When his sister committed suicide after a failed relationship, one man vowed revenge against Henry Ziegland, the man who’d broken her heart. He shot at Ziegland but missed, and the bullet lodged in a nearby tree.
ലോകത്തിലെ ഏറ്റവും നിര്ഭാഗ്യവാന്മാരില് ഒരാളുടെ കഥയാണ് പറയാന്‍ പോകുന്നത്.
ഹെന്റി സീഗ്ലെന്റ് എന്നയാളാണ് നമ്മുടെ കഥയിലെ നായകനും, വില്ലനും എല്ലാം. 1893ല്‍, ടെക്സാസിലെ, ഹണി ഗ്രോവ് എന്ന സ്ഥലത്താണ് ഈ സംഭവം നടക്കുന്നത്.
നാട്ടിലെ അറിയപ്പെടുന്ന റോമിയോ ആയ ഹെന്റി, തന്റെ ഏറെക്കാലത്തെ കാമുകിയുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം, എന്തോ കാരണങ്ങളാല്‍ അതില്‍ നിന്ന് പിന്മാറി. പിന്മാറ്റത്തിന്റെ കാരണം കൊണ്ടോ, തന്റെ അഭിമാനത്തിനേറ്റ ക്ഷതം കൊണ്ടോ, ആ പാവം പെണ്‍കുട്ടിക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ക്കുള്ളില്‍, വിഷമം സഹിക്കവയ്യാതെ അവള് ജീവനൊടുക്കി.
മരണ വാര്‍ത്തയറിഞ്ഞിട്ടും ഹെന്റി വല്യ കുലുക്കമൊന്നും കാണിച്ചില്ലെന്ന് മാത്രമല്ല, തന്റെ ജീവിതം പഴയതിനേക്കാള്‍ സുഖകരമായി തുടരുകയാണ് ചെയ്തത്. പക്ഷെ കാമുകിയുടെ കുടുംബത്തിന്, പ്രത്യേകിച്ച് അവളുടെ സഹോദരന് ഇത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
അങ്ങിനെ ഒരു ദിവസം, തന്റെ സഹോദരിയുടെ മരണത്തിന് പ്രതികാരം ചോദിയ്ക്കാന്‍ അയാള്‍ പുറപ്പെട്ടു.
തോക്കുമായി ഹെന്റിയുടെ വീടിന് മുന്നിലേക്ക് എത്തിയപ്പോള്‍, ഹെന്റി അവിടെ പുറത്ത് നില്ക്കുന്നുണ്ടായിരുന്നു. സമയം ഒട്ടും പാഴാക്കാതെ, അയാള്‍, തന്റെ പിസ്റ്റള്‍, ഹെന്റിയുടെ തലയ്ക്ക് നേരെ നീട്ടി കാഞ്ചി വലിച്ചു. ഹെന്റി വെടിയേറ്റ് നിലംപതിക്കുകയും ചെയ്തു.
ഹെന്റിയെ വധിച്ച്, തന്റെ സഹോദരിക്ക് സംഭവിച്ച നീതികേടിന് മറുപടി കൊടുത്തിട്ട് വന്ന ആ സഹോദരന്, വീട്ടില്‍ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ഒരു മരണത്തിന്റെ ഷോക്കില്‍ നിന്നിരുന്ന അവര്‍ക്ക്, ഈ കൊലപാതകം, അതിനെക്കാള്‍ വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. കുറ്റബോധം സഹിക്കവയ്യാതെ, അയാള്‍ ആത്മഹത്യ ചെയ്തു.
പക്ഷെ ഹെന്റി മരിച്ചിരുന്നില്ല.
ആ വെടിയുണ്ട അയാളുടെ മുഖത്തില്‍ ഉരസിയാണ് കടന്നുപോയത്.
അത് ചെന്ന്, പിന്നിലെ ഒരു മരത്തില്‍ തറച്ച് കയറി. ഈ സംഭവത്തിന് ശേഷം ഹെന്റിയുടെ സ്വഭാവത്തിന് മാറ്റം വന്നോ എന്നറിയില്ല, പക്ഷെ ആ ബുള്ളറ്റ് കയറിയ മരത്തെ, അയാള്‍, നന്നായി വെറുത്തിരുന്നു എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്
സംഭവം കഴിഞ്ഞ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, 1913ലാണ് ഇതിന്റെ ട്വിസ്റ്റ് നടക്കുന്നത്.
