Showing posts with label History. Show all posts
Showing posts with label History. Show all posts

മഹാറാണി സുനന്ദ കുമാരിരത്തന: കാലഹരണപ്പെട്ട നിയമത്തിന്‍റെ രക്തസാക്ഷി

സമൂഹത്തില്‍ നിന്ന് തൂത്തെറിയപ്പെടേണ്ട ആചാരങ്ങളും, നിയമങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഓര്‍മ്മിക്കേണ്ട ഒരു സംഭവമാണ് സുനന്ദ കുമാരിരത്തനയുടെ ദാരുണാന്ത്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാം (Thailand) വാണിരുന്ന രാമ അഞ്ചാമന്‍റെ രാജ്ഞിയായിരുന്നു സുനന്ദ കുമാരിരത്തന. സിയാമിനെ ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് കൈ പിടിച്ച് കയറ്റാന്‍ മുന്‍പന്തിയില്‍ നിന്ന Mongkut എന്ന രാമ നാലാമന്‍ രാജാവിന്‍റെ മകള്‍. 
ഒരിക്കല്‍ രാജകുടുംബത്തിന്‍റെ വേനല്‍ക്കാല വസതിയായ ബാംഗ് പാ കൊട്ടാരത്തിലേക്ക് പോവുകയായിരുന്നു രാജ്ഞിയും, ഒന്നര വയസ്സായ മകള്‍ കര്‍ണബോണ്‍ ബേജരത്തന രാജകുമാരിയും. സിയാമിലെ ഏറ്റവും വലിയ നദിയായ ചാഓ പ്രായ കടന്ന് വേണം അങ്ങോട്ട്‌ പോകാന്‍.
രാജ്ഞിയെയും മകളെയും പ്രത്യേകം അലങ്കരിച്ച ബോട്ടിലാക്കി, ഏതാനും അംഗരക്ഷകരെയും കൂടെ നിര്‍ത്തി, ബാക്കിയുള്ളവര്‍ കയറിയ വലിയ ബോട്ടുമായി ബന്ധിച്ച്, കെട്ടിവലിച്ചാണ് കൊണ്ട് പോയിരുന്നത്. ഏറ്റവുമടുത്ത പരിചാരികര്‍ അല്ലാതെ സ്വന്തം അംഗരക്ഷകര്‍ ആണെങ്കില്‍പ്പോലും, രാജ്ഞി ആവശ്യപ്പെടാതെ മുന്നില്‍ വന്ന് നില്‍ക്കാന്‍ പാടില്ല. അതിനാലാണ് അവര്‍ക്ക് മാത്രമായി പ്രത്യേകം ബോട്ട് ഒക്കെ ഉള്ളത്.
കഷ്ടകാലമെന്ന് പറയാം. ബോട്ടുകള്‍ രണ്ടും നദിയുടെ മദ്ധ്യത്തിലേക്ക് എത്തിയപ്പോള്‍, കനത്ത ഒഴുക്കില്‍പ്പെട്ട് രാജ്ഞിയുടെ ബോട്ട് തലകീഴായി മറിഞ്ഞു. 
രാജ്ഞിയും, രാജകുമാരിയും നദിയില്‍ മുങ്ങിപ്പൊങ്ങുന്ന സമയം, അവരോടൊപ്പം വെള്ളത്തില്‍ വീണ അംഗരക്ഷകര്‍ വേഗം വലിയ ബോട്ടിലേക്ക് നീന്തിക്കയറി, നിസ്സഹായരായി ഈ കാഴ്ചയും കണ്ട് നില്‍ക്കുകയായിരുന്നു. വലിയ ബോട്ടിലുണ്ടായിരുന്ന, രാജ്ഞിയുടെ സംരക്ഷണ ചുമതലയുള്ള പ്രധാന അംഗരക്ഷകന്‍ ആകട്ടെ, അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. 
കാരണം, സിയാമില്‍ കാലങ്ങളായുള്ള നിയമം അനുസരിച്ച് രാജകുടുംബാംഗങ്ങളുടെ ദേഹത്ത് തൊടുന്നവര്‍ക്ക് ലഭിക്കുക മരണശിക്ഷയാണ്. അതിപ്പോ ഏത് സാഹചര്യത്തിലായാലും ശരി, ശിക്ഷ കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
മുഴുവന്‍ പരിവാരങ്ങളും നോക്കി നില്‍ക്കെ, ഗര്‍ഭിണിയായ സുനന്ദ കുമാരിരത്തനയുടെ വയറ്റിലെ കുഞ്ഞടക്കം, മൂന്ന് പേരാണ് മരണമടഞ്ഞത്. വെറും പത്തൊമ്പത് വയസ്സ് മാത്രമായിരുന്നു അന്ന് രാജ്ഞിയുടെ പ്രായം. പണ്ട് ആരൊക്കെയോ ഉണ്ടാക്കിയ നിയമം, മറ്റാരൊക്കെയോ വളച്ചൊടിച്ച് നിര്‍ഭന്ധമാക്കിയതിന്‍റെ ഇരകള്‍.
അവരുടെ ഭര്‍ത്താവായ രാമ അഞ്ചാമന്‍ എന്ന ചുലാലോങ്ങ്കോണ്‍ രാജാവ് ഒരു പുരോഗമനവാദിയായിരുന്നു. 
ഈ വിവരമറിഞ്ഞ ഉടനെ, അദ്ദേഹം അന്നുണ്ടായിരുന്ന മുഴുവന്‍ അംഗരക്ഷകരെയും തുറുങ്കിലടയ്ക്കാന്‍ ഉത്തരവിട്ടു (പ്രധാന അംഗരക്ഷകനെ മാത്രമാണെന്നും പറയപ്പെടുന്നു). ജെഫ്രി ഫൈന്‍സ്റ്റോണ്‍ രചിച്ച The Royal Families of South-East Asia എന്ന ബുക്ക് പ്രകാരം, അക്കാലത്തെ ഏഷ്യന്‍ രാജകുടുംബങ്ങളില്‍ വച്ച് ഏറ്റവും ചിലവേറിയ സംസ്കാരമായിരുന്നു അന്ന് സുനന്ദ കുമാരിക്കായി നടന്നത്. ബാംഗ് പാ കൊട്ടാരം പുതുക്കിപ്പണിത്, അവിടെ രാജ്ഞിക്കും മക്കള്‍ക്കുമായി ഒരു സ്മാരകവും പണിതിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷമാണോ എന്ന് അറിയില്ല, ആ നിയമം പിന്നെ അധിക കാലം നില നിന്നിട്ടില്ല. ഇത്തരം തൊട്ട്കൂടായ്മകള്‍ ഒഴിവാക്കി, രാജകുടുംബാംഗങ്ങളെ ബഹുമാനിച്ചാല്‍ മാത്രം മതിയെന്ന് എഴുതപ്പെട്ടു. സിയാമില്‍ നിലനിന്നിരുന്ന അടിമത്ത്വത്തിനും, മറ്റു ചൂഷണങ്ങള്‍ക്കും തടയിട്ട്, സാമൂഹികപരമായും, ഭരണതലത്തിലും നിരവധി മാറ്റങ്ങള്‍ കൊണ്ട് വന്ന രാമ അഞ്ചാമന്‍, ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജാവെന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം തന്നെയാകണം ഈ മാറ്റത്തിന് പിന്നിലും.
രക്ഷിക്കാതിരുന്നതിന് പിന്നില്‍ മറ്റൊരു വിശ്വാസം കൂടിയുള്ളതായി കേള്‍ക്കുന്നുണ്ട്. 
ചില നാടുകളില്‍, വെള്ളത്തില്‍ വീണവരെ രക്ഷിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. അങ്ങനെ രക്ഷിച്ചാല്‍ അത് വെള്ളത്തിലെ ദേവതകളെയും, ആത്മാക്കളെയും പ്രകൊപിപ്പിക്കും എന്നും, രക്ഷിച്ചയാള്‍ക്ക് നേരെ അവരുടെ ക്രോധം ഉയരുമെന്നുമാണ് പറയപ്പെടുന്നത്. 
എന്തായാലും കാലഹരണപ്പെട്ട ആചാരങ്ങളും, വിശ്വാസങ്ങളും, നിയമങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലുമായി നിരവധി ജീവനുകളാണ് ഇപ്പോഴും അപഹരിക്കുന്നതെന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.

