പൈലറ്റിനെ രക്ഷിച്ച മിസ്റ്റര്‍ ബീന്‍

കെനിയയിലെ മൊംബാസയില്‍ നിന്ന് നൈറോബിയിലേക്ക് പറക്കുകയായിരുന്നു ആ ഇരട്ട എഞ്ചിനുള്ള പ്രൈവറ്റ് സെസ്സ്ന വിമാനം. 
കെനിയയില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ ഒരു ബ്രിട്ടീഷ് കുടുംബത്തെയും കൊണ്ട്, നൈറോബിയിലെ, വില്‍സന്‍ എയര്‍പോര്‍ട്ടിലേക്കായിരുന്നു യാത്ര. കൂടിപ്പോയാല്‍ ഒന്നേകാല്‍ മണിക്കൂര്‍ മാത്രമെടുക്കുന്ന ഒരു സാധാരണ ട്രിപ്പ്. 
അല്പദൂരം പിന്നിട്ടപ്പോഴാണ് യാത്രക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത്, വിമാനം വല്ലാണ്ട് താഴ്ന്ന് പറക്കുന്നു. 
വിവരമറിയാനായി, ഗൃഹനാഥന്‍, ഭാര്യയെയും കൂട്ടി കോക്ക്പിറ്റിലേക്ക് കയറിയപ്പോള്‍, ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്: വിമാനത്തിന്‍റെ ഏക പൈലറ്റ്‌, ബോധരഹിതനായി തന്‍റെ സീറ്റിലിരിക്കുന്നു.
ആരും പതറിപ്പോകുന്ന ആ അവസ്ഥയില്‍, ഒട്ടും വൈകിക്കാതെ ആ മനുഷ്യന്‍, പൈലറ്റിനെ സീറ്റില്‍ നിന്ന് താഴേക്ക് വലിച്ചിട്ട്, വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ജീവിതത്തില്‍ ഇന്നേവരെ വിമാനം ഓടിച്ചിട്ടില്ലെങ്കിലും, സ്വന്തം കുടുംബത്തിന്‍റെ ജീവന്‍ ഇങ്ങനെ പകുതിക്ക് നില്‍ക്കുമ്പോള്‍, റിസ്ക്ക് എടുക്കാതെ വേറെ നിവൃത്തിയില്ലല്ലോ. 
ഈ സമയം അദ്ദേഹത്തിന്‍റെ ഭാര്യ, ആ പൈലറ്റിനെ ഉണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.
വളരെയധികം താഴ്ന്ന് തുടങ്ങിയ ആ വിമാനത്തെ, ഏറെ പണിപ്പെട്ട് അയ്യായിരം അടി ഉയരത്തിലേക്ക് എത്തിച്ച് നിറുത്തിയപ്പോഴേക്കും, ഭാഗ്യത്തിന് പൈലറ്റിന് ബോധം തെളിഞ്ഞു. അപ്പോഴേക്കും ഫ്ലൈറ്റിന്‍റെ അസാധാരണമായ നീക്കങ്ങള്‍, ട്രാന്‍സ്പോണ്ടര്‍ വഴി എയര്‍പോര്‍ട്ടിലെ കണ്ട്രോള്‍ റൂമിലേക്കും എത്തിയിരുന്നു. 
പിന്നീട് പൈലറ്റിന്‍റെ കണ്ട്രോളില്‍ തന്നെ വിമാനം, സേഫായി വില്‍സന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി.
പ്രശ്നമുണ്ടായ സമയം, ആ മനുഷ്യന്‍, ഭയപ്പെട്ട് മാറി നിന്നിരുന്നെങ്കില്‍, ഒരുപക്ഷെ ഈ കഥ പറയാന്‍ അവരാരും ജീവനോടെ കാണില്ലായിരുന്നു. അറിവില്ലാത്ത ഒരാള്‍ക്ക്, സാമാന്യയുക്തി വച്ച് ചെയ്യാവുന്ന handling മാത്രമാണ് അദ്ദേഹം ചെയ്തതെങ്കിലും, സത്യത്തില്‍ പൈലറ്റ്‌ ഉണരുന്നത് വരെ, അത്രയും ജീവനുകള്‍ക്ക് സുരക്ഷിതമായിരിക്കാനുള്ള സമയമാണ് അദ്ദേഹം നേടിയെടുത്തത്.
മിസ്റ്റര്‍ ബീനായി ലോകത്തെ കുടുകുടെ ചിരിപ്പിച്ച റോവന്‍ ആറ്റ്കിന്‍സനായിരുന്നു ആ ഗ്രഹനാഥന്‍, ഒപ്പം ഭാര്യയായ സുനേത്രയും, എട്ടും, ആറും വയസ്സുള്ള മക്കള്‍ ബെന്നും, ലില്ലിയും.


മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഭാര്യ സുനേത്ര ശാസ്ത്രി ഒരു ഇന്ത്യന്‍ വംശജ കൂടിയാണ്. ചില വ്യക്തിപരമായ കാരണങ്ങളാല്‍, 2015ല്‍, റോവന്‍ – സുനേത്ര ദമ്പതികള്‍ വേര്‍പിരിഞ്ഞു.