സമൂഹത്തില്‍ നിന്ന് തൂത്തെറിയപ്പെടേണ്ട ആചാരങ്ങളും, നിയമങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഓര്‍മ്മിക്കേണ്ട ഒരു സംഭവമാണ് സുനന്ദ കുമാരിരത്തനയുടെ ദാരുണാന്ത്യം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാം (Thailand) വാണിരുന്ന രാമ അഞ്ചാമന്റെ രാജ്ഞിയായിരുന്നു സുനന്ദ കുമാരിരത്തന. സിയാമിനെ ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് കൈ പിടിച്ച് കയറ്റാന്‍ മുന്‍പന്തിയില്‍ നിന്ന Mongkut എന്ന രാമ നാലാമന് രാജാവിന്റെ മകള്‍.
ഒരിക്കല്‍ രാജകുടുംബത്തിന്റെ വേനല്‍ക്കാല വസതിയായ ബാംഗ് പാ കൊട്ടാരത്തിലേക്ക് പോവുകയായിരുന്നു രാജ്ഞിയും, ഒന്നര വയസ്സായ മകള്‍ കര്ണബോണ് ബേജരത്തന രാജകുമാരിയും. സിയാമിലെ ഏറ്റവും വലിയ നദിയായ ചാഓ പ്രായ കടന്ന് വേണം അങ്ങോട്ട് പോകാന്‍.
രാജ്ഞിയെയും മകളെയും പ്രത്യേകം അലങ്കരിച്ച ബോട്ടിലാക്കി, ഏതാനും അംഗരക്ഷകരെയും കൂടെ നിര്‍ത്തി, ബാക്കിയുള്ളവര്‍ കയറിയ വലിയ ബോട്ടുമായി ബന്ധിച്ച്, കെട്ടിവലിച്ചാണ് കൊണ്ട് പോയിരുന്നത്. ഏറ്റവുമടുത്ത പരിചാരികര്‍ അല്ലാതെ സ്വന്തം അംഗരക്ഷകര്‍ ആണെങ്കില്‍പ്പോലും, രാജ്ഞി ആവശ്യപ്പെടാതെ മുന്നില്‍ വന്ന് നില്ക്കാന് പാടില്ല. അതിനാലാണ് അവര്‍ക്ക് മാത്രമായി പ്രത്യേകം ബോട്ട് ഒക്കെ ഉള്ളത്.
കഷ്ടകാലമെന്ന് പറയാം. ബോട്ടുകള്‍ രണ്ടും നദിയുടെ മദ്ധ്യത്തിലേക്ക് എത്തിയപ്പോള്‍, കനത്ത ഒഴുക്കില്‍പ്പെട്ട് രാജ്ഞിയുടെ ബോട്ട് തലകീഴായി മറിഞ്ഞു.
രാജ്ഞിയും, രാജകുമാരിയും നദിയില്‍ മുങ്ങിപ്പൊങ്ങുന്ന സമയം, അവരോടൊപ്പം വെള്ളത്തില്‍ വീണ അംഗരക്ഷകര്‍ വേഗം വലിയ ബോട്ടിലേക്ക് നീന്തിക്കയറി, നിസ്സഹായരായി ഈ കാഴ്ചയും കണ്ട് നില്‍ക്കുകയായിരുന്നു. വലിയ ബോട്ടിലുണ്ടായിരുന്ന, രാജ്ഞിയുടെ സംരക്ഷണ ചുമതലയുള്ള പ്രധാന അംഗരക്ഷകന് ആകട്ടെ, അവരുടെ ജീവന് രക്ഷിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല.
