ഉപ്പും വാരിത്തേക്കും.
എല്ലുകള്‍ മുറിച്ച്, അതെല്ലാം പുറത്തേക്ക് വിടര്‍ത്തി വച്ച ശേഷമാണ് ശിക്ഷയുടെ ക്ലൈമാക്സ്. ഇപ്പോള്‍, ഇരയുടെ പുറത്ത്, ചോരയൊഴുകുന്ന രണ്ട് ചിറകുകള് വിരിച്ച് വച്ചിരിക്കുന്നത് പോലെ തോന്നും. ഇത്രയും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ആ ശരീരത്തിനകത്തേക്ക് കയ്യിട്ട്, ശ്വാസകോശം വലിച്ചെടുത്ത്, മടക്കിയ ചിറകുകള് പോലെ തോളിലേക്ക് കയറ്റി വയ്ക്കും. അപ്പോഴേക്കും ആളുടെ കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടുണ്ടാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ.
നോര്‍സ് യുദ്ധദേവനായ ഓഡിന് (തോറിന്റെ അപ്പന്) വേണ്ടി നടത്തുന്ന ബലിയാണ് ഇതെന്നും പറയപ്പെടുന്നുണ്ട്. യുദ്ധം ജയിച്ചതിന്റെ ഉപകാരസ്മരണാര്‍ത്ഥം.
അക്കാലത്ത് ബ്ലഡ് ഈഗിള്‍ എന്ന് കേട്ടാല്‍ മതി, ആളുകള്‍ ഗ്രാമങ്ങളും, നഗരങ്ങളും വിട്ടെറിഞ്ഞ് ഓടുമായിരുന്നു. അതിക്രൂരന്മാരായ വൈക്കിങ്ങുകളുടെ കയ്യില്‍പ്പെട്ടാല്‍ ഇതൊക്കെ തന്നെയായിരിക്കും വിധി എന്ന് എല്ലാവര്ക്കും നന്നായറിയാം.
എങ്കിലും ബ്ലഡ് ഈഗിള്‍ വളരെ അപൂര്‍വ്വമായി മാത്രമേ നടന്നിട്ടൊള്ളൂ എന്നാണ് നോര്‍സ് ഇതിഹാസങ്ങളില്‍ പറയുന്നത്. അതും, ഇരകളൊക്കെ രാജകുടുംബാംഗങ്ങളും. മരിച്ചവരെ കുറിച്ച്, അവരുടെ നാട്ടിലെഴുതിയ ചിത്രക്കുറിപ്പുകളിലാകട്ടെ, മരണകാരണങ്ങള്‍ വേറെ എന്തെങ്കിലും ആയിരിക്കും. പക്ഷെ അതിന്റെയൊക്കെ പിന്നില്‍ വൈക്കിങ്ങ്സിന്റെ കയ്യും ഉണ്ടായിരിക്കും എന്നത് ഗ്യാരണ്ടിയാണ്.
ചരിത്രത്തിന്റെ പിന്‍ബലമില്ലാത്തതിനാല്‍, ഇതൊക്കെ ശരിക്കും നടന്നിട്ടുണ്ടോ എന്ന സംശയമാണ് പല ചരിത്രകാരന്മാര്ക്കും. ബ്ലഡ് ഈഗിള്‍ ശരിക്കും നടന്നിട്ടുണ്ടോ? അതോ വെറും ഭാവനാസൃഷ്ടിയാണോ? എത്രയൊക്കെ പറഞ്ഞാലും പാടിപ്പുകഴ്ത്തുന്ന ഇതിഹാസങ്ങള്‍ അല്ലല്ലോ തെളിവുകള്‍ വച്ച് നിരത്തുന്ന ചരിത്രം.