ഒരു ദിവസം എന്തോ കാരണത്താല്‍, വീടിന് മുന്നിലെ ആ മരം, അവിടന്ന് ഒഴിവാക്കാന്‍ ഹെന്റി തീരുമാനിച്ചു. എന്നാല്‍ വെട്ടിയോ, മുറിച്ചോ അല്ല. ഡൈനാമിറ്റ് വച്ച് പൊട്ടിച്ചാണെന്ന് മാത്രം.
പലരും, അതൊരു മോശം പദ്ധതിയാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും, ഹെന്റി പിന്മാറിയില്ല. ഡൈനാമിറ്റ് ആവുമ്പോള്‍ പെട്ടെന്ന് ജോലി തീരുമെന്നതാണ് ഹെന്റി കണ്ട ഗുണം. അങ്ങിനെ മരത്തിന്റെ ഒരു സൈഡില്‍, നിരവധി ഡൈനാമിറ്റ് സ്റ്റിക്കുകള്‍ വച്ച് കെട്ടി, ആ മരത്തെ, കടയോടെ ഹെന്റി പിഴുതെറിഞ്ഞു.
പക്ഷെ പ്ലാനിങ്ങില്‍ ചെറിയൊരു പിഴവ് പറ്റി.
സ്ഫോടനത്തില്‍ പരിക്ക് പറ്റാതിരിക്കാന്‍, ഡൈനാമിറ്റ് വച്ചതിന്റെ എതിര്‍വശത്താണ് ഹെന്റി നിന്നതെങ്കിലും, സ്ഫോടനത്തില്‍ തെറിച്ച് വന്ന ഒരു കഷണം, ഹെന്റിയുടെ തലയില്‍ തുളച്ചു കയറി. അതിന്റെ ശക്തിയില്‍, നിന്നിടത്ത് നിന്ന് ഏതാനും അടി ദൂരെക്കാണ് ഹെന്റി തെറിച്ചു വീണത്.
ഉടനെ എല്ലാവരും, ഹെന്റിയെ പൊക്കിയെടുത്ത്, അടുത്തുള്ള ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഇതേ ഡോക്ടര്‍ തന്നെയാണ്, മുന്‍പ് ഹെന്റിക്ക് വെടിയേറ്റപ്പോള്‍ ചികിത്സിച്ചത്.
പക്ഷെ അവിടെത്തും മുന്‍പ് ഹെന്റി മരിച്ചിരുന്നു.
വെറുമൊരു മരക്കഷണം എങ്ങിനെ തലയില്‍ ഇത്ര ആഴത്തില്‍ തുളച്ചുകയറുമെന്നും, അക്കാരണത്താല്‍ എങ്ങിനെ ഒരാള്‍ മരിക്കും എന്ന് സംശയിച്ചിരുന്ന ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും മുന്നിലേക്ക്, ഡോക്ടര്‍, ഹെന്റിയുടെ തലയിലേക്ക് തുളച്ചുകയറിയ ആ കഷണം എടുത്ത് കാണിച്ചു.
അത്, മുന്‍പ് ഹെന്റിയുടെ ജീവനെടുക്കാതെ കടന്നുപോയ ആ വെടിയുണ്ടയായിരുന്നു. പുറപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ഇപ്പോള്‍ അത് ലക്ഷ്യസ്ഥാനത്തേക്ക് എത്തി തന്റെ കര്‍മ്മം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഉണ്ട തറച്ചതിന്റെ നേരയാണ് ഹെന്റി നിന്നിരുന്നത്. ഡൈനാമിറ്റ് വച്ച് പൊട്ടിച്ചതാകട്ടെ, അതിന്റെ എതിര്‍വശത്തും. കൃത്യം ഒരു തോക്കിന്റെ മെക്കാനിസം പോലെ പ്രവര്‍ത്തിച്ച സ്ഫോടനത്തില്‍, അത്രയും കാലം ആ മരത്തിന്റെ ഭാഗമായി നിന്നിരുന്ന ഉണ്ട, വീണ്ടും ഒരു വെടിയുണ്ടയായി മാറി, തന്റെ ജോലി തീര്‍ത്തു.
കാലം കാത്ത് വച്ച നീതി പോലെ.