അന്ന് തുളയുള്ള കോട്ടിട്ടു, പിന്നീട് ലോകമറിയുന്ന എഴുത്തുകാരനായി മാറി

The Martian Chronicles, Fahrenheit 451 പോലുള്ള കൃതികളിലൂടെ പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനും, തിരക്കഥാകൃത്തുമാണ് റേ ബ്രാഡ്ബറി.

നൂറ്റാണ്ടിലെ ഏറ്റവുമധികം വായിക്കപ്പെട്ട സാഹിത്യകാരന്മാരില്‍ ഒരാളായ അദ്ദേഹത്തെ, ‘മോഡേണ്‍ സയന്‍സ് ഫിക്ഷനെ, മുഖ്യധാരാ സാഹിത്യത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച എഴുത്തുകാരന്‍’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.
ചെറുപ്പത്തിലേ തന്നെ സാഹിത്യവാസന കാണിച്ചിരുന്ന അദ്ദേഹം, ഭാവിയില്‍ എഴുത്തിലേക്ക് തിരിയുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉറപ്പായിരുന്നു. പക്ഷെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാലം എന്നറിയപ്പെടുന്ന ‘ഗ്രേറ്റ് ഡിപ്രഷന്‍’ കാലത്ത്, വളരെയധികം കഷ്ടതകള്‍ സഹിച്ചാണ് അദ്ദേഹം വളര്‍ന്നിരുന്നത്. ആദ്യ എഴുത്തൊക്കെ ഇറച്ചി പൊതിഞ്ഞ് കൊണ്ടുവന്നിരുന്ന കടലാസുകളില്‍ ആയിരുന്നു.
ചെറുപ്പത്തില്‍ ചെറുകഥകള്‍ വായിച്ച് കൊടുത്തിരുന്ന ആന്‍റിയും, വളര്‍ന്നപ്പോള്‍ അന്വേഷിച്ച് കണ്ടെത്തിയ H. G Welles, Jules Verne, Edgar Rice Burroughs, Poe, പിന്നെ അദ്ദേഹം idol ആയി കണ്ടിരുന്ന Bob Olsen ഒക്കെയാണ്, ഉള്ളിലെ എഴുത്തുകാരനെ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത്. പക്ഷെ കൊടിയ ദാരിദ്ര്യം, അതപ്പോഴും ഡെമോക്ലസിന്‍റെ വാള് പോലെ, തലയ്ക്ക് മീതെ തൂങ്ങി നില്‍പ്പുണ്ടായിരുന്നു.
ഒടുക്കം നാട്ടില്‍ നില്‍ക്കാനാകാതെ, ബ്രാഡ്ബറി കുടുംബം, ലോസ് ആഞ്ചലസിലേക്ക് കുടിയേറുമ്പോള്‍, അദ്ദേഹത്തിന് പതിനാല് വയസ്സായിരുന്നു പ്രായം. വെറും നാല്‍പ്പത് ഡോളറും കയ്യില്‍പ്പിടിച്ചാണ്, അവര്‍, ആ വലിയ നഗരത്തിലേക്ക് വന്നെത്തുന്നത്. അച്ഛന് ജോലി കിട്ടുന്നത് വരെയുള്ള ഭക്ഷണവും, താമസവും എല്ലാം ഈ പണം കൊണ്ട് വേണം. ആയിടയ്ക്ക് തന്നെയാണ് എഴുത്ത് കൊണ്ടുള്ള ആദ്യ വരുമാനവും ലഭിക്കുന്നത്. അന്നത്തെ ഹിറ്റ്‌ റേഡിയോ ഷോ ആയ Burns and Allen Showലെ, George Burnsന് വേണ്ടി എഴുതിയ ഒരു കോമഡി (കൌണ്ടര്‍) ആയിരുന്നു ആദ്യ paycheck നേടിക്കൊടുത്തത്. പിന്നീട് പതിനെട്ടാമത്തെ വയസ്സില്‍, അദ്ദേഹത്തിന്‍റെ ഒരു കഥയിലും അച്ചടിമഷി പുരണ്ടു.
ഫോറസ്റ്റ് ആക്കര്‍മാന്‍ നടത്തിയിരുന്ന ഒരു ഫാന്‍സിന്‍ (ലേബലുകള്‍ ഇല്ലാത്ത, കോമിക്സ്-സയന്‍സ് ഫിക്ഷന്‍ ഫാന്‍സ്‌ സ്വയം പബ്ലിഷ് ചെയ്യുന്ന മാസിക/വാരിക) ആണ്, ആദ്യ കഥ പബ്ലിഷ് ചെയ്തത്. ഒപ്പം ബ്രാഡ്ബറിയുടെ സ്വന്തം ഫാന്‍സിനായ Futuria Fantasiaയുടെ നാല് ലക്കങ്ങള്‍ ഇറക്കാനും ആക്കര്‍മാന്‍ സഹായിച്ചു.
പിന്നീട് നിരവധി ഫാന്‍സിനുകളില്‍ കഥകള്‍ എഴുതി, പതുക്കെ നാടകരചനയിലേക്കും തിരിഞ്ഞ ബ്രാഡ്ബറി, 24ആം വയസ്സ് മുതല്‍ക്ക് എഴുത്ത് കൊണ്ട് വരുമാനം ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. 1947ല്‍ ആദ്യ ബുക്കായ Dark Carnival പബ്ലിഷ് ആയി.
കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയുടെ ലൈബ്രറിയില്‍ വച്ചാണ്, ബ്രാഡ്ബറിയുടെ എഴുത്ത് ജീവതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. അവിടെ വാടകയ്ക്ക് ലഭിക്കുന്ന ടൈപ്റൈറ്ററുകളില്‍ ഒന്നില്‍ രചിച്ച കഥയാണ്‌ ‘The Fireman’. ബുക്കുകള്‍ തീയിട്ട് നശിപ്പിക്കുന്ന ഒരു തലമുറയുടെ കഥ പറയുന്ന ഫയര്‍മാന്‍ ആണ്, ഒന്നുകൂടെ വിശാലമാക്കി എഴുതി, Fahrenheit 451 എന്ന ഹിറ്റ്‌ നോവലായി മാറുന്നത്.
മണിക്കൂറിന് പത്ത് സെന്‍റ് വാടക കൊടുത്ത് മൊത്തം പത്ത് ഡോളറില്‍ താഴെ ചിലവില്‍ തീര്‍ത്ത Fahrenheit 451ന് ശേഷം, അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അത്ര മാത്രം പ്രശസ്തിയും, അവാര്‍ഡുകളും ആണ് ആ നോവല്‍, ബ്രാഡ്ബറിക്ക് നേടിക്കൊടുത്തത്.
ഇനി അദ്ദേഹം വന്ന വഴിയിലേക്ക് ഒരു മടക്കം.
തന്‍റെ ഹൈസ്കൂള്‍ ബിരുദദാന ചടങ്ങിലേക്ക് ധരിക്കാന്‍ സ്വന്തമായി സൂട്ടില്ലാത്തതിനാല്‍, അമ്മാവന്‍റെ കടം വാങ്ങിയ സൂട്ടും ധരിച്ചാണ് ബ്രാഡ്ബറി അന്ന് ചെന്നത്. ആ സൂട്ടിലാകട്ടെ, കാണാവുന്ന ഭാഗത്ത് തന്നെ ഒരു തുളയും ഉണ്ടായിരുന്നു, ഒരു ബുള്ളറ്റ് ഹോള്‍. 1932ല്‍, ആ സൂട്ടും ധരിച്ച് പോകുന്ന വഴിക്ക് ഒരു കവര്‍ച്ചാ ശ്രമം എതിര്‍ക്കുമ്പോഴാണ് ബ്രാഡ്ബറിയുടെ അമ്മാവന്‍ ലെസ്റ്റര്‍ വെടിയേറ്റ്‌ മരിക്കുന്നത്.
അത്തരം സാഹചര്യങ്ങളില്‍ നിന്ന് തളരാതെ വളര്‍ന്ന റേ ബ്രാഡ്ബറി, 2012ല്‍, മരണമടയുന്ന സമയം, മുപ്പത് മില്യണ്‍ ഡോളര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ആസ്തി. എമ്മി, പുലിറ്റ്സര്‍ അടക്കമുള്ള അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹത്തിന്‍റെ പേരില്‍ ഇന്ന് ഒരു ഛിന്നഗ്രഹം പോലുമുണ്ട്. നാസയുടെ ക്യൂരിയോസിറ്റി റോവര്‍, ചൊവ്വയില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ പേരും ബ്രാഡ്ബറി ലാണ്ടിംഗ് എന്നാണ്.a

