This Vending Machine Takes Bottles And Gives Food To Stray Dogs In Istambul
മനുഷ്യരുടെ അത്ര തന്നെ തെരുവുനായ്ക്കള്‍ ഉള്ള നഗരമാണ് ഇസ്താംബൂള്‍.
പക്ഷെ സാധാരണ ജനങ്ങളെ പോലെ, തെരുവുനായ്ക്കളെ, ഒരു ശല്യമോ, ഭീഷണിയോ ആയിട്ടല്ല, നഗരത്തിന്റെ ഒരു ഭാഗമായി തന്നെയാണ് അവിടത്തെ ജനങ്ങള്‍ കാണുന്നത്. അതുകൊണ്ട് തെരുവുനായ പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും വഴി നോക്കിയാല്‍, അതിനെതിരെ വലിയ എതിര്‍പ്പായിരിക്കും ഉയര്‍ന്നു വരിക. നായ്ക്കള്‍ മാത്രമല്ല, പൂച്ചകളും അവര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍, ‘നഗരത്തെ വീടെന്ന് വിളിക്കാന്‍ എല്ലാ അവകാശവും ഉള്ളവര്‍.’
പക്ഷെ അവയുടെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല.
അനൌദ്യോഗിക കണക്കുകള്‍ പ്രകാരം രണ്ട് ലക്ഷത്തോളം തെരുവ് നായ്ക്കളാണ് ഇസ്താംബൂളില്‍ ഉള്ളത്. ഇവയെല്ലാറ്റിനും കൂടെ, ദിവസവും നല്ലൊരളവ് ഭക്ഷണം വേണ്ടിവരുമെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. ഭക്ഷണം കിട്ടാതെ വരുമ്പോള്‍, നായ്ക്കള്‍ അവയുടെ ‘തനി സ്വഭാവം’ പുറത്തെടുക്കാനും സാധ്യതയുമുണ്ട്. കിട്ടുന്ന ഭക്ഷണമാവട്ടെ, എത്രത്തോളം ആരോഗ്യകരമായിരിക്കും എന്ന് പറയാനും കഴിയില്ല.
ഈ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് Pugedon എന്നൊരു കമ്പനി, വിപ്ലവകരമായ ഒരു ഐഡിയ അവതരിപ്പിക്കുന്നത്; നായ്ക്കള്‍ക്ക് വേണ്ടി ഒരു വെന്‍ഡിങ്ങ് മെഷീന്.
നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍, മിട്ടായി, സിഗരറ്റ്, കാപ്പി, എന്നിങ്ങനെയുള്ളവ, ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലാതെ, ATM മോഡലില്‍ വാങ്ങിക്കാവുന്ന ഉപകരണങ്ങളെയാണ് വെന്‍ഡിങ്ങ് മെഷീനുകള്‍ എന്ന് വിളിക്കുന്നത്. അത്തരത്തില്‍ നായ്ക്കള്‍ക്ക് വേണ്ടി, അവയ്ക്ക് ഭക്ഷണം നല്‍കാനായി അവതരിപ്പിച്ച മഷീനിന്റെ പേരാണ് Pugedo Smart Recycling Box
ഒരു ഫ്രിഡ്ജിന്റെ വലുപ്പമേ ഒള്ളൂ സാധനത്തിന്.
നായ്ക്കള്‍ക്ക് കഴിക്കാന്‍ സുഖത്തിനായി, താഴെ ഒരു വിന്‍ഡോയും, അതിനകത്ത് രണ്ട് ബൌളും ഉണ്ട്. ഒന്നില്‍ ഡോഗ് ഫുഡും, മറ്റേതില്‍ വെള്ളവുമാണ് നിറയ്ക്കുക. ആര്‍ക്ക് വേണമെങ്കിലും, മഷീന് പ്രവര്‍ത്തിപ്പിച്ച്, നായ്ക്കള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാം. ഓരോ തവണ പ്രവര്‍ത്തിപ്പിക്കുമ്പോഴും, നിശ്ചിത അളവിലുള്ള ഭക്ഷണം, ബൌളില്‍ വന്ന് നിറയും.
പക്ഷെ ഒരു പ്രധാന വ്യത്യാസം കൂടിയുണ്ട്. ഭക്ഷണം വാങ്ങാനായി മഷീന് പണം നല്‍കിയിട്ട് കാര്യമില്ല, അത് സ്വീകരിക്കില്ല. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി, ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളാണ് മഷീന് ‘കൂലിയായി’ സ്വീകരിക്കുക. അവ നേരെ, തൊട്ടടുത്തുള്ള റീസൈക്ലിങ്ങ് പ്ലാന്റിലേക്ക് പോകും.
Pugedo Smart Recycling Boxes are the perfect solution, they help boost recycling and feed stray dogs at the same time. When you deposit a water bottle into one of the Pugedon machines, it instantly dispenses dog food for the strays to come by and eat. There is also a water bowl you can fill up with any excess water in your bottles. -- Eathporm.com
മുന്‍സിപ്പാലിറ്റിക്കാണ് മഷീന് പരിപാലിക്കേണ്ട ചുമതലയുള്ളത്. ഭക്ഷണം തിരഞ്ഞെടുക്കുന്നതാകട്ടെ, ഒരു വെറ്റിനറി ഡോക്ടറുടെ മേല്‍നോട്ടത്തിലും. പൂര്‍ണ്ണമായും സൌരോര്‍ജ്ജത്തിലാണ് മഷീന് പ്രവര്‍ത്തിക്കുന്നത്. കൂടാതെ മാഷീന്റെ ബോഡിയില്‍ പരസ്യങ്ങള്‍ ചെയ്ത്, അതില്‍ നിന്നുള്ള വരുമാനവും വേറെ.
വന്‍ സ്വീകരണമാണ്, മഷീന്, ജനങ്ങളില്‍ നിന്ന് ലഭിച്ചത്.
കുട്ടികള്‍ പോലും, റോഡില്‍ കിടക്കുന്ന ബോട്ടിലുകള്‍ ശേഖരിച്ച്, കൊണ്ടുവന്ന് മഷീനില് നിക്ഷേപിക്കും. വൈകീട്ട് ആകുന്തോറും, അത്താഴത്തിനായി, നായ്ക്കളുടെ നീണ്ട നിരയാണ് മഷീന് മുന്നില്‍ കാണുകയെന്ന് ജര്‍മന്‍ ന്യൂസ് ഏജന്‍സിയായ ruptly റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതായത് നായ്ക്കള്ക്കിടയിലും സംഭവം ഹിറ്റ്.
2017ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 61 രാജ്യങ്ങളാണ് മഷീനില് താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. ഇവിടത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍, ഇന്ത്യ പോലൊരു രാജ്യത്ത് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന ഒരു സംഭവം തന്നെയാണ് ഈ വെന്‍ഡിങ്ങ് മഷീന്.