ദക്ഷിണാഫ്രിക്കയിൽ ഒരു വർഷത്തോളം കെഎഫ്‌സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരൻ അറസ്റ്റിൽ. കെഎഫ്‌സിയുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ് തൊഴിലാളികളെ അടക്കം പറഞ്ഞുപറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ക്വസ്ലുലുനറ്റൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയാണ് പിടിയിലായിരിക്കുന്നത്. ഓരോ ദിവസവും ഓരോ കെഎഫ്‌സി ഔട്‌ലെറ്റുകളിലേക്ക് കയറിച്ചെന്ന് തന്നെ കെഎഫ്‌സി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനായി അയച്ചിരിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വയറുനിറയെ ആഹാരം കഴിച്ചത്.
കെനിയൻ പത്രപ്രവർത്തകനായ ടെഡി യൂജിൻ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഈ രസകരമായ വാർത്ത നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയായിരുന്നു. ഇത്രയും കാലം ഒരു ആഗോള ഭീമനെ പറ്റിച്ചത് നിസ്സാര കാര്യമല്ലെന്ന തിരിച്ചറിവില്‍ ട്വിറ്ററില്‍ ഇയാള്‍ക്ക് ഇപ്പോള്‍ ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്.