Supersisters: സ്ത്രീകള്‍ക്ക് വേണ്ടി, സ്ത്രീകളാല്‍

Trading Cards വച്ച് കളിക്കാത്തവര്‍ ഇന്ന് വളരെ വിരളമായിരിക്കും.
Cricket Cards, WWE Superstar cards, Pokemon cards, Ben10 cards, Football cards അങ്ങിനെ ബബിള്‍ഗം മുതല്‍ ചിപ്സ് വാങ്ങുമ്പോള്‍ വരെ ഫ്രീ കിട്ടുന്നതും, കാശ് കൊടുത്ത് വാങ്ങാവുന്നതുമായ നിരവധി കാര്‍ഡുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു കാര്‍ഡ് സെറ്റിന്‍റെ കഥയാണ്‌ ഇപ്പോള്‍ പറയാന്‍ പോകുന്നത്.
അതിന് മുന്‍പ്, ട്രേഡിംഗ് കാര്‍ഡുകളുടെ ചരിത്രം കൂടി ഒന്ന് നോക്കാം.
1886 മുതല്‍, അമേരിക്കയിലെ ചില സിഗരറ്റ് കമ്പനികളാണ്, സിഗരറ്റ് വാങ്ങുന്നവര്‍ക്ക് കാര്‍ഡുകള്‍ കൂടെ കൊടുക്കാന്‍ തുടങ്ങിയത്. പക്ഷെ അവ trading cards ആയിരുന്നില്ല, സിഗരറ്റിന്‍റെ പരസ്യം അടങ്ങുന്ന trade cards ആയിരുന്നു. കടലാസ് കൊണ്ടുള്ള സോഫ്റ്റ്‌ പാക്കിനുള്ളില്‍, സിഗരറ്റ് പെട്ടെന്ന് കേട് വരുന്നത് കൊണ്ട്, ഒരു ബലത്തിന് വേണ്ടിയാണ്, കൂടെ കട്ടിക്കടലാസ് കൊണ്ടുള്ള കാര്‍ഡ്‌ വയ്ക്കാന്‍ തുടങ്ങിയത്.
ആദ്യമൊക്കെ പരസ്യങ്ങള്‍ ആയിരുന്നെങ്കില്‍, പിന്നീട്, വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകള്‍ വരാന്‍ തുടങ്ങി, അതിനോടൊപ്പം കാര്‍ഡുകളുടെ പ്രചാരം കൂടാനും. അന്നൊക്കെ കടകള്‍ക്ക് മുന്നില്‍, സിഗരറ്റ് വാങ്ങുന്നവരോട് കാര്‍ഡ്‌ ചോദിക്കാനായി, നിറയെ കുട്ടികള്‍ കാണുമായിരുന്നു, 
Baseball ആണ് ട്രേഡിംഗ് കാര്‍ഡുകളില്‍ സാന്നിധ്യം അറിയിച്ച ആദ്യ കായിക ഇനം. 
വളരെ പെട്ടെന്ന്, ബേസ്ബോള്‍ താരങ്ങളുടെ കാര്‍ഡുകള്‍ സൂപ്പര്‍ ഹിറ്റായി മാറി. 1933 മുതല്‍ ഗൌഡി ഗം കമ്പനി ഇറക്കിയ ബേസ്ബോള്‍ കാര്‍ഡുകളായിരുന്നു കൂട്ടത്തിലെ താരം. പിന്നീട് വന്ന ബോമന്‍, ടോപ്പ്സ് കാര്‍ഡുകളും ഹിറ്റായിരുന്നു. ടോപ്പ്സ് കമ്പനിയുടെ കാര്‍ഡുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്‌.
നമ്മുടെ ബിഗ്‌ ഫണ്‍, കാര്‍ഡുകള്‍ മാത്രം വച്ച് ഹിറ്റായ ഒരു ബബിള്‍ഗം കമ്പനിയാണ്. പിന്നീടാണ് സെന്‍റര്‍ ഫ്രഷ്, കാര്‍ഡ് കളിക്കാന്‍ ഇറങ്ങിയത്. 
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.
1978ലാണ് ഈ സംഭവം നടക്കുന്നത്.
അന്ന് ന്യൂയോര്‍ക്കിലെ ഇര്‍വിംഗ്ട്ടണില്‍ താമസിച്ചിരുന്ന, മെലിസ്സ റിച്ച് എന്ന ഒന്‍പത്കാരിയുടെ കയ്യില്‍, ബേസ്ബോള്‍ കാര്‍ഡുകളുടെ നല്ലൊരു കളക്ഷന്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍, തന്‍റെ കാര്‍ഡുകള്‍ എടുത്ത് വയ്ക്കുന്നതിനിടെ, അവള്‍, അമ്മയോട് ചോദിച്ചു.
“എന്തുകൊണ്ടാണ് ഈ കാര്‍ഡുകളില്‍ ഒന്നിലും സ്ത്രീകള്‍ ഇല്ലാത്തത്?”
അമ്മ ലുയീസിന്, ആ ചോദ്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം പെട്ടെന്ന് മനസിലായില്ല. പക്ഷെ ഒന്ന് ആലോചിച്ചപ്പോള്‍ അവര്‍ക്കും തോന്നി; 
‘ഒട്ടുമിക്ക മേഖലകളെയും പരിചയപ്പെടുത്തുന്ന കാര്‍ഡുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്, എല്ലാറ്റിലും പുരുഷന്മാരാണ് (ഭൂരിഭാഗവും) താരങ്ങള്‍. എന്തുകൊണ്ട് സ്ത്രീകളുടെ നേട്ടങ്ങളെ ഉള്‍പ്പെടുത്തി ആരും, കാര്‍ഡുകള്‍ ഇറക്കുന്നില്ല?’ 
ഒന്നുകൂടെ ചോദിച്ചാല്‍, അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളില്‍ എത്ര പേര്‍ പ്രശസ്തരാകുന്നുണ്ട്? പുരുഷന്മാരെപ്പോലെ പേരും, അംഗീകാരവും എത്ര സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്?
“പ്രശസ്തരായ എത്ര സ്ത്രീകളുടെ പേരുകള്‍ നിങ്ങള്‍ക്ക് പറയാനാകും?”
ടീച്ചറായ ലുയീസ്, തന്‍റെ വിദ്യാര്‍ഥികളോട് ചോദിച്ചു. 
പക്ഷെ കിട്ടിയ മറുപടികള്‍ അമ്പരപ്പിക്കുന്നതായിരുന്നു. പലര്‍ക്കും അഞ്ച് പേരുകള്‍ തികച്ച് പറയാന്‍ പോലും കഴിഞ്ഞില്ല. 
ഇതേ ചോദ്യം, ലുയീസ്, തന്‍റെ ചുറ്റുവട്ടത്തും, സുഹൃത്തുക്കള്‍ക്കിടയിലും ചോദിച്ചു. പലരുടെയും ഉത്തരം, പ്രസിഡന്‍റിന്‍റെ ഭാര്യമാരുടെ പേരുകളും, പതിവ് പോലെ സിനിമാ നടിമാരുടെ പേരുകളും ആയിരുന്നു.
മകളുടെ സംശയവും, അതിനെ തുടര്‍ന്നുണ്ടായ കണ്ടെത്തലുകളും, ലുയീസ്, തന്‍റെ സഹോദരി ബാര്‍ബറയുമായി പങ്കുവച്ചിരുന്നു. അങ്ങിനെ അവര്‍ രണ്ടാളും ചേര്‍ന്ന് മെലിസ്സയുടെ ചോദ്യത്തിന് കണ്ടെത്തിയ ഉത്തരമാണ് Supersisters trading cards. സ്ത്രീകളെ താരങ്ങളാക്കി, സ്ത്രീകള്‍ തന്നെ നിര്‍മ്മിക്കുന്ന കാര്‍ഡ്‌ സെറ്റ്.
ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ചവരെയല്ല, എല്ലാ മേഖലകളിലും പേരെടുത്ത്, കുട്ടികള്‍ക്ക് മാതൃകയാകേണ്ടവര്‍ എന്ന് കരുതുവന്നവര്‍ക്കാണ്, കാര്‍ഡുകളില്‍ മുന്‍ഗണന നല്‍കിയത്. രണ്ട് പേരും ചേര്‍ന്നുണ്ടാക്കിയ ലിസ്റ്റ് പ്രകാരം, പ്രമുഖരായ അഞ്ഞൂറോളം സ്ത്രീകളെയാണ്, അവര്‍ കത്തിലൂടെ ബന്ധപ്പെട്ടത്. 

