the Swedish sailor who got trapped in an island with Cannibals and later became king of Tabar Island in Papua New Guinea
കപ്പലപകടത്തില്‍ പെട്ട് ആള്‍ താമസമില്ലാത്ത ദ്വീപില്‍, വര്‍ഷങ്ങളോളം തനിച്ച് താമസിക്കേണ്ടി വന്ന റോബിന്‍സണ്‍ ക്രൂസോയുടെ കഥ എല്ലാവര്‍ക്കും അറിയാമല്ലോ.
വിമാനം തകര്‍ന്ന് വീണ്, പസിഫിക്കിലെ ആരുമറിയാത്ത ഒരു ദ്വീപില്‍ കഴിയേണ്ടി വന്ന ഫെഡ്-എക്സ് ഉദ്യോഗസ്ഥന്‍, ചക്ക് നോളണ്ടിന്‍റെ കഥ പറയുന്ന കാസ്റ്റ് എവേ എന്ന ചിത്രവും പ്രശസ്തമാണ്.
എന്നാല്‍ ഇതിനെയൊക്കെ കവച്ച് വയ്ക്കുന്ന ഒരു യഥാര്‍ത്ഥ സംഭവമുണ്ട്.
സഞ്ചരിച്ചിരുന്ന കപ്പല്‍ തകര്‍ന്ന്, പാപ്പുവ-ന്യൂഗിനിയിലെ, നരഭോജികളായ ഒരു വിഭാഗം ആളുകള്‍ താമസിക്കുന്ന, ടാബാര്‍ ദ്വീപിലേക്കെത്തിയ സ്വീഡിഷ് നാവികന്‍, എമില്‍ പീറ്റര്‍സന്‍റെ കഥ.
പതിനേഴാം വയസ്സിലാണ്, എമില്‍, ആദ്യമായി കടല്‍ കടക്കുന്നത്.
വര്‍ഷങ്ങളോളം ഓരോ കപ്പലുകളിലും, കമ്പനികളിലും ജോലി ചെയ്ത ശേഷം, 1898ല്‍, അന്ന് ജര്‍മ്മന്‍ കോളനിയായിരുന്ന പാപ്പുവ-ന്യൂഗിനിയിലെ, ബിസ്മാര്‍ക്ക് ദ്വീപ് സമൂഹത്തിലേക്ക് എത്തുമ്പോള്‍, എമിലിന്‍റെ പ്രായം വെറും 23 വയസ്സായിരുന്നു.
വൈകാതെ, കൊക്കോപ്പ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ‘ന്യൂഗിനി-കമ്പനി’ എന്ന ജര്‍മന്‍ ചരക്ക് കമ്പനിയുടെ കപ്പലില്‍, അദ്ദേഹം നാവികനായി ജോയിന്‍ ചെയ്തു. അങ്ങിനെ വീണ്ടും, എമില്‍, ‘ന്യൂഗിനി-കമ്പനി’യുടെ ചിലവില്‍, ലോകം ചുറ്റാന്‍ തുടങ്ങി.
വര്‍ഷങ്ങള്‍ക്ക് ശേഷം, 1904ലാണ്, എമിലിനെ പ്രശസ്തനാക്കിയ, ആ ജീവിതം തന്നെ മാറ്റിമറിച്ച യാത്ര നടക്കുന്നത്.
അതൊരു ക്രിസ്മസ് ദിവസമായിരുന്നു.
പാപ്പുവ-ന്യൂഗിനിയുടെ ഭാഗമായ, ടാബാര്‍ ദ്വീപുകള്‍ക്കരികിലൂടെ സഞ്ചരിക്കുമ്പോഴുണ്ടായ അപടത്തില്‍, എമില്‍ സഞ്ചരിച്ചിരുന്ന Duke Johan Albrecht എന്ന കപ്പല്‍, കടലില്‍ താഴ്ന്നു. അപകടത്തില്‍ രക്ഷപ്പെട്ട എമില്‍, പ്രധാന ദ്വീപായ ടാബാറിന്‍റെ തീരത്താണ് വന്നടിഞ്ഞത്. കൃത്യം, അവിടത്തെ ദ്വീപ് വാസികളുടെ ഗ്രാമത്തിന് പുറത്ത്.
