The Martian Chronicles, Fahrenheit 451 പോലുള്ള കൃതികളിലൂടെ പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനും, തിരക്കഥാകൃത്തുമാണ് റേ ബ്രാഡ്ബറി.
നൂറ്റാണ്ടിലെ ഏറ്റവുമധികം വായിക്കപ്പെട്ട സാഹിത്യകാരന്മാരില്‍ ഒരാളായ അദ്ദേഹത്തെ, ‘മോഡേണ്‍ സയന്‍സ് ഫിക്ഷനെ, മുഖ്യധാരാ സാഹിത്യത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച എഴുത്തുകാരന്‍’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.
ചെറുപ്പത്തിലേ തന്നെ സാഹിത്യവാസന കാണിച്ചിരുന്ന അദ്ദേഹം, ഭാവിയില്‍ എഴുത്തിലേക്ക് തിരിയുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉറപ്പായിരുന്നു. പക്ഷെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാലം എന്നറിയപ്പെടുന്ന ‘ഗ്രേറ്റ് ഡിപ്രഷന്‍’ കാലത്ത്, വളരെയധികം കഷ്ടതകള്‍ സഹിച്ചാണ് അദ്ദേഹം വളര്‍ന്നിരുന്നത്. ആദ്യ എഴുത്തൊക്കെ ഇറച്ചി പൊതിഞ്ഞ് കൊണ്ടുവന്നിരുന്ന കടലാസുകളില്‍ ആയിരുന്നു.
ചെറുപ്പത്തില്‍ ചെറുകഥകള്‍ വായിച്ച് കൊടുത്തിരുന്ന ആന്‍റിയും, വളര്‍ന്നപ്പോള്‍ അന്വേഷിച്ച് കണ്ടെത്തിയ H. G Welles, Jules Verne, Edgar Rice Burroughs, Poe, പിന്നെ അദ്ദേഹം idol ആയി കണ്ടിരുന്ന Bob Olsen ഒക്കെയാണ്, ഉള്ളിലെ എഴുത്തുകാരനെ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത്. പക്ഷെ കൊടിയ ദാരിദ്ര്യം, അതപ്പോഴും ഡെമോക്ലസിന്‍റെ വാള് പോലെ, തലയ്ക്ക് മീതെ തൂങ്ങി നില്‍പ്പുണ്ടായിരുന്നു.
ഒടുക്കം നാട്ടില്‍ നില്‍ക്കാനാകാതെ, ബ്രാഡ്ബറി കുടുംബം, ലോസ് ആഞ്ചലസിലേക്ക് കുടിയേറുമ്പോള്‍, അദ്ദേഹത്തിന് പതിനാല് വയസ്സായിരുന്നു പ്രായം. വെറും നാല്‍പ്പത് ഡോളറും കയ്യില്‍പ്പിടിച്ചാണ്, അവര്‍, ആ വലിയ നഗരത്തിലേക്ക് വന്നെത്തുന്നത്. അച്ഛന് ജോലി കിട്ടുന്നത് വരെയുള്ള ഭക്ഷണവും, താമസവും എല്ലാം ഈ പണം കൊണ്ട് വേണം. ആയിടയ്ക്ക് തന്നെയാണ് എഴുത്ത് കൊണ്ടുള്ള ആദ്യ വരുമാനവും ലഭിക്കുന്നത്. അന്നത്തെ ഹിറ്റ് റേഡിയോ ഷോ ആയ Burns and Allen Showലെ, George Burnsന് വേണ്ടി എഴുതിയ ഒരു കോമഡി (കൌണ്ടര്‍) ആയിരുന്നു ആദ്യ paycheck നേടിക്കൊടുത്തത്. പിന്നീട് പതിനെട്ടാമത്തെ വയസ്സില്‍, അദ്ദേഹത്തിന്‍റെ ഒരു കഥയിലും അച്ചടിമഷി പുരണ്ടു.
