Dr. Leonid Rogozov – How a Soviet doctor cut out his own appendix in the Antarctic
1961, അന്ററാര്‍ട്ടിക്ക.
പുതുതായി പണിത റഷ്യന്‍ ബേസില്‍, ആ പന്ത്രണ്ട് മനുഷ്യര്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. പുറത്ത് അതിശക്തമായി വീശിയടിക്കുന്ന ശീതകാറ്റും, ഖനത്തില്‍ വര്‍ഷിക്കുന്ന മഞ്ഞും.
വേദന കടിച്ചമര്‍ത്തിക്കൊണ്ട് റോഗോസോവ് പുറത്തേക്ക് നോക്കി. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല. ഈ കാലാവസ്ഥയില്‍ പുറത്ത് നിന്ന് ഒരുതരത്തിലുള്ള സഹായവും ലഭിക്കില്ലെന്ന് മാത്രമല്ല, ക്യാമ്പില്‍ നിന്ന് പുറപ്പെടാന്‍ ശ്രമിച്ചാല്‍ നിമിഷ നേരം കൊണ്ട്, കാറ്റ് അവരുടെ ഹെലികോപ്ടര്‍ എടുത്ത് നിലത്തടിക്കും.
റഷ്യയുടെ ആറാമത്തെ അന്ററാര്‍ട്ടിക്കന്‍ പര്യവേഷണമായിരുന്നു അത്.
ഷിര്‍മാക്കര്‍ ഒയാസിസ് എന്നറിയപ്പെടുന്ന, 25 കിലോമീറ്റര്‍ നീളവും, മൂന്ന് കിലോമീറ്റര്‍ വീതിയുമുള്ള ഈ പീഠഭൂമി, ഒരു ധ്രുവ മരുപ്രദേശമായാണ് കണക്കാക്കപ്പെടുന്നത്. നൂറോളം ശുദ്ധജല തടാകങ്ങളുള്ള ആ പ്രദേശത്തായിരുന്നു, ഫെബ്രുവരി മാസത്തില്‍, അവരുടെ സ്റ്റേഷനായ Novolazarevskaya സ്ഥാപിച്ചത്.
മാര്‍ച്ചിലെ കൊടും ശീതകാലം കഴിഞ്ഞ് തിരികെ മടങ്ങാനായിരുന്നു പദ്ധതി. അതുവരേയ്ക്കും വേണ്ട സാധനങ്ങളും, സാമഗ്രികളും അവര്‍ സ്റ്റോക്ക് ചെയ്തതുമാണ്. മാര്‍ച്ച് കഴിഞ്ഞ് ഏപ്രില്‍ ആയപ്പോഴാണ് റോഗോസോവിന് ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങുന്നത്; ക്ഷീണം, തലകറക്കം, വയറിന്റെ വലതുഭാഗത്ത് അസഹനീയമായ വേദന. പ്രശ്നം എന്താണെന്ന് പകല്‍ പോലെ വ്യക്തമാണ്, acute appendicitis. ഓപ്പറേറ്റ് ചെയ്ത് അപ്പെന്‍ഡിക്സ് മുറിച്ച് കളയുക മാത്രമാണ് ഏക പോംവഴി. ടീമിലെ ഡോക്ടര്‍ക്ക് ഈസിയായി ചെയ്യാവുന്ന ഒരു പ്രോസീജ്യര്‍. പക്ഷെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല്‍, ഇരുപത്തിയേഴുകാരനായ ലിയോണിഡ് റോഗോസോവ് ആണ് ആ ടീമിലേക്കായി നിയോഗിക്കപ്പെട്ട ഏക സര്ജന്.
ഒന്നുകില്‍ സഹായത്തിന് വേണ്ടി കാത്തിരിക്കുക, പക്ഷെ ആറു മാസമെങ്കിലും കഴിയാതെ കപ്പല്‍ ഇനി അങ്ങോട്ടേക്ക് എത്തില്ല. എത്തിയാലും, കടല്‍ വഴി 36 ദിവസത്തെ യാത്രയുണ്ട് റഷ്യയിലേക്ക്. അതായത് കാത്തിരിക്കാന്‍ സമയവുമില്ല, കാത്തിരുന്നിട്ട് ഫലവുമില്ല.