‘ഭക്ഷണം; വാതില്‍ക്കലെത്തിയ വിവരം, ഗ്രാമവാസികള്‍ അറിയാന്‍ വലിയ താമസം ഒന്നും എടുത്തില്ല. മിനിട്ടുകള്‍ക്കകം, അബോധാവസ്ഥയില്‍ കിടക്കുന്ന എമിലിനെ അവര്‍ വളഞ്ഞു.
എമില്‍, അത്യാവശ്യം ഉയരവും, ആരോഗ്യവും ഒക്കെയുള്ള ആളായിരുന്നെങ്കിലും, ആയുധങ്ങളുമേന്തി നില്‍ക്കുന്ന അത്രയും പേര്‍ക്ക് മുന്നില്‍ അയാള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ആസന്നമായ മരണവും കാത്ത് കിടക്കുകയല്ലാതെ.
എന്നാല്‍ കൗതുകം കൊണ്ടാകാം, എമിലിന്‍റെ ശരീരവും, നിറവും കണ്ട അവര്‍, അത്ര പെട്ടെന്ന് അയാളെ കൈ വയ്ക്കാന്‍ തുടങ്ങിയില്ല. ആദ്യമായിട്ടായിരിക്കാം അവര്‍ ഒരു യൂറോപ്പ്യനെ, ജീവനോടെ കാണുന്നത്. ഇതിനിടെ ബോധം വന്ന എമിലിന്‍റെ നീലക്കണ്ണുകള്‍ കൂടി കണ്ടതോടെ, അവരുടെ ആശ്ചര്യം ഇരട്ടിച്ചു. ഗ്രാമവാസികള്‍, ഉടനെ എമിലിനെയും പൊക്കി, അവരുടെ രാജാവായ ലാമിയുടെ മുന്നില്‍ ഹാജരാക്കി.
നല്ല ആരോഗ്യവും, സൗന്ദര്യവും, പ്രത്യേകിച്ച് ആ നീലക്കണ്ണുകളും ഉള്ള എമിലിനെ രാജാവിനും വളരെ ഇഷ്ടമായി. അദ്ദേഹം, എമിലിനെ, അവിടെ, അവരില്‍ ഒരാളായി ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍, എമിലിനെ, രാജാവിനേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊരാള്‍ കൂടെയുണ്ടായിരുന്നു അവിടെ, അദ്ദേഹത്തിന്‍റെ മകള്‍, സിങ്ങ്ദോ രാജകുമാരി. അങ്ങിനെ സിങ്ങ്ദോയും, എമിലും തമ്മിലുള്ള പ്രണയത്തിന്‍റെ ഫലമായി, 1907ല്‍, അവര്‍ വിവാഹിതരായി.
ദ്വീപിലെ ആരും കൊതിക്കുന്ന സ്ഥാനത്ത് എത്തിയെങ്കിലും, എമില്‍, വെറുതെയിരിക്കാന്‍ തയ്യാറായിരുന്നില്ല. ദ്വീപിലെ നാളികേര സമ്പത്ത് മനസ്സിലാക്കി തുടങ്ങിയ കൊപ്രാ വ്യാപാരമായിരുന്നു ആദ്യത്തെ സംരംഭം. ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് പ്ലാന്‍റെഷനുകളും, വിവിധയിടങ്ങളിലായി സ്ഥാപിച്ചു.
എല്ലായിടത്തും ജോലിക്ക് നിന്നിരുന്ന ദ്വീപ് നിവാസികളെയും, പുറമേ നിന്നുള്ളവരെയും, തുല്യരായി പരിഗണിച്ചും, അവരുടെ ആചാരങ്ങളും, വിശ്വാസങ്ങളും ബഹുമാനിച്ചും കൂടെ നിന്നതിനാല്‍, അന്നാട്ടുകാര്‍, എമിലിനെ അവരില്‍ ഒരാളായിത്തന്നെയാണ് കണ്ടിരുന്നത്. ഈ സ്വീകാര്യത കൊണ്ട് തന്നെ, ലാമി രാജാവിന്‍റെ മരണശേഷം, ദ്വീപിലെ അടുത്ത രാജാവിനെ കണ്ടത്താന്‍, അന്നാട്ടുകാര്‍ക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല.
അങ്ങിനെ, ‘കരുത്തനായ ചാര്‍ളി’ എന്നവര്‍ സ്നേഹത്തോടെ വിളിച്ചിരുന്ന എമില്‍, King Carl Emil Pettersson ആയി മാറി.
