Over 100 people died in the construction of the Hoover Dam. Of those, 96 are identified as official “industrial fatalities”.
അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്കുന്ന ജലസംഭരണിയാണ് ‘കോണ്‍ക്രീറ്റ് അത്ഭുതം’ എന്നറിയപ്പെടുന്ന ഹൂവര്‍ ഡാം. 1936ല്‍, അതിന്റെ പണി കഴിയുമ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം ആയിരുന്നു അത്.
അമേരിക്കയെ ശരിക്കും പിടിച്ചുലച്ച ഗ്രേറ്റ് ഡിപ്രഷന് എന്ന മാന്ദ്യകാലത്തായിരുന്നു ഡാം പണിയാന്‍ തുടങ്ങിയത്. മാന്ദ്യകാലമായത് കൊണ്ട്, അന്ന് ഡാം നിര്‍മ്മിക്കുന്നിടത്തേക്ക് രാജ്യത്തെമ്പാടും നിന്നുള്ള തൊഴിലാളികളുടെ വമ്പന്‍ ഒഴുക്കാണ് കണ്ടത്. തൊഴിലാളികള്‍ ഒറ്റയ്ക്കല്ല, അവരുടെ കുടുംബം അടക്കം വന്ന് അവിടെ കോളനികള്‍ കെട്ടി താമസിക്കാന്‍ തുടങ്ങി. സര്‍വേയര്‍മാരുടെയും, എഞ്ചിനീയര്‍മാരുടെയും ക്യാമ്പുകള്‍ക്ക് ചുറ്റുമായി, ആയിരങ്ങളാണ് താല്‍ക്കാലിക വീടുകള്‍ കെട്ടി കോളനികള്‍ പോലെ താമസമായത്.
അവര്‍ക്ക് വേണ്ടി അന്ന് വീടുകളും, റോഡുകളും, റെയില്‍വേ ലൈനും വരെ പണിയിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ബോള്‍ഡര്‍ സിറ്റി, ഇന്നും അവിടെത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ദിവസവും 3,500 പേര് എന്ന കണക്കില്‍, മൊത്തം 21,000 തൊഴിലാളികളാണ് ഡാം നിര്‍മ്മിക്കാനായി വേണ്ടി വന്നത്. മരിച്ചവരുടെ എണ്ണം ആകട്ടെ, 96 എന്നാണ് ഔദ്യോഗിക കണക്കെങ്കിലും, നൂറിലധികം പേര് മരിച്ചെന്നാണ് പരക്കെയുള്ള റിപ്പോര്‍ട്ട്.
ഒരുകാലത്ത് ഈ മരണങ്ങളുടെ പേരിലായിരുന്നു ഡാം പ്രശസ്തമായത്.
ഡാമിന്റെ നിര്‍മ്മാണം തുടങ്ങുന്നതിന്, വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ച ജെ ജി ടിയര്‍നി (J. G. Tierney) എന്ന സര്‍വേയറുടെ മരണമായിരുന്നു ആദ്യത്തേത്. ഡാമിനായി സ്ഥലത്തിന്റെ അളവെടുക്കുന്നതിനിടെ, വെള്ളത്തില്‍ വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. 1922, ഡിസംബര്‍ 20നായിരുന്നു അത്.
നിര്‍മ്മാണം തുടങ്ങിയ ശേഷം, കയറില്‍ തൂങ്ങിക്കിടന്ന് ഹൈറിസ്ക്ക് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികള്‍ക്കിടയില്‍, വീഴ്ചകളും, അപകടങ്ങളും, സ്ഥിരം സംഭവങ്ങള്‍ ആയിരുന്നു. അപ്പോള്‍പ്പിന്നെ മരണങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. ഈ റിസ്ക്ക് ജോലി കാണാന്‍ മാത്രം, ആയിരങ്ങളാണ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി, അങ്ങോട്ട് ഒഴുകിയെത്തിയിരുന്നത്.
മൂന്ന് ആത്മഹത്യകളാണ് അവിടെ നടന്നിട്ടുള്ളത്. ബാക്കിയെല്ലാം സൈറ്റിലെ വിവിധ അപകടങ്ങളില്‍ മരണപ്പെട്ട തൊഴിലാളികള്‍. സൈറ്റിലേക്ക് വന്ന സന്ദര്‍ശകരില്‍ ഒരാളും, അപകടത്തില്‍ പെട്ട് മരണച്ചിട്ടുണ്ട്.
ഇനി മരണങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കുന്ന കഥകളിലേക്ക്.
മരിച്ചവരില്‍ പലരെയും, ഡാമിന്റെ കോണ്‍ക്രീറ്റിനുള്ളിലാണ് അടക്കിയതെന്നാണ് ആദ്യം കേട്ട കിംവദന്തി.
പിന്നീട്, ഡാമിന് കേടുപാടുകള്‍ ഇല്ലാതിരിക്കാന്‍, നിരവധി പേരെ കോണ്‍ക്രീറ്റിനകത്ത് ജീവനോടെ പുതച്ചിട്ടുണ്ട് എന്ന വാര്‍ത്തയും പരന്നിരുന്നു.
ആ വാര്‍ത്ത ഇന്നും വിശ്വസിക്കുന്ന അനവധി പേരുണ്ട്, കാരണം, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍, ആളുകളെ, ജീവനോടെ അതിനൊപ്പം ചേര്‍ക്കുന്ന പരിപാടി പണ്ട് പല നാടുകളിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ജപ്പാനില്‍, അതിനെ അവിടെ Hitobashira എന്ന് പറയും. എന്തിന് പറയുന്നു, നമ്മുടെ പുനലൂര്‍ തൂക്ക് പാലത്തിനെ കുറിച്ച് വരെ ഇങ്ങനെയുള്ള കഥകള്‍ കേള്‍ക്കുന്നുണ്ട്.
എന്നാല്‍ അങ്ങിനെ ഒരു സംഭവം പോലും അവിടെ നടന്നിട്ടില്ല എന്നതാണ് പരമമായ സത്യം.
എങ്കിലും ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങളില്‍, കിംവദന്തികള്‍ക്ക് പിറകെ പോകുന്നതാണല്ലോ, പണ്ടുതൊട്ടേ ആളുകളുടെ ശീലം. പതുക്കെ മാത്രം വിവരം വച്ച് തുടങ്ങിയ അന്നത്തെക്കാലത്ത്, റിക്കോര്‍ഡ് അളവില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഡാം പണിയുമ്പോള്‍, അതിനെ താങ്ങി നിര്‍ത്താന്‍ അമാനുഷികമായി എന്തെങ്കിലും ഉണ്ടെന്ന് ചിലര്‍ കരുതിയെങ്കില്‍, അതിനെ തെറ്റ് പറയാന്‍ ഒക്കില്ല.
അവസാനമായി ഒരു രസകരമായ സത്യം പറഞ്ഞിട്ട് നിര്‍ത്താം.
ഡാമിലെ ആദ്യത്തെ മരണം നടന്ന അതേ ഡേറ്റില്‍ തന്നെയായിരുന്നു അവിടത്തെ അവസാനത്തെ മരണവും, മറ്റൊരു ഡിസംബര്‍ 20ന്. മരിച്ചതാകട്ടെ, ഒരു എലക്ട്രീഷ്യന്റെ സഹായിയും, പേര് പാട്രിക്ക് ടിയര്‍നി (Patrick Tierney). അന്ന് മരിച്ച സര്‍വേയര്‍ ജെ ജി ടിയര്‍നിയുടെ മകന്.
J G Tierny and Patrick Tierney |