അല്ലെങ്കില്‍ വിധിക്ക് കീഴടങ്ങുക. പക്ഷെ അങ്ങിനെ തോറ്റുകൊടുക്കാന്‍ റോഗോസോവ് തയ്യാറായിരുന്നില്ല. ഏറെ ആലോചനകള്‍ക്ക് ശേഷം, അപ്പെന്‍ഡിക്സ് സ്വയം മുറിച്ച് നീക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
അതൊട്ടും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല.
പക്ഷെ ഒന്നും ചെയ്യാതെ ആസന്നമായ മരണം കാത്തിരിക്കുന്നതിലും നല്ലതല്ലേ രക്ഷപെടാന്‍ ഒരു പഴുതെങ്കിലും ഉണ്ടോ എന്ന് നോക്കുന്നത്. അങ്ങിനെ റോഗോസോവ് മാനസികമായും, ശാരീരികമായും ഓപ്പറേഷനായി തയ്യാറെടുത്തു.
അപ്പോഴേക്കും അവരുടെ ബേസ് കമാണ്ടര്‍, ഓപ്പറേഷനായി മോസ്ക്കോയില്‍ നിന്നുള്ള അനുവാദവും വാങ്ങിച്ചിരുന്നു. ശീതയുദ്ധ സമയമായത് കൊണ്ട്, പര്യവേഷകരില്‍ ഒരാളുടെ മരണം, അതൊരു വലിയ തിരിച്ചടി തന്നെയായിരിക്കും.
റോഗോസോവ് വ്യക്തമായ പ്ലാനിങ്ങോടെയാണ് ഓപ്പറേഷന് തുടങ്ങിയത്.
വയര്‍ വ്യക്തമായി കാണുന്നതിന്, കണ്ണാടിയും, വിളക്കും കൊടുത്ത് രണ്ട് അസിസ്റ്റന്റ്മാരെ, വയറിനടുത്ത് തന്നെ നിര്‍ത്തിയിരുന്നു. എപ്പോഴെങ്കിലും ബോധം പോവുകയാണെങ്കില്‍, അഡ്രിനാലിന്‍ ഇന്ജക്ഷന് എടുക്കാനും, ശ്വാസം നിലയ്ക്കുകയാണെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ വെന്റിലേഷന് നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് അദ്ദേഹം ഓപ്പറേഷനിലേക്ക് കടന്നത്. പക്ഷെ തുടക്കം തൊട്ടേ വെല്ലുവിളികളായിരുന്നു.
ഓപ്പറേഷന് തൊട്ട് മുന്‍പ്, റോഗോസോവ് തന്റെ സഹപ്രവര്‍ത്തകരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍, അവര്‍ ധരിച്ച വെള്ള വസ്ത്രത്തെക്കാള്‍ വിളറിയിരിക്കുകയായിരുന്നു ആ മുഖങ്ങള്‍. അദ്ദേഹത്തിനും നല്ല ഭയമുണ്ടായിരുന്നു. പക്ഷെ സ്വയം സിറിഞ്ച് എടുത്ത്, അതില്‍ അനസ്തേഷ്യ ഡ്രഗ്ഗ് ആയ നോവോകെയിന്‍ നിറച്ച്, ഇന്‍ജക്ഷനെടുത്ത ശേഷം, പൂര്‍വ്വാധികം ഗൌരവത്തോടെ അദ്ദേഹം ഓപ്പറേഷനിലേക്ക് കടന്നു.