കാരണം, സിയാമില്‍ കാലങ്ങളായുള്ള നിയമം അനുസരിച്ച് രാജകുടുംബാംഗങ്ങളുടെ ദേഹത്ത് തൊടുന്നവര്‍ക്ക് ലഭിക്കുക മരണശിക്ഷയാണ്. അതിപ്പോ ഏത് സാഹചര്യത്തിലായാലും ശരി, ശിക്ഷ കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
മുഴുവന്‍ പരിവാരങ്ങളും നോക്കി നില്‍ക്കെ, ഗര്‍ഭിണിയായ സുനന്ദ കുമാരിരത്തനയുടെ വയറ്റിലെ കുഞ്ഞടക്കം, മൂന്ന് പേരാണ് മരണമടഞ്ഞത്. വെറും പത്തൊമ്പത് വയസ്സ് മാത്രമായിരുന്നു അന്ന് രാജ്ഞിയുടെ പ്രായം. പണ്ട് ആരൊക്കെയോ ഉണ്ടാക്കിയ നിയമം, മറ്റാരൊക്കെയോ വളച്ചൊടിച്ച് നിര്ഭന്ധമാക്കിയതിന്റെ ഇരകള്‍.
അവരുടെ ഭര്‍ത്താവായ രാമ അഞ്ചാമന് എന്ന ചുലാലോങ്ങ്കോണ്‍ രാജാവ് ഒരു പുരോഗമനവാദിയായിരുന്നു.
ഈ വിവരമറിഞ്ഞ ഉടനെ, അദ്ദേഹം അന്നുണ്ടായിരുന്ന മുഴുവന്‍ അംഗരക്ഷകരെയും തുറുങ്കിലടയ്ക്കാന്‍ ഉത്തരവിട്ടു (പ്രധാന അംഗരക്ഷകനെ മാത്രമാണെന്നും പറയപ്പെടുന്നു). ജെഫ്രി ഫൈന്‍സ്റ്റോണ്‍ രചിച്ച The Royal Families of South-East Asia എന്ന ബുക്ക് പ്രകാരം, അക്കാലത്തെ ഏഷ്യന്‍ രാജകുടുംബങ്ങളില്‍ വച്ച് ഏറ്റവും ചിലവേറിയ സംസ്കാരമായിരുന്നു അന്ന് സുനന്ദ കുമാരിക്കായി നടന്നത്. ബാംഗ് പാ കൊട്ടാരം പുതുക്കിപ്പണിത്, അവിടെ രാജ്ഞിക്കും മക്കള്‍ക്കുമായി ഒരു സ്മാരകവും പണിതിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷമാണോ എന്ന് അറിയില്ല, ആ നിയമം പിന്നെ അധിക കാലം നില നിന്നിട്ടില്ല. ഇത്തരം തൊട്ട്കൂടായ്മകള് ഒഴിവാക്കി, രാജകുടുംബാംഗങ്ങളെ ബഹുമാനിച്ചാല്‍ മാത്രം മതിയെന്ന് എഴുതപ്പെട്ടു. സിയാമില്‍ നിലനിന്നിരുന്ന അടിമത്ത്വത്തിനും, മറ്റു ചൂഷണങ്ങള്‍ക്കും തടയിട്ട്, സാമൂഹികപരമായും, ഭരണതലത്തിലും നിരവധി മാറ്റങ്ങള്‍ കൊണ്ട് വന്ന രാമ അഞ്ചാമന്, ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജാവെന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം തന്നെയാകണം ഈ മാറ്റത്തിന് പിന്നിലും.
രക്ഷിക്കാതിരുന്നതിന് പിന്നില്‍ മറ്റൊരു വിശ്വാസം കൂടിയുള്ളതായി കേള്‍ക്കുന്നുണ്ട്.
ചില നാടുകളില്‍, വെള്ളത്തില്‍ വീണവരെ രക്ഷിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. അങ്ങനെ രക്ഷിച്ചാല്‍ അത് വെള്ളത്തിലെ ദേവതകളെയും, ആത്മാക്കളെയും പ്രകൊപിപ്പിക്കും എന്നും, രക്ഷിച്ചയാള്‍ക്ക് നേരെ അവരുടെ ക്രോധം ഉയരുമെന്നുമാണ് പറയപ്പെടുന്നത്.
എന്തായാലും കാലഹരണപ്പെട്ട ആചാരങ്ങളും, വിശ്വാസങ്ങളും, നിയമങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി ജീവനുകളാണ് ഇപ്പോഴും അപഹരിക്കുന്നതെന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.