Trading Cards വച്ച് കളിക്കാത്തവര്‍ ഇന്ന് വളരെ വിരളമായിരിക്കും.
Cricket Cards, WWE Superstar cards, Pokemon cards, Ben10 cards, Football cards അങ്ങിനെ ബബിള്‍ഗം മുതല്‍ ചിപ്സ് വാങ്ങുമ്പോള്‍ വരെ ഫ്രീ കിട്ടുന്നതും, കാശ് കൊടുത്ത് വാങ്ങാവുന്നതുമായ നിരവധി കാര്‍ഡുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു കാര്‍ഡ് സെറ്റിന്‍റെ കഥയാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്.
അതിന് മുന്‍പ്, ട്രേഡിംഗ് കാര്‍ഡുകളുടെ ചരിത്രം കൂടി ഒന്ന് നോക്കാം.
1886 മുതല്‍, അമേരിക്കയിലെ ചില സിഗരറ്റ് കമ്പനികളാണ്, സിഗരറ്റ് വാങ്ങുന്നവര്‍ക്ക് കാര്‍ഡുകള്‍ കൂടെ കൊടുക്കാന്‍ തുടങ്ങിയത്. പക്ഷെ അവ trading cards ആയിരുന്നില്ല, സിഗരറ്റിന്‍റെ പരസ്യം അടങ്ങുന്ന trade cards ആയിരുന്നു. കടലാസ് കൊണ്ടുള്ള സോഫ്റ്റ് പാക്കിനുള്ളില്‍, സിഗരറ്റ് പെട്ടെന്ന് കേട് വരുന്നത് കൊണ്ട്, ഒരു ബലത്തിന് വേണ്ടിയാണ്, കൂടെ കട്ടിക്കടലാസ് കൊണ്ടുള്ള കാര്‍ഡ് വയ്ക്കാന്‍ തുടങ്ങിയത്.
ആദ്യമൊക്കെ പരസ്യങ്ങള്‍ ആയിരുന്നെങ്കില്‍, പിന്നീട്, വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകള്‍ വരാന്‍ തുടങ്ങി, അതിനോടൊപ്പം കാര്‍ഡുകളുടെ പ്രചാരം കൂടാനും. അന്നൊക്കെ കടകള്‍ക്ക് മുന്നില്‍, സിഗരറ്റ് വാങ്ങുന്നവരോട് കാര്‍ഡ് ചോദിക്കാനായി, നിറയെ കുട്ടികള്‍ കാണുമായിരുന്നു,
Baseball ആണ് ട്രേഡിംഗ് കാര്‍ഡുകളില്‍ സാന്നിധ്യം അറിയിച്ച ആദ്യ കായിക ഇനം.
വളരെ പെട്ടെന്ന്, ബേസ്ബോള്‍ താരങ്ങളുടെ കാര്‍ഡുകള്‍ സൂപ്പര്‍ ഹിറ്റായി മാറി. 1933 മുതല്‍ ഗൌഡി ഗം കമ്പനി ഇറക്കിയ ബേസ്ബോള്‍ കാര്‍ഡുകളായിരുന്നു കൂട്ടത്തിലെ താരം. പിന്നീട് വന്ന ബോമന്‍, ടോപ്പ്സ് കാര്‍ഡുകളും ഹിറ്റായിരുന്നു. ടോപ്പ്സ് കമ്പനിയുടെ കാര്‍ഡുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.
നമ്മുടെ ബിഗ് ഫണ്‍, കാര്‍ഡുകള്‍ മാത്രം വച്ച് ഹിറ്റായ ഒരു ബബിള്‍ഗം കമ്പനിയാണ്. പിന്നീടാണ് സെന്‍റര്‍ ഫ്രഷ്, കാര്‍ഡ് കളിക്കാന്‍ ഇറങ്ങിയത്.
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.
1978ലാണ് ഈ സംഭവം നടക്കുന്നത്.
അന്ന് ന്യൂയോര്‍ക്കിലെ ഇര്‍വിംഗ്ട്ടണില്‍ താമസിച്ചിരുന്ന, മെലിസ്സ റിച്ച് എന്ന ഒന്‍പത്കാരിയുടെ കയ്യില്‍, ബേസ്ബോള്‍ കാര്‍ഡുകളുടെ നല്ലൊരു കളക്ഷന്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍, തന്‍റെ കാര്‍ഡുകള്‍ എടുത്ത് വയ്ക്കുന്നതിനിടെ, അവള്‍, അമ്മയോട് ചോദിച്ചു.
“എന്തുകൊണ്ടാണ് ഈ കാര്‍ഡുകളില്‍ ഒന്നിലും സ്ത്രീകള്‍ ഇല്ലാത്തത്?”