കഷ്ടകാലത്തിന് ലോക്കല്‍ അനസ്തേഷ്യയുടെ ആയുസ്സ്, വയര്‍ മുറിച്ച്, തുറക്കുന്നത് വരെ മാത്രമായിരുന്നു. ബാക്കിയെല്ലാം വേദന കടിച്ചമര്‍ത്തി ചെയ്യണം. ബോധം നഷ്ടപ്പെടാതിരിക്കാനായി അഞ്ച് മിനിറ്റ് ഓപ്പറേറ്റ് ചെയ്യുക, ഏതാനും നിമിഷങ്ങള്‍ വിശ്രമിക്കുക. ഇതായിരുന്നു രീതി. ഒപ്പം മുറിവിലൂടെ ഒലിച്ചിറങ്ങുന്ന രക്തവും തുടയ്ക്കണം. ഇതിനിടെ കണ്ണാടി അദ്ദേഹം ഉപേക്ഷിച്ചിരുന്നു, ചെയ്യുന്നതിന്റെ നേരെ ഓപ്പോസിറ്റ് കാണുന്നത് കണ്‍ഫ്യൂഷനും, കണ്ണിന് ആയാസവും ഉണ്ടാക്കുന്നതിനാല്‍, ബോധത്തെ അത് സാരമായി ബാധിക്കുന്നുണ്ടായിരുന്നു. കൈകള്‍ കൊണ്ട് തൊട്ടുനോക്കിയായിരുന്നു ബാക്കി ഓപ്പറേഷന്.
ഒടുവില്‍ നീണ്ട ഒരു മണിക്കൂറും, നാല്പത് മിനിട്ടുകളും കൊണ്ട്, അദ്ദേഹത്തിന്റെ കൈകള്‍ക്ക്, പെരിട്ടോണിയം കീറി, അപ്പെന്‍ഡിക്സിന്റെ അടുത്ത് എത്താനായി.
അപ്പോഴാണ് അടുത്ത പ്രശ്നം. പെരിട്ടോണിയം കീറുന്നതിനിടെ, വന്‍കുടലും, ചെറുകുടലും തമ്മില്‍ ബന്ധിപ്പിക്കുന്ന, ബ്ലൈന്‍ഡ് ഗട്ട് എന്ന ഭാഗം കൂടെ, അദ്ദേഹം അറിയാതെ മുറിച്ചു പോയി. അപ്പോഴേക്കും ബോധവും ആരോഗ്യവും ഏതാണ്ട് ക്ഷയിച്ച് തുടങ്ങിയിരുന്നു, ബ്ലീഡിങ്ങ് ആണെങ്കില്‍ നല്ലവണ്ണം ഉണ്ട് താനും. ഒരുവിധത്തില്‍ ആ മുറിവ് എങ്ങിനെയൊക്കെയോ തുന്നിച്ചേര്‍ത്തപ്പോഴേക്കും തല നേരെ നില്‍ക്കാത്ത അവസ്ഥയായി.
പക്ഷെ അപ്പന്‍ഡിക്സ് കയ്യിലേക്ക് എത്തിയപ്പോള്‍ കണ്ട കാഴ്ച, ആ ഒറ്റ കാഴ്ച്ചയില്‍ റോഗോസോവിന്റെ പോയ ബോധമെല്ലാം തിരികെയെത്തി.
അസിസ്റ്റന്റ് പിടിച്ച് കൊടുത്ത കണ്ണാടിയില്‍, റോഗോസോവ് തന്റെ അപ്പന്‍ഡിക്സ് വ്യക്തമായി കണ്ടു. അതില്‍ പടര്‍ന്ന് തുടങ്ങിയ ഇരുണ്ട കറയും. ഞെട്ടലോടെ റോഗോസോവ് ആ സത്യം മനസ്സിലാക്കി, ഈ ഓപ്പറേഷന് ഒരു ദിവസം കൂടെ വൈകിയിരുന്നെങ്കില്‍, അത് ചിലപ്പോള്‍ തന്റെ ജീവനും കൊണ്ട് പോയിരുന്നേനെ.
At the worst moment of removing the appendix I flagged: my heart seized up and noticeably slowed; my hands felt like rubber. Well, I thought, it’s going to end badly. And all that was left was removing the appendix … And then I realised that, basically, I was already saved.
