മകനെ തല്ലിയ വിവരം അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അച്ഛനെ അറസ്റ്റ് ചെയ്തു

ഫ്ലോറിഡയിലെ വെസ്റ്റ്‌ പാം ബീച്ചിലാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ക്രിസ്റ്റഫര്‍ ഫ്രീമന്‍ എന്ന 27കാരന്‍റെ ഫോണിലേക്ക് ബിയര്‍ ലേക്സ് മിഡില്‍ സ്കൂളില്‍ പഠിക്കുന്ന തന്‍റെ മകന്‍റെ കോള്‍ എത്തുന്നത്.
“അദ്ധ്യാപകന്‍ എന്നെ തല്ലി, തള്ളിയിട്ടു….”
കണ്ണീരോടെ വീഡിയോ കോളില്‍ വിവരങ്ങള്‍ പറഞ്ഞ മകന്‍റെ മുഖം കണ്ടതും, ഒന്നും നോക്കാതെ, ക്രിസ്റ്റഫര്‍ ആ അദ്ധ്യാപകനെയും അന്വേഷിച്ച് ഇറങ്ങി. പക്ഷെ അയാള്‍ സ്കൂളിന്‍റെ പടി കയറുന്നത് കണ്ടതും, അവിടത്തെ സെക്യൂരിറ്റി, ഉടനടി സ്കൂള്‍ ലോക്ക്ഡൌണ്‍ ആക്കി, പോലീസിനെ വിവരമറിയിച്ചു.

കാരണം തന്‍റെ മകനെ തല്ലിയ അദ്ധ്യാപകനെയും അന്വേഷിച്ച് സ്കൂളിലേക്ക് കയറുമ്പോള്‍, ക്രിസ്റ്റഫറിന്‍റെ ദേഹത്ത് ഒരു AK47 കൂടെ ഉണ്ടായിരുന്നു. അത് കണ്ടിട്ടാണ്, സ്കൂള്‍ സെക്ക്യൂരിറ്റി അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. 
സ്കൂള്‍ വെടിവയ്പ്പുകള്‍ ഒരു പുതിയ കാര്യമല്ലാത്ത അമേരിക്കയില്‍, ഇത്തരം കുറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് നിലവിലുള്ളത്. 
‘തോക്ക് കയ്യിലുള്ള കാര്യം ഓര്‍ത്തില്ല, സ്കൂളില്‍ തോക്ക് കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ല’ എന്നൊക്കെയാണ് കസ്റ്റഡിയില്‍ വച്ച് ക്രിസ്റ്റഫര്‍ പറഞ്ഞത്. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍, ആള്‍, ഏതാണ്ട് കുറ്റം സമ്മതിച്ചു.
“വീഡിയോ കോളിനിടെ, മകനെ, മുതിര്‍ന്ന ആരോ, പിടിച്ച് വലിച്ച് കൊണ്ടുപോകുന്നതാണ് അവസാനമായി കണ്ടത്. അങ്ങിനെയാണ്, ഒന്നും ഓര്‍ക്കാതെ ഓടി ഇങ്ങോട്ട് വന്നത്.”
സംഭവത്തെക്കുറിച്ച് സ്കൂളിന്‍റെ ഭാഗത്ത് നിന്നുള്ള വിശധീകരണങ്ങള്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.
2018ല്‍, അമേരിക്കയെ മൊത്തത്തില്‍ നടുക്കിയ ഒരു സംഭവമായിരുന്നു ഫ്ലോറിഡയിലെ സ്റ്റോണ്‍മാന്‍ ഹൈസ്കൂള്‍ ഷൂട്ടിങ്ങ്. 


പതിനേഴ് വിദ്യാര്‍ഥികളുടെ ജീവനെടുത്ത, അത്ര തന്നെ ആളുകളെ മാരകമായി മുറിവേല്‍പ്പിച്ച ഈ ഷൂട്ടിങ്ങ് നടന്ന സ്കൂളില്‍ നിന്ന്, ക്രിസ്റ്റഫറുടെ മകന്‍ പഠിക്കുന്ന സ്കൂളിലേക്കുള്ള ദൂരം, വെറും നാല്‍പ്പത് മിനിറ്റ് മാത്രമാണ്.