ആദ്യം മറുപടി അയച്ചത്, ഒളിമ്പിക്ക് സ്കീയറായ സൂസി ചാഫിയാണ്, അവര്‍ തന്നെയാണ് കാര്‍ഡുകളില്‍ ഒന്നാമതും. പിന്നീട്, പ്രശസ്ത നരവംശശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് മീഡ്, സെനറ്റര്‍ മാര്‍ഗരറ്റ് സ്മിത്ത്, ആക്റ്റിവിസ്റ്റ് ബെല്ലാ അബ്സഗ്, ഗായികയും നടിയുമായ ഹെലെന്‍ റെഡി, പൈലറ്റായ ബോണി ടിബ്രൂസി, എഴുത്തുകാരി വിര്‍ജീനിയ ഹാമില്‍ട്ടന്‍, ടെന്നീസ് താരം റോസി കസാല്സ്, അങ്ങനെ പ്രമുഖരുടെ ഒരു ലോഡ് മറുപടികളാണ് അവരെ തേടി വന്നത്. ഒപ്പം ന്യൂയോര്‍ക്ക് സ്റ്റേറ്റ് എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഗ്രാണ്ടും.
Supersisters കാര്‍ഡ്സ്, ആദ്യ പ്രിന്‍റില്‍ അടിച്ച മൂവായിരം സെറ്റും ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റ്‌ തീര്‍ന്നു. അടുത്ത പ്രിന്‍റില്‍ ആറായിരം സെറ്റാണ് അടിച്ചത്, പിന്നെ പതിനായിരം സെറ്റും. അപ്പോഴേക്കും, Supersisters രാജ്യം മുഴവനും സംസാരവിഷയമായി മാറിയിരുന്നു. 
ബജറ്റ് പ്രശ്നങ്ങള്‍ കാരണം 72 കാര്‍ഡുകളുടെ സെറ്റ് ആണ്, അവര്‍ക്ക് ഇറക്കാനായത്. പക്ഷെ ആ ലിസ്റ്റ് ഒരു ഒന്നൊന്നര ലിസ്റ്റ് ആയിരുന്നു. 
പുരുഷന്മാരുടെ എതിര്‍പ്പ് വകവയ്ക്കാതെ, ബോസ്റ്റന്‍ മാരത്തന്‍ ഓടിയ ആദ്യ വനിത, കാതറിന്‍ സ്വിറ്റ്സറെ കുറിച്ചും, വാഷിങ്ങ്ടന്‍ പോസ്റ്റ്‌ പത്രത്തിന്‍റെ പബ്ലിഷര്‍ ഒരു സ്ത്രീയായ കാതറിന്‍ ഗ്രഹാം ആണെന്നും, സ്കൂളുകളിലും, കോളേജുകളിലും വില്‍പ്പന നടത്തിയ കാര്‍ഡുകളിലൂടെ, കുട്ടികളും, അവര്‍ വഴി മുതിര്‍ന്നവരും മനസ്സിലാക്കി. അത് തന്നെയായിരുന്നു അവരുടെ ഉദ്ദേശവും. 
വ്യവസ്ഥിതിയുടെ പേരില്‍ അറിയപ്പെടാതെ, അറിയപ്പെട്ടാലും ചര്‍ച്ച ചെയ്യപ്പെടാതെ, പുരുഷന്മാരെ പോലെ സെലിബ്രിറ്റികളോ, റോള്‍ മോഡലുകളോ ആവാതെ പോയവരെ, ഇപ്പഴത്തെ തലമുറയ്ക്കും, ഇനി വരുന്ന തലമുറകള്‍ക്കുമായി പരിചയപ്പെടുത്തുക. അങ്ങിനെ സ്ത്രീകള്‍ സമൂഹത്തിനായി നല്‍കിയ സംഭാവനകളും, നടത്തിയ സേവനങ്ങളും, കുറെക്കൂടെ വിപുലമായ രീതിയില്‍ ചര്‍ച്ചാവിഷയമാവുക.
കാര്‍ഡുകളുടെ വിജയത്തെ തുടര്‍ന്ന്, ലുയീസും ബാര്‍ബറയും, അതിന്‍റെ രണ്ടാം സീരീസ് ഇറക്കാനുള്ള പദ്ധതികള്‍ തുടങ്ങി വച്ചതാണ്. 
പക്ഷെ ജീവിതവും, ചുമതലകളും ഒരു സൈഡിലൂടെ പോകുമ്പോള്‍, രണ്ട് പേര്‍ക്കും, തനിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതകള്‍ ഉണ്ടല്ലോ. പിന്നെ ആദ്യത്തെ ആ ചൂടും, അപ്പോള്‍, അവര്‍ക്ക് ഇല്ലായിരുന്നു. പിന്നീട്, ഒരിക്കലും ഈ പ്രോജക്റ്റ് തുടരാനായില്ലെങ്കിലും, അവര്‍ എന്ത് ഉദ്ദേശിച്ചാണോ കാര്‍ഡ്സ് ഇറക്കിയത്, അത് അപ്പോഴേക്കും നടന്ന് കഴിഞ്ഞിരുന്നു.
മറ്റൊരു സംഭവം കൂടെ പറഞ്ഞിട്ട് നിര്‍ത്താം.
Supersisters ഹിറ്റായതോടെ, സൂപ്പര്‍മാന്‍റെ ഉടമകളായ DC കോമിക്സ്, ലുയീസിനും, ബാര്‍ബറയ്ക്കും എതിരെ കേസുമായി വന്നിരുന്നു. 
സൂപ്പര്‍ എന്ന വാക്ക്, മറ്റെന്തിനോടും ചേര്‍ത്ത് പറയുന്നത്, അതിന്, സൂപ്പര്‍മാനുമായി ബന്ധമുണ്ടെന്ന് കാണിക്കാനാണെന്ന്, DC, കോടതിയില്‍ വാദിച്ചു. അതുവഴി, സൂപ്പര്‍മാന്‍റെ ചിലവില്‍ കൂടുതല്‍ പ്രചാരം ലഭിക്കുമെന്നും. ഒടുവില്‍, സൂപ്പര്‍മാന്‍റെ trademark കളറുകളായ നീലയും, ചുവപ്പും കാര്‍ഡുകളില്‍ ഉപയോഗിക്കില്ല എന്ന ഉറപ്പിന്മേല്‍, കേസ് ഒത്തുതീര്‍പ്പായി.