അപ്പോഴേക്കും ഹൃദയമിടിപ്പ് അതിന്റെ പരമാവധിയിലേക്ക് എത്തിയിരുന്നു, കൈകള്‍ മരവിച്ച് റബ്ബര്‍ പോലെയായി. എല്ലാം അവസാനിക്കാന്‍ പോകുന്നു എന്ന ചിന്ത മനസ്സിലേക്ക് വന്നപ്പോഴാണ് അദ്ദേഹം ഓര്‍ത്തത്, ഇനി ഇത് കൂടെയേ ചെയ്യാന്‍ ഒള്ളൂ, ഈ ഒരു കാര്യം മാത്രം. പതുക്കെ റോഗോസോവ്, തന്റെ അപ്പന്‍ഡിക്സ് മുറിച്ചു നീക്കാന്‍ തുടങ്ങി. രണ്ട് മണിക്കൂര്‍ കൊണ്ട് ഓപ്പറേഷന് തീര്‍ത്ത്, അദ്ദേഹം തന്നെയാണ്, തന്റെ സ്റ്റിച്ചുകള്‍ ഇട്ടത്.
ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് പറഞ്ഞത് ഇങ്ങനെയാണ്:
“എത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, ഓപ്പറേഷന് നടക്കുന്ന സമയം മുഴുക്കെ ഡോക്ടര്‍ ശാന്തനായിരുന്നു. ഗ്ലൌസ് ധരിക്കാതെ, സ്വന്തം കൈ കൊണ്ട് തപ്പി, തടവിയാണ് ഓരോ കട്ടും, സ്റ്റിച്ചും വരെ, അദ്ദേഹം പൂര്‍ത്തിയാക്കിയത്. ആവശ്യപ്പെടുമ്പോള്‍ മാത്രം, നോക്കി ഉറപ്പ് വരുത്താനായി ഞങ്ങള്‍ കണ്ണാടി പിടിച്ച് കൊടുക്കും. ഇടയ്ക്കിടെ തല ചുറ്റുന്നു എന്ന് തോന്നുമ്പോള്‍ അല്പനേരം മാത്രം വിശ്രമിക്കും. ശേഷം പൂര്‍വ്വാധികം ഊര്‍ജ്ജത്തോടെ സര്‍ജറി തുടരും. സര്‍ജിക്കല്‍ ഉപകരണങ്ങളും, മുറിയും വൃത്തിയാക്കിച്ച ശേഷം മാത്രമാണ് അദ്ദേഹം ആന്റിബയോട്ടിക്കും, ഉറക്കത്തിനുള്ള മരുന്നും കഴിച്ച് കിടക്കാന്‍ തയ്യാറായത്.
ഓപ്പറേഷന് കഴിഞ്ഞ് രണ്ടാഴ്ചകള്‍ക്ക് ശേഷം, റോഗോസോവ് ഡ്യൂട്ടിക്ക് തിരിച്ച് കയറി. മാസങ്ങള്‍ക്ക് ശേഷം അവര്‍ മോസ്ക്കോയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വമ്പന്‍ സ്വീകരണമാണ്, അവിടെ, അദ്ദേഹത്തെ കാത്തിരുന്നത്.
റോഗോസോവ് ഓപ്പറേഷന് നടത്തുന്നതിനും ഏതാനും ആഴ്ട്ച്ചകള്‍ക്ക് മുന്‍പാണ്, ബഹിരാകാശത്തേക്ക് ആദ്യത്തെ മനുഷ്യന് എത്തുന്നത്, റഷ്യക്കാരനായ യൂറി ഗാഗറിന്. ഗാഗറിനോടൊപ്പം റോഗോസോവും, റഷ്യയുടെ അഭിമാനമായി വാഴ്ത്തപ്പെട്ട്, Order of the Red Banner of Labour മെഡലും അദ്ദേഹത്തിന് സമ്മാനിച്ചു. പക്ഷെ ഇതിലൊന്നും താല്പര്യമില്ലാതിരുന്ന റോഗോസോവ്, വന്നതിന്റെ പിറ്റേന്ന് തന്നെ, തന്റെ പഴയ ആശുപത്രിയില്‍ റീജോയിന്‍ ചെയ്ത്, ഡ്യൂട്ടി തുടര്‍ന്നു.