ഫോറസ്റ്റ് ആക്കര്‍മാന്‍ നടത്തിയിരുന്ന ഒരു ഫാന്‍സിന്‍ (ലേബലുകള്‍ ഇല്ലാത്ത, കോമിക്സ്-സയന്‍സ് ഫിക്ഷന്‍ ഫാന്‍സ് സ്വയം പബ്ലിഷ് ചെയ്യുന്ന മാസിക/വാരിക) ആണ്, ആദ്യ കഥ പബ്ലിഷ് ചെയ്തത്. ഒപ്പം ബ്രാഡ്ബറിയുടെ സ്വന്തം ഫാന്‍സിനായ Futuria Fantasiaയുടെ നാല് ലക്കങ്ങള്‍ ഇറക്കാനും ആക്കര്‍മാന്‍ സഹായിച്ചു.
പിന്നീട് നിരവധി ഫാന്‍സിനുകളില്‍ കഥകള്‍ എഴുതി, പതുക്കെ നാടകരചനയിലേക്കും തിരിഞ്ഞ ബ്രാഡ്ബറി, 24ആം വയസ്സ് മുതല്‍ക്ക് എഴുത്ത് കൊണ്ട് വരുമാനം ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. 1947ല്‍ ആദ്യ ബുക്കായ Dark Carnival പബ്ലിഷ് ആയി.
കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയുടെ ലൈബ്രറിയില്‍ വച്ചാണ്, ബ്രാഡ്ബറിയുടെ എഴുത്ത് ജീവതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. അവിടെ വാടകയ്ക്ക് ലഭിക്കുന്ന ടൈപ്റൈറ്ററുകളില്‍ ഒന്നില്‍ രചിച്ച കഥയാണ് ‘The Fireman’. ബുക്കുകള്‍ തീയിട്ട് നശിപ്പിക്കുന്ന ഒരു തലമുറയുടെ കഥ പറയുന്ന ഫയര്‍മാന്‍ ആണ്, ഒന്നുകൂടെ വിശാലമാക്കി എഴുതി, Fahrenheit 451 എന്ന ഹിറ്റ് നോവലായി മാറുന്നത്.
മണിക്കൂറിന് പത്ത് സെന്‍റ് വാടക കൊടുത്ത് മൊത്തം പത്ത് ഡോളറില്‍ താഴെ ചിലവില്‍ തീര്‍ത്ത Fahrenheit 451ന് ശേഷം, അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അത്ര മാത്രം പ്രശസ്തിയും, അവാര്‍ഡുകളും ആണ് ആ നോവല്‍, ബ്രാഡ്ബറിക്ക് നേടിക്കൊടുത്തത്.
ഇനി അദ്ദേഹം വന്ന വഴിയിലേക്ക് ഒരു മടക്കം.
തന്‍റെ ഹൈസ്കൂള്‍ ബിരുദദാന ചടങ്ങിലേക്ക് ധരിക്കാന്‍ സ്വന്തമായി സൂട്ടില്ലാത്തതിനാല്‍, അമ്മാവന്‍റെ കടം വാങ്ങിയ സൂട്ടും ധരിച്ചാണ് ബ്രാഡ്ബറി അന്ന് ചെന്നത്. ആ സൂട്ടിലാകട്ടെ, കാണാവുന്ന ഭാഗത്ത് തന്നെ ഒരു തുളയും ഉണ്ടായിരുന്നു, ഒരു ബുള്ളറ്റ് ഹോള്‍. 1932ല്‍, ആ സൂട്ടും ധരിച്ച് പോകുന്ന വഴിക്ക് ഒരു കവര്‍ച്ചാ ശ്രമം എതിര്‍ക്കുമ്പോഴാണ് ബ്രാഡ്ബറിയുടെ അമ്മാവന്‍ ലെസ്റ്റര്‍ വെടിയേറ്റ് മരിക്കുന്നത്.
അത്തരം സാഹചര്യങ്ങളില്‍ നിന്ന് തളരാതെ വളര്‍ന്ന റേ ബ്രാഡ്ബറി, 2012ല്‍, മരണമടയുന്ന സമയം, മുപ്പത് മില്യണ്‍ ഡോളര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ആസ്തി. എമ്മി, പുലിറ്റ്സര്‍ അടക്കമുള്ള അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹത്തിന്‍റെ പേരില്‍ ഇന്ന് ഒരു ഛിന്നഗ്രഹം പോലുമുണ്ട്. നാസയുടെ ക്യൂരിയോസിറ്റി റോവര്‍, ചൊവ്വയില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ പേരും ബ്രാഡ്ബറി ലാണ്ടിംഗ് എന്നാണ്.a