നരഭോജികളുടെ ദ്വീപില്‍ അകപ്പെട്ട് അവരുടെ രാജാവായി മാറിയ നാവികന്‍

the Swedish sailor who got trapped in an island with Cannibals and later became king of Tabar Island in Papua New Guinea



കപ്പലപകടത്തില്‍ പെട്ട് ആള്‍ താമസമില്ലാത്ത ദ്വീപില്‍, വര്‍ഷങ്ങളോളം തനിച്ച് താമസിക്കേണ്ടി വന്ന റോബിന്‍സണ്‍ ക്രൂസോയുടെ കഥ എല്ലാവര്‍ക്കും അറിയാമല്ലോ. 
വിമാനം തകര്‍ന്ന് വീണ്, പസിഫിക്കിലെ ആരുമറിയാത്ത ഒരു ദ്വീപില്‍ കഴിയേണ്ടി വന്ന ഫെഡ്-എക്സ് ഉദ്യോഗസ്ഥന്‍, ചക്ക് നോളണ്ടിന്‍റെ കഥ പറയുന്ന കാസ്റ്റ് എവേ എന്ന ചിത്രവും പ്രശസ്തമാണ്. 
എന്നാല്‍ ഇതിനെയൊക്കെ കവച്ച് വയ്ക്കുന്ന ഒരു യഥാര്‍ത്ഥ സംഭവമുണ്ട്. 
സഞ്ചരിച്ചിരുന്ന കപ്പല്‍ തകര്‍ന്ന്, പാപ്പുവ-ന്യൂഗിനിയിലെ, നരഭോജികളായ ഒരു വിഭാഗം ആളുകള്‍ താമസിക്കുന്ന, ടാബാര്‍ ദ്വീപിലേക്കെത്തിയ സ്വീഡിഷ് നാവികന്‍, എമില്‍ പീറ്റര്‍സന്‍റെ കഥ.
പതിനേഴാം വയസ്സിലാണ്, എമില്‍, ആദ്യമായി കടല്‍ കടക്കുന്നത്.
വര്‍ഷങ്ങളോളം ഓരോ കപ്പലുകളിലും, കമ്പനികളിലും ജോലി ചെയ്ത ശേഷം, 1898ല്‍, അന്ന് ജര്‍മ്മന്‍ കോളനിയായിരുന്ന പാപ്പുവ-ന്യൂഗിനിയിലെ, ബിസ്മാര്‍ക്ക് ദ്വീപ് സമൂഹത്തിലേക്ക് എത്തുമ്പോള്‍, എമിലിന്‍റെ പ്രായം വെറും 23 വയസ്സായിരുന്നു. 
വൈകാതെ, കൊക്കോപ്പ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ‘ന്യൂഗിനി-കമ്പനി’ എന്ന ജര്‍മന്‍ ചരക്ക് കമ്പനിയുടെ കപ്പലില്‍, അദ്ദേഹം നാവികനായി ജോയിന്‍ ചെയ്തു. അങ്ങിനെ വീണ്ടും, എമില്‍, ‘ന്യൂഗിനി-കമ്പനി’യുടെ ചിലവില്‍, ലോകം ചുറ്റാന്‍ തുടങ്ങി.
വര്‍ഷങ്ങള്‍ക്ക് ശേഷം, 1904ലാണ്, എമിലിനെ പ്രശസ്തനാക്കിയ, ആ ജീവിതം തന്നെ മാറ്റിമറിച്ച യാത്ര നടക്കുന്നത്.
അതൊരു ക്രിസ്മസ് ദിവസമായിരുന്നു.
പാപ്പുവ-ന്യൂഗിനിയുടെ ഭാഗമായ, ടാബാര്‍ ദ്വീപുകള്‍ക്കരികിലൂടെ സഞ്ചരിക്കുമ്പോഴുണ്ടായ അപടത്തില്‍, എമില്‍ സഞ്ചരിച്ചിരുന്ന Duke Johan Albrecht എന്ന കപ്പല്‍, കടലില്‍ താഴ്ന്നു. അപകടത്തില്‍ രക്ഷപ്പെട്ട എമില്‍, പ്രധാന ദ്വീപായ ടാബാറിന്‍റെ തീരത്താണ് വന്നടിഞ്ഞത്‌. കൃത്യം, അവിടത്തെ ദ്വീപ് വാസികളുടെ ഗ്രാമത്തിന് പുറത്ത്.
‘ഭക്ഷണം; വാതില്‍ക്കലെത്തിയ വിവരം, ഗ്രാമവാസികള്‍ അറിയാന്‍ വലിയ താമസം ഒന്നും എടുത്തില്ല. മിനിട്ടുകള്‍ക്കകം, അബോധാവസ്ഥയില്‍ കിടക്കുന്ന എമിലിനെ അവര്‍ വളഞ്ഞു. 
എമില്‍, അത്യാവശ്യം ഉയരവും, ആരോഗ്യവും ഒക്കെയുള്ള ആളായിരുന്നെങ്കിലും, ആയുധങ്ങളുമേന്തി നില്‍ക്കുന്ന അത്രയും പേര്‍ക്ക് മുന്നില്‍ അയാള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ആസന്നമായ മരണവും കാത്ത് കിടക്കുകയല്ലാതെ.
എന്നാല്‍ കൗതുകം കൊണ്ടാകാം, എമിലിന്‍റെ ശരീരവും, നിറവും കണ്ട അവര്‍, അത്ര പെട്ടെന്ന് അയാളെ കൈ വയ്ക്കാന്‍ തുടങ്ങിയില്ല. ആദ്യമായിട്ടായിരിക്കാം അവര്‍ ഒരു യൂറോപ്പ്യനെ, ജീവനോടെ കാണുന്നത്. ഇതിനിടെ ബോധം വന്ന എമിലിന്‍റെ നീലക്കണ്ണുകള്‍ കൂടി കണ്ടതോടെ, അവരുടെ ആശ്ചര്യം ഇരട്ടിച്ചു. ഗ്രാമവാസികള്‍, ഉടനെ എമിലിനെയും പൊക്കി, അവരുടെ രാജാവായ ലാമിയുടെ മുന്നില്‍ ഹാജരാക്കി.
നല്ല ആരോഗ്യവും, സൗന്ദര്യവും, പ്രത്യേകിച്ച് ആ നീലക്കണ്ണുകളും ഉള്ള എമിലിനെ രാജാവിനും വളരെ ഇഷ്ടമായി. അദ്ദേഹം, എമിലിനെ, അവിടെ, അവരില്‍ ഒരാളായി ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍, എമിലിനെ, രാജാവിനേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊരാള്‍ കൂടെയുണ്ടായിരുന്നു അവിടെ, അദ്ദേഹത്തിന്‍റെ മകള്‍, സിങ്ങ്ദോ രാജകുമാരി. അങ്ങിനെ സിങ്ങ്ദോയും, എമിലും തമ്മിലുള്ള പ്രണയത്തിന്‍റെ ഫലമായി, 1907ല്‍, അവര്‍ വിവാഹിതരായി.