അമ്മ ലുയീസിന്, ആ ചോദ്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം പെട്ടെന്ന് മനസിലായില്ല. പക്ഷെ ഒന്ന് ആലോചിച്ചപ്പോള്‍ അവര്‍ക്കും തോന്നി;
‘ഒട്ടുമിക്ക മേഖലകളെയും പരിചയപ്പെടുത്തുന്ന കാര്‍ഡുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്, എല്ലാറ്റിലും പുരുഷന്മാരാണ് (ഭൂരിഭാഗവും) താരങ്ങള്‍. എന്തുകൊണ്ട് സ്ത്രീകളുടെ നേട്ടങ്ങളെ ഉള്‍പ്പെടുത്തി ആരും, കാര്‍ഡുകള്‍ ഇറക്കുന്നില്ല?’
ഒന്നുകൂടെ ചോദിച്ചാല്‍, അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളില്‍ എത്ര പേര്‍ പ്രശസ്തരാകുന്നുണ്ട്? പുരുഷന്മാരെപ്പോലെ പേരും, അംഗീകാരവും എത്ര സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്?
“പ്രശസ്തരായ എത്ര സ്ത്രീകളുടെ പേരുകള്‍ നിങ്ങള്‍ക്ക് പറയാനാകും?”
ടീച്ചറായ ലുയീസ്, തന്‍റെ വിദ്യാര്‍ഥികളോട് ചോദിച്ചു.
പക്ഷെ കിട്ടിയ മറുപടികള്‍ അമ്പരപ്പിക്കുന്നതായിരുന്നു. പലര്‍ക്കും അഞ്ച് പേരുകള്‍ തികച്ച് പറയാന്‍ പോലും കഴിഞ്ഞില്ല.
ഇതേ ചോദ്യം, ലുയീസ്, തന്‍റെ ചുറ്റുവട്ടത്തും, സുഹൃത്തുക്കള്‍ക്കിടയിലും ചോദിച്ചു. പലരുടെയും ഉത്തരം, പ്രസിഡന്‍റിന്‍റെ ഭാര്യമാരുടെ പേരുകളും, പതിവ് പോലെ സിനിമാ നടിമാരുടെ പേരുകളും ആയിരുന്നു.
മകളുടെ സംശയവും, അതിനെ തുടര്‍ന്നുണ്ടായ കണ്ടെത്തലുകളും, ലുയീസ്, തന്‍റെ സഹോദരി ബാര്‍ബറയുമായി പങ്കുവച്ചിരുന്നു. അങ്ങിനെ അവര്‍ രണ്ടാളും ചേര്‍ന്ന് മെലിസ്സയുടെ ചോദ്യത്തിന് കണ്ടെത്തിയ ഉത്തരമാണ് Supersisters trading cards. സ്ത്രീകളെ താരങ്ങളാക്കി, സ്ത്രീകള്‍ തന്നെ നിര്‍മ്മിക്കുന്ന കാര്‍ഡ് സെറ്റ്.
ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ചവരെയല്ല, എല്ലാ മേഖലകളിലും പേരെടുത്ത്, കുട്ടികള്‍ക്ക് മാതൃകയാകേണ്ടവര്‍ എന്ന് കരുതുവന്നവര്‍ക്കാണ്, കാര്‍ഡുകളില്‍ മുന്‍ഗണന നല്‍കിയത്. രണ്ട് പേരും ചേര്‍ന്നുണ്ടാക്കിയ ലിസ്റ്റ് പ്രകാരം, പ്രമുഖരായ അഞ്ഞൂറോളം സ്ത്രീകളെയാണ്, അവര്‍ കത്തിലൂടെ ബന്ധപ്പെട്ടത്.
ആദ്യം മറുപടി അയച്ചത്, ഒളിമ്പിക്ക് സ്കീയറായ സൂസി ചാഫിയാണ്, അവര്‍ തന്നെയാണ് കാര്‍ഡുകളില്‍ ഒന്നാമതും. പിന്നീട്, പ്രശസ്ത നരവംശശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് മീഡ്, സെനറ്റര്‍ മാര്‍ഗരറ്റ് സ്മിത്ത്, ആക്റ്റിവിസ്റ്റ് ബെല്ലാ അബ്സഗ്, ഗായികയും നടിയുമായ ഹെലെന്‍ റെഡി, പൈലറ്റായ ബോണി ടിബ്രൂസി, എഴുത്തുകാരി വിര്‍ജീനിയ ഹാമില്‍ട്ടന്‍, ടെന്നീസ് താരം റോസി കസാല്സ്, അങ്ങനെ പ്രമുഖരുടെ ഒരു ലോഡ് മറുപടികളാണ് അവരെ തേടി വന്നത്. ഒപ്പം ന്യൂയോര്‍ക്ക് സ്റ്റേറ്റ് എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഗ്രാണ്ടും.
Supersisters കാര്‍ഡ്സ്, ആദ്യ പ്രിന്‍റില്‍ അടിച്ച മൂവായിരം സെറ്റും ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റ് തീര്‍ന്നു. അടുത്ത പ്രിന്‍റില്‍ ആറായിരം സെറ്റാണ് അടിച്ചത്, പിന്നെ പതിനായിരം സെറ്റും. അപ്പോഴേക്കും, Supersisters രാജ്യം മുഴവനും സംസാരവിഷയമായി മാറിയിരുന്നു.