അന്റ്റാര്‍ട്ടിക്ക പോലൊരു സ്ഥലത്ത് വച്ച് അപ്പെന്‍ഡിക്സിന്റെ പ്രശ്നം വന്നാല്‍, കാലുകള്‍ മടക്കി, കാല്‍മുട്ട് നെഞ്ചിലമര്‍ത്തി ഇരിക്കണമെന്നാണ് അറുപതുകളിലെ ചില മെഡിക്കല്‍ സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. ഈ അവസ്ഥയില്‍ അപ്പെന്‍ഡിക്സ് പൊട്ടിയാലും, അത് പെരിട്ടോണിയത്തെ ബാധിക്കാതെ, മുഴുവന്‍ പഴുപ്പും (pus) ഇടുപ്പിലേക്ക് ഒഴുകിയിറങ്ങാനാണ് സാധ്യത. ഈ ഒരു വഴിയല്ലാതെ ഒരിക്കലും സ്വയം ഓപ്പറേറ്റ് ചെയ്യല്‍, ഒരു മെഡിക്കല്‍ സ്കൂളും പ്രോത്സാഹിപ്പിച്ചിട്ടില്ല. കാരണം അത് വിജയിക്കാനുള്ള സാധ്യത കുറവായത് കൊണ്ട് തന്നെയാണ്. ഈ അവസരത്തിലാണ് റോഗോസോവ് പ്രോസീജ്യര്‍ ഹിറ്റാവുന്നതും, അത് റഫറന്‍സ് എടുത്ത് പല മേഖലകളിലും ഉള്ള ആളുകള്‍ക്ക് ഉപകാരപ്പെടാനായി പരിശീലിപ്പിക്കണമെന്നും ഉള്ള വാദം, പല കോണുകളില്‍ നിന്നായി ഉയര്‍ന്നത്.
പക്ഷെ ഇന്നും സെല്‍ഫ് സര്‍ജറി പോയിട്ട് സെല്‍ഫ് മെഡിക്കേഷന്‍ പോലും, ഒരു മെഡിക്കല്‍ സ്കൂളും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അതിന്റെ റിസ്ക് അത്രമാത്രം വലുതാണ്. ഈ ഒരു സംഭവത്തിന് ശേഷം, ഇന്ന് പല രാജ്യങ്ങളും, അപ്പെന്‍ഡിക്സ് മുറിച്ച് മാറ്റിയതിന് ശേഷമേ അന്റ്റാര്‍ട്ടിക്കയിലേക്ക് ഡോക്ടര്‍മാരെ വിടൂ.
2000ല്‍ സെന്റ് പീറ്റര്‍സ് ബര്‍ഗില്‍ വച്ചാണ് റോഗോസോവ് മരണമടയുന്നത്.
“നമ്മള് ഏത് പ്രതികൂല സാഹചര്യത്തില്‍ അകപ്പെട്ടാലും, എത്ര വലിയ പ്രശ്നത്തിനകത്തായാലും, എന്തൊക്കെ നമുക്കെതിരെ വന്ന് നിന്നാലും, ഒരിക്കലും ധൈര്യം മാത്രം കൈവിടരുത്. സ്വന്തം കഴിവില്‍ വിശ്വസിക്കുക, ജീവന് വേണ്ടി പൊരുതുക.”
“If you find yourself in a seemingly desperate situation when all the odds are against you. Even if you are in the middle of the most hostile environment, do not give up. Believe in yourself and fight, fight for life.”
റോഗോസോവിന്റെ മകന് വ്ളാദിസ്ലാവ്, അച്ഛനില്‍ നിന്ന് ഉള്‍ക്കൊണ്ട് പറഞ്ഞ വാക്കുകളാണ്.