ദ്വീപിലെ ആരും കൊതിക്കുന്ന സ്ഥാനത്ത് എത്തിയെങ്കിലും, എമില്‍, വെറുതെയിരിക്കാന്‍ തയ്യാറായിരുന്നില്ല. ദ്വീപിലെ നാളികേര സമ്പത്ത് മനസ്സിലാക്കി തുടങ്ങിയ കൊപ്രാ വ്യാപാരമായിരുന്നു ആദ്യത്തെ സംരംഭം. ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് പ്ലാന്‍റെഷനുകളും, വിവിധയിടങ്ങളിലായി സ്ഥാപിച്ചു. 
എല്ലായിടത്തും ജോലിക്ക് നിന്നിരുന്ന ദ്വീപ് നിവാസികളെയും, പുറമേ നിന്നുള്ളവരെയും, തുല്യരായി പരിഗണിച്ചും, അവരുടെ ആചാരങ്ങളും, വിശ്വാസങ്ങളും ബഹുമാനിച്ചും കൂടെ നിന്നതിനാല്‍, അന്നാട്ടുകാര്‍, എമിലിനെ അവരില്‍ ഒരാളായിത്തന്നെയാണ് കണ്ടിരുന്നത്. ഈ സ്വീകാര്യത കൊണ്ട് തന്നെ, ലാമി രാജാവിന്‍റെ മരണശേഷം, ദ്വീപിലെ അടുത്ത രാജാവിനെ കണ്ടത്താന്‍, അന്നാട്ടുകാര്‍ക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. 
അങ്ങിനെ, ‘കരുത്തനായ ചാര്‍ളി’ എന്നവര്‍ സ്നേഹത്തോടെ വിളിച്ചിരുന്ന എമില്‍, King Carl Emil Pettersson ആയി മാറി.
കാള്‍ (Carl) എന്ന പേരിന്‍റെ ബ്രിട്ടിഷ്-സാക്സന്‍ വകഭേദമാണ് ചാര്‍ളി.
സിങ്ങ്ദോ – എമില്‍ ദമ്പതികള്‍ക്ക് മൊത്തം എട്ട് മക്കളാണ് ഉണ്ടായിരുന്നത്. ബിസിനസിലെ വളര്‍ച്ചയോടൊപ്പം, ദ്വീപിന്‍റെ വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എമില്‍, കുടുംബ ജീവിതത്തിലും ഏറെ സന്തോഷവാനായിരുന്നു, 1921 വരെ. ആ വര്‍ഷമാണ്‌ സിങ്ങ്ദോ, ഇന്‍ഫെക്ഷന്‍ മൂലം മരണമടയുന്നത്. 
തൊട്ടടുത്ത വര്‍ഷം, സ്വീഡന്‍ സന്ദര്‍ശിച്ച എമില്‍, അവിടെ വച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെങ്കിലും, ദ്വീപിലേക്ക് തിരികെയെത്തിയപ്പോള്‍. ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു അവരെ കാത്തിരുന്നത്. 
എമിലിന്‍റെ അഭാവത്തില്‍, അവിടത്തെ തോട്ടങ്ങളും, ബിസിനസും എല്ലാം അവതാളത്തിലായിരുന്നു. സാമ്പത്തികമായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കെയാണ് അവര്‍ ദ്വീപിലേക്ക് തിരികെയെത്തിയതും. എന്നിട്ടും, പ്രതീക്ഷ കൈവിടാതെ, തോട്ടങ്ങള്‍ ഓരോന്നായി നന്നാക്കിയെടുക്കാന്‍, എമില്‍, ശ്രമിച്ചു കൊണ്ടിരുന്നു. എമിലിന്‍റെ തോട്ടങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്ന സിംബേരി ദ്വീപില്‍ സ്വര്‍ണ്ണ നിക്ഷേം കണ്ടെത്തിയതും, അവരുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. 
ടാബാര്‍ ദ്വീപ് സമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപുകളില്‍ ഒന്നാണ് സിംബേരി.
ജീവിതം അങ്ങിനെ, പതുക്കെ കരകയറുന്നതിനിടെയാണ്, പ്രതീക്ഷകള്‍ ഓരോന്നായി തല്ലിക്കെടുത്തിക്കൊണ്ട്, ഇരുവര്‍ക്കും മലേറിയ പിടിപ്പെടുന്നത്. എമിലിന്‍റെ ഭാര്യയെ, ആദ്യം ആസ്ട്രേലിയയിലും, പിന്നീട് സ്വീഡനിലേക്കും അയച്ച് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. സ്റ്റോക്ക്ഹോമില്‍ വച്ച്, അവര്‍, അസുഖം മൂര്‍ച്ചിച്ച് മരണപ്പെട്ടു. ഇതിനിടെ ആ സ്ത്രീയ്ക്ക് ക്യാന്‍സറും ബാധിച്ചതായി പറയപ്പെടുന്നുണ്ട്.
ഭാര്യ മരിച്ച അതേ വര്‍ഷം തന്നെയാണ്, എമില്‍, ടാബാറിനോടും വിട പറയുന്നത്, 1935ല്‍. 
ആ നാട്ടിലെ തന്‍റെ പദ്ധതികളും, സ്വപ്നങ്ങളും, ജീവിതവും ഉപേക്ഷിച്ച എമില്‍, പക്ഷെ സ്വന്തം നാട്ടിലേക്കല്ല പോയത്. ആസ്ട്രേലിയയായിരുന്നു തന്‍റെ ശിഷ്ടകാലം കഴിച്ചുകൂട്ടാനായി എമില്‍ തിരഞ്ഞെടുത്ത സ്ഥലം. അങ്ങോട്ട്‌ പോയതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല.
അങ്ങോട്ട്‌ മാറി, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു എമിലിന്‍റെ അവസാനത്തെ യാത്ര. 1937ല്‍, സിഡ്നിയില്‍ വച്ചുണ്ടായ ഹൃദയാഘാദം, എമിലിനെ, യാത്രകളില്ലാത്ത ലോകത്തേക്ക് കൂട്ടുക്കൊണ്ട് പോയി.

മരണം വഴിമാറിയ കഥ

Story of a victim who escaped the Serial Killer John Wayne Gacy
എഴുപതുകളില്‍ നടന്നതായി പറയപ്പെടുന്ന ഒരു സംഭവമാണ്.
അക്കാലത്ത് ഷിക്കാഗോ യൂണിവേര്‍സിറ്റിയില്‍ മെഡിസിന് പഠിച്ചിരുന്ന ഒരു യുവാവാണ് ഇതിലെ നായകന്‍. തല്ക്കാലം നമുക്ക് അദ്ദേഹത്തെ മാര്‍ക്ക് എന്ന് വിളിക്കാം.
ക്ലാസ്സിന് ശേഷം, വീട്ടിലേക്ക് മടങ്ങുകയായിരുന്നു, അന്ന്, മാര്‍ക്ക്.  
യൂണിവേര്‍സിറ്റിയില്‍ നിന്ന് വടക്ക് മാറി, ലിങ്കണ്‍ പാര്‍ക്ക് എന്ന സ്ഥലത്താണ് മാര്‍ക്ക് താമസിച്ചിരുന്നത്. സ്വന്തമായി കാറില്ലാത്തത് കൊണ്ട് ടാക്സി വിളിച്ചോ, ഏതെങ്കിലും വണ്ടിക്ക് കൈകാണിച്ചോ ആണ് സ്ഥിരമായി യാത്ര ചെയ്യുക.
അന്നും പതിവുപോലെ റോഡില്‍ നിന്ന് കൈകാണിച്ചപ്പോള്‍ അയാള്‍ക്കൊരു വണ്ടി കിട്ടി; മാര്‍ക്കിന് പോകേണ്ട വഴിക്ക് തന്നെ പോകുന്ന, രസികനായ ഒരു മനുഷ്യനായിരുന്നു ഡ്രൈവര്‍. പക്ഷെ ലേക്ക്-ഷോര്‍ ഡ്രൈവ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അയാള്‍ക്ക് വഴി തെറ്റി, വടക്ക് ഭാഗത്തേക്ക് തിരിക്കുന്നതിന് പകരം തെക്കോട്ടാണ്, അയാള്‍, വണ്ടി തിരിച്ചത്.
“വഴി തെറ്റി, എനിക്ക് നോര്‍ത്തിലേക്കാണ് പോകേണ്ടത്.”
മാര്‍ക്ക്‌ പറഞ്ഞു. 
പക്ഷെ അയാളില്‍ നേരത്തെ കണ്ട സൌഹൃദമൊന്നും ഉണ്ടായിരുന്നില്ല. 
വീണ്ടും മാര്‍ക്ക്, പറഞ്ഞത് തന്നെ ആവര്‍ത്തിച്ചപ്പോള്‍, അയാള്‍, പതുക്കെ തന്‍റെ കയ്യെത്തിച്ച്, മാര്‍ക്കിന്‍റെ കാല്‍മുട്ടില്‍ തടവിക്കൊണ്ട് പറഞ്ഞു.
“അല്ല മോനെ…. നീ എന്‍റെ കൂടെയാണ് വരുന്നത്!!!”
ആ പറഞ്ഞത് കേട്ട്, മാര്‍ക്ക് ആകെ മരവിച്ച് പോയി. മുഖത്ത് ഒരുതരം കൊല്ലുന്ന ചിരിയോടെയാണ്‌, അയാള്‍, ആ വാചകം പറഞ്ഞത്. 
കുറച്ച് നേരത്തേക്ക് എന്തെങ്കിലും പറയാനോ, പ്രതികരിക്കാനോ മാര്‍ക്കിന് കഴിഞ്ഞില്ല. ഉള്ളില്‍ നിറഞ്ഞ് നിന്നിരുന്ന ഷോക്ക്, അകപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ബോധം, കുതിക്കുന്ന ആ കാറില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകളുടെ അഭാവം. ഇതെല്ലാം അയാളുടെ കാലുകളെ ഐസ് ആക്കി മാറ്റിയിരുന്നു.
അപ്പോഴേക്കും വണ്ടി സൌത്ത്-ഷോര്‍ എന്ന സ്ഥലത്ത് എത്തിയിരുന്നു. 
മാര്‍ക്കിന്‍റെ ഭാഗ്യത്തിനാണ്, അവര്‍ സൌത്ത്-ഷോര്‍ വഴി വന്നത്. ആ ഭാഗത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ് സൌത്ത്-ഷോര്‍. ഒരു കാറിനും അവിടത്തെ സിഗ്നലില്‍ നിര്‍ത്താതെ പോകാനാകില്ല. അവര്‍ വന്ന സമയത്താണെങ്കില്‍, അവിടെ ആവശ്യത്തിന് ട്രാഫിക്കും ഉണ്ടായിരുന്നു.
ഡ്രൈവര്‍, ബ്ലോക്ക് കണ്ട് വണ്ടി നിര്‍ത്തിയതും, മാര്‍ക്ക്, കാറില്‍ നിന്നിറങ്ങി, തിരിഞ്ഞു നോക്കാതെ ഓടി. പക്ഷെ കഥ അതോടെ അവസാനിച്ചിരുന്നില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്വിസ്റ്റ്.
ഒരു തണുത്ത ഡിസംബര്‍ മാസത്തില്‍, തന്‍റെ ഭാവി ഭാര്യയോടൊപ്പം, കോഫീ ഷോപ്പില്‍ ഇരിക്കുകയായിരുന്നു മാര്‍ക്ക്. പെട്ടെന്നാണ് ഷോപ്പിലെ ടീവിയില്‍, ആ വാര്‍ത്ത കണ്ട്, മാര്‍ക്ക് ആകെ തരിച്ചുപോയത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത വാര്‍ത്തയായിരുന്നു അത്. രണ്ട് കൊല്ലം മുന്‍പ്, മാര്‍ക്കിനെ, കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അതേ ആള്‍.
നാല്പതിനടുത്ത് ചെറുപ്പക്കാരെയും, ടീനേജ് പയ്യന്മാരെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ, കില്ലര്‍ ക്ലൌണ്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധനായ സീരിയല്‍ കില്ലര്‍, ജോണ്‍ വെയിന്‍ ഗാസിയായിരുന്നു അത്. 

വാര്‍ത്തയില്‍ പറഞ്ഞ മറ്റൊരു വിവരമാണ് അയാളെ ശരിക്കും ഞെട്ടിച്ചത്. 
മാര്‍ക്ക് രക്ഷപ്പെട്ടതിന് ശേഷമുള്ള മുന്‍കരുതല്‍ എന്ന പോലെ, ഗാസിയുടെ കാറിന്‍റെ പാസഞ്ചര്‍ സൈഡിലെ വാതില്‍ അകത്ത് നിന്ന് തുറക്കാനുള്ള ഹാന്‍ഡില്‍ മുഴുവനായും അഴിച്ചു മാറ്റിയിരുന്നു. അതായത്, മാര്‍ക്കിന് ശേഷം ആരൊക്കെ അയാളുടെ വലയില്‍ വീണിട്ടുണ്ടോ, അവര്‍ക്കൊന്നും ആ കാറില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഗാസിയെ അറസ്റ്റ് ചെയ്തിട്ട് 40 വര്‍ഷത്തോളമായെങ്കിലും, ഇന്നും അയാള്‍ കൊലപ്പെടുത്തിയവരില്‍, ആറോളം പേരെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2011ല്‍ നടത്തിയ ഒരു DNA പരിശോധനയില്‍ രണ്ട് പേരെ കണ്ടത്തിയതാണ് കേസില്‍ അവസാനമായി നടന്ന ഏക പുരോഗതി. അതോടെ തിരിച്ചറിയാത്തവരുടെ എണ്ണം എട്ടില്‍ നിന്ന് ആറായി കുറഞ്ഞു.
ഒരു Reddit പോസ്റ്റില്‍ വന്ന അനുഭവമാണ്, ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിലെ ഏറെ രസകരമായ ഒരു കാര്യം എന്തെന്നാല്‍, ഈ അനുഭവത്തിന് കീഴില്‍, ഗാസിയുമായും, മറ്റു സീരിയല്‍ കില്ലര്‍മാരുമായും ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് പേര്‍, അവരുടെ അനുഭവങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഗാസിയുടെ അയല്‍ക്കാരനും, അയാളുടെ വീടിന്‍റെ alterations വര്‍ക്കുകള്‍ക്ക് പ്ലാന്‍ വരച്ചയാളുടെ മകനും അടക്കം.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജയില്‍പ്പുള്ളി – Julia Ann Crumpling

Julia Ann Crumpling was just seven when she was sentenced to seven days’ hard labour at Oxford prison in 1870. Making her the youngest prisoner in the history.



പോലീസ് റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയെടുക്കുന്ന ക്ലോസപ്പ് ചിത്രങ്ങളെ, പ്രത്യേകിച്ച് ക്രിമിനലുകളുടെ ചിത്രങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് മഗ്ഷോട്ട്സ്.
ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് കോട്ടയില്‍, വിക്ടോറിയന്‍ കാലഘട്ടത്തില്‍ തടവില്‍ കിടന്നവരുടെ മഗ്ഷോട്ട് ചിത്രങ്ങളും ഫയലുകളും, പ്രദര്‍ശനത്തിന് വച്ചപ്പോള്‍, അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച മഗ്ഷോട്ട്സില്‍ ഒന്നാണിത്. ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയുടെ പേരാണ് ജൂലിയ ആന്‍ ക്രംബ്ലിങ്ങ് (Julia Ann Crumpling). 
അവള്‍ ചെയ്ത കുറ്റമാണ് ഏറ്റവും രസകരം.
ഓക്സ്ഫോര്‍ഡിനടുത്തുള്ള വിറ്റ്‌നി എന്ന സ്ഥലത്തെ താമസക്കാരായിരുന്നു എഡ്മണ്ട് സ്മിത്തും ഭാര്യയും. ഒരിക്കല്‍ സ്മിത്ത് കുടുംബം, പുറത്തെങ്ങോ പോയപ്പോള്‍, അവരുടെ കുഞ്ഞിനെ കിടത്തി ഉന്തിനീക്കുന്ന വണ്ടി (pram) വാതില്‍ക്കല്‍ വച്ചിട്ടാണ് പോയത്. ഈ സമയം എന്തിനോ അതിലെ പോയ ജൂലിയ, പ്രാം കണ്ടപ്പോള്‍, അതെടുത്ത് ഓടിച്ച് കളിക്കാന്‍ തുടങ്ങി. 
1870ലായിരുന്നു അത്.
ഈ കാഴ്ചയും കണ്ടാണ്‌, സ്മിത്ത് കുടുംബത്തിന്‍റെ ജോലിക്കാരിയായ ആനി ഷെര്‍ബോണ്‍, പുറത്തേക്ക് വരുന്നത്. അവര്‍ ‘തൊണ്ടിയോടെ’ ജൂലിയയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. അങ്ങനെ മോഷണത്തിന് ശിക്ഷ കിട്ടി, ഓക്സ്ഫോര്‍ഡ് ജയിലിലെ സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗത്തിലേക്ക് കൊണ്ടാക്കുമ്പോള്‍, ജൂലിയയ്ക്ക് ഏഴ് വയസ്സായിരുന്നു പ്രായം. കിട്ടിയ ശിക്ഷയാകട്ടെ, ഒരാഴ്ചത്തെ കഠിനതടവും. 
പണ്ട് കോട്ടയിലെ കാവലിനായി ഉപയോഗിച്ചിരിക്കുന്ന സെന്‍റ് ജോര്‍ജ് ടവറിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കലായിരുന്നു അവിടത്തെ പ്രധാന ജോലി. ഒരു വമ്പന്‍ വീല് കറക്കി വേണം അങ്ങോട്ട്‌ വെള്ളം കയറ്റാന്‍. ദിവസം എട്ട് മണിക്കൂര്‍ ആണ് ഒരാള്‍ക്കുള്ള ഡ്യൂട്ടി ടൈം. എങ്കിലും ജൂലിയയ്ക്ക് കിട്ടിയ ജോലി അലക്ക് മാത്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘കുറ്റവാളി’ ജൂലിയ തന്നെയായിരുന്നെങ്കിലും, അന്നാട്ടില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ‘കുട്ടി’ അവള്‍ മാത്രമായിരുന്നില്ല. പട്ടിണി കൊടികുത്തി വാണിരുന്ന അക്കാലത്ത്, നിരവധി കുട്ടികളാണ്, ചെറിയ കുറ്റങ്ങളുടെ പേരില്‍, പല ജയിലുകളിലായി ഉണ്ടായിരുന്നത്. അതില്‍ പലര്‍ക്കും, ജോലിക്കാര്യത്തില്‍, ജൂലിയ്ക്ക് കിട്ടിയ ഭാഗ്യമൊന്നും കിട്ടിയിട്ടില്ല എന്നതാണ് ഏറെ വേദനിപ്പിക്കുന്ന ഒരു വസ്തുത. കൂടാതെ ശിക്ഷ കഴിഞ്ഞിറങ്ങിയ പലരും, മോഷണം തന്നെ തൊഴിലാക്കി വീണ്ടും, വീണ്ടും ജയിലുകളിലേക്ക്‌ തന്നെ മടങ്ങിയെത്തിയിരുന്നു.
അത്തരത്തില്‍ പ്രസിദ്ധമായ മറ്റൊരു ജയിലാണ് 1925ല്‍ അടച്ചുപൂട്ടിയ ന്യൂകാസില്‍ ജെയില്‍.

ഹൂവര്‍ ഡാമിലെ മരണങ്ങള്‍ – Are there Bodies Buried in Hoover Dam?

Over 100 people died in the construction of the Hoover Dam. Of those, 96 are identified as official “industrial fatalities”.

ഹൂവര്‍ ഡാമിലെ മരണങ്ങള്‍.


അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന ജലസംഭരണിയാണ് ‘കോണ്‍ക്രീറ്റ് അത്ഭുതം’ എന്നറിയപ്പെടുന്ന ഹൂവര്‍ ഡാം. 1936ല്‍, അതിന്‍റെ പണി കഴിയുമ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം ആയിരുന്നു അത്.
അമേരിക്കയെ ശരിക്കും പിടിച്ചുലച്ച ഗ്രേറ്റ്‌ ഡിപ്രഷന്‍ എന്ന മാന്ദ്യകാലത്തായിരുന്നു ഡാം പണിയാന്‍ തുടങ്ങിയത്. മാന്ദ്യകാലമായത് കൊണ്ട്, അന്ന് ഡാം നിര്‍മ്മിക്കുന്നിടത്തേക്ക് രാജ്യത്തെമ്പാടും നിന്നുള്ള തൊഴിലാളികളുടെ വമ്പന്‍ ഒഴുക്കാണ് കണ്ടത്. തൊഴിലാളികള്‍ ഒറ്റയ്ക്കല്ല, അവരുടെ കുടുംബം അടക്കം വന്ന് അവിടെ കോളനികള്‍ കെട്ടി താമസിക്കാന്‍ തുടങ്ങി. സര്‍വേയര്‍മാരുടെയും, എഞ്ചിനീയര്‍മാരുടെയും ക്യാമ്പുകള്‍ക്ക് ചുറ്റുമായി, ആയിരങ്ങളാണ് താല്‍ക്കാലിക വീടുകള്‍ കെട്ടി കോളനികള്‍ പോലെ താമസമായത്. 
അവര്‍ക്ക് വേണ്ടി അന്ന് വീടുകളും, റോഡുകളും, റെയില്‍വേ ലൈനും വരെ പണിയിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ബോള്‍ഡര്‍ സിറ്റി, ഇന്നും അവിടെത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ദിവസവും 3,500 പേര്‍ എന്ന കണക്കില്‍, മൊത്തം 21,000 തൊഴിലാളികളാണ് ഡാം നിര്‍മ്മിക്കാനായി വേണ്ടി വന്നത്. മരിച്ചവരുടെ എണ്ണം ആകട്ടെ, 96 എന്നാണ് ഔദ്യോഗിക കണക്കെങ്കിലും, നൂറിലധികം പേര്‍ മരിച്ചെന്നാണ് പരക്കെയുള്ള റിപ്പോര്‍ട്ട്.
ഒരുകാലത്ത് ഈ മരണങ്ങളുടെ പേരിലായിരുന്നു ഡാം പ്രശസ്തമായത്‌.
ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതിന്, വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ച ജെ ജി ടിയര്‍നി (J. G. Tierney) എന്ന സര്‍വേയറുടെ മരണമായിരുന്നു ആദ്യത്തേത്. ഡാമിനായി സ്ഥലത്തിന്‍റെ അളവെടുക്കുന്നതിനിടെ, വെള്ളത്തില്‍ വീണായിരുന്നു അദ്ദേഹത്തിന്‍റെ മരണം. 1922, ഡിസംബര്‍ 20നായിരുന്നു അത