കാള്‍ (Carl) എന്ന പേരിന്‍റെ ബ്രിട്ടിഷ്-സാക്സന്‍ വകഭേദമാണ് ചാര്‍ളി.
സിങ്ങ്ദോ – എമില്‍ ദമ്പതികള്‍ക്ക് മൊത്തം എട്ട് മക്കളാണ് ഉണ്ടായിരുന്നത്. ബിസിനസിലെ വളര്‍ച്ചയോടൊപ്പം, ദ്വീപിന്‍റെ വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എമില്‍, കുടുംബ ജീവിതത്തിലും ഏറെ സന്തോഷവാനായിരുന്നു, 1921 വരെ. ആ വര്‍ഷമാണ് സിങ്ങ്ദോ, ഇന്‍ഫെക്ഷന്‍ മൂലം മരണമടയുന്നത്.
തൊട്ടടുത്ത വര്‍ഷം, സ്വീഡന്‍ സന്ദര്‍ശിച്ച എമില്‍, അവിടെ വച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെങ്കിലും, ദ്വീപിലേക്ക് തിരികെയെത്തിയപ്പോള്‍. ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു അവരെ കാത്തിരുന്നത്.
എമിലിന്‍റെ അഭാവത്തില്‍, അവിടത്തെ തോട്ടങ്ങളും, ബിസിനസും എല്ലാം അവതാളത്തിലായിരുന്നു. സാമ്പത്തികമായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കെയാണ് അവര്‍ ദ്വീപിലേക്ക് തിരികെയെത്തിയതും. എന്നിട്ടും, പ്രതീക്ഷ കൈവിടാതെ, തോട്ടങ്ങള്‍ ഓരോന്നായി നന്നാക്കിയെടുക്കാന്‍, എമില്‍, ശ്രമിച്ചു കൊണ്ടിരുന്നു. എമിലിന്‍റെ തോട്ടങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്ന സിംബേരി ദ്വീപില്‍ സ്വര്‍ണ്ണ നിക്ഷേം കണ്ടെത്തിയതും, അവരുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.
ടാബാര്‍ ദ്വീപ് സമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപുകളില്‍ ഒന്നാണ് സിംബേരി.
ജീവിതം അങ്ങിനെ, പതുക്കെ കരകയറുന്നതിനിടെയാണ്, പ്രതീക്ഷകള്‍ ഓരോന്നായി തല്ലിക്കെടുത്തിക്കൊണ്ട്, ഇരുവര്‍ക്കും മലേറിയ പിടിപ്പെടുന്നത്. എമിലിന്‍റെ ഭാര്യയെ, ആദ്യം ആസ്ട്രേലിയയിലും, പിന്നീട് സ്വീഡനിലേക്കും അയച്ച് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. സ്റ്റോക്ക്ഹോമില്‍ വച്ച്, അവര്‍, അസുഖം മൂര്‍ച്ചിച്ച് മരണപ്പെട്ടു. ഇതിനിടെ ആ സ്ത്രീയ്ക്ക് ക്യാന്‍സറും ബാധിച്ചതായി പറയപ്പെടുന്നുണ്ട്.
ഭാര്യ മരിച്ച അതേ വര്‍ഷം തന്നെയാണ്, എമില്‍, ടാബാറിനോടും വിട പറയുന്നത്, 1935ല്‍.
ആ നാട്ടിലെ തന്‍റെ പദ്ധതികളും, സ്വപ്നങ്ങളും, ജീവിതവും ഉപേക്ഷിച്ച എമില്‍, പക്ഷെ സ്വന്തം നാട്ടിലേക്കല്ല പോയത്. ആസ്ട്രേലിയയായിരുന്നു തന്‍റെ ശിഷ്ടകാലം കഴിച്ചുകൂട്ടാനായി എമില്‍ തിരഞ്ഞെടുത്ത സ്ഥലം. അങ്ങോട്ട് പോയതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല.
അങ്ങോട്ട് മാറി, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു എമിലിന്‍റെ അവസാനത്തെ യാത്ര. 1937ല്‍, സിഡ്നിയില്‍ വച്ചുണ്ടായ ഹൃദയാഘാദം, എമിലിനെ, യാത്രകളില്ലാത്ത ലോകത്തേക്ക് കൂട്ടുക്കൊണ്ട് പോയി.