ബജറ്റ് പ്രശ്നങ്ങള്‍ കാരണം 72 കാര്‍ഡുകളുടെ സെറ്റ് ആണ്, അവര്‍ക്ക് ഇറക്കാനായത്. പക്ഷെ ആ ലിസ്റ്റ് ഒരു ഒന്നൊന്നര ലിസ്റ്റ് ആയിരുന്നു.
പുരുഷന്മാരുടെ എതിര്‍പ്പ് വകവയ്ക്കാതെ, ബോസ്റ്റന്‍ മാരത്തന്‍ ഓടിയ ആദ്യ വനിത, കാതറിന്‍ സ്വിറ്റ്സറെ കുറിച്ചും, വാഷിങ്ങ്ടന്‍ പോസ്റ്റ് പത്രത്തിന്‍റെ പബ്ലിഷര്‍ ഒരു സ്ത്രീയായ കാതറിന്‍ ഗ്രഹാം ആണെന്നും, സ്കൂളുകളിലും, കോളേജുകളിലും വില്‍പ്പന നടത്തിയ കാര്‍ഡുകളിലൂടെ, കുട്ടികളും, അവര്‍ വഴി മുതിര്‍ന്നവരും മനസ്സിലാക്കി. അത് തന്നെയായിരുന്നു അവരുടെ ഉദ്ദേശവും.
വ്യവസ്ഥിതിയുടെ പേരില്‍ അറിയപ്പെടാതെ, അറിയപ്പെട്ടാലും ചര്‍ച്ച ചെയ്യപ്പെടാതെ, പുരുഷന്മാരെ പോലെ സെലിബ്രിറ്റികളോ, റോള്‍ മോഡലുകളോ ആവാതെ പോയവരെ, ഇപ്പഴത്തെ തലമുറയ്ക്കും, ഇനി വരുന്ന തലമുറകള്‍ക്കുമായി പരിചയപ്പെടുത്തുക. അങ്ങിനെ സ്ത്രീകള്‍ സമൂഹത്തിനായി നല്‍കിയ സംഭാവനകളും, നടത്തിയ സേവനങ്ങളും, കുറെക്കൂടെ വിപുലമായ രീതിയില്‍ ചര്‍ച്ചാവിഷയമാവുക.
കാര്‍ഡുകളുടെ വിജയത്തെ തുടര്‍ന്ന്, ലുയീസും ബാര്‍ബറയും, അതിന്‍റെ രണ്ടാം സീരീസ് ഇറക്കാനുള്ള പദ്ധതികള്‍ തുടങ്ങി വച്ചതാണ്.
പക്ഷെ ജീവിതവും, ചുമതലകളും ഒരു സൈഡിലൂടെ പോകുമ്പോള്‍, രണ്ട് പേര്‍ക്കും, തനിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതകള്‍ ഉണ്ടല്ലോ. പിന്നെ ആദ്യത്തെ ആ ചൂടും, അപ്പോള്‍, അവര്‍ക്ക് ഇല്ലായിരുന്നു. പിന്നീട്, ഒരിക്കലും ഈ പ്രോജക്റ്റ് തുടരാനായില്ലെങ്കിലും, അവര്‍ എന്ത് ഉദ്ദേശിച്ചാണോ കാര്‍ഡ്സ് ഇറക്കിയത്, അത് അപ്പോഴേക്കും നടന്ന് കഴിഞ്ഞിരുന്നു.
മറ്റൊരു സംഭവം കൂടെ പറഞ്ഞിട്ട് നിര്‍ത്താം.
Supersisters ഹിറ്റായതോടെ, സൂപ്പര്‍മാന്‍റെ ഉടമകളായ DC കോമിക്സ്, ലുയീസിനും, ബാര്‍ബറയ്ക്കും എതിരെ കേസുമായി വന്നിരുന്നു.
സൂപ്പര്‍ എന്ന വാക്ക്, മറ്റെന്തിനോടും ചേര്‍ത്ത് പറയുന്നത്, അതിന്, സൂപ്പര്‍മാനുമായി ബന്ധമുണ്ടെന്ന് കാണിക്കാനാണെന്ന്, DC, കോടതിയില്‍ വാദിച്ചു. അതുവഴി, സൂപ്പര്‍മാന്‍റെ ചിലവില്‍ കൂടുതല്‍ പ്രചാരം ലഭിക്കുമെന്നും. ഒടുവില്‍, സൂപ്പര്‍മാന്‍റെ trademark കളറുകളായ നീലയും, ചുവപ്പും കാര്‍ഡുകളില്‍ ഉപയോഗിക്കില്ല എന്ന ഉറപ്പിന്മേല്‍, കേസ് ഒത്തുതീര്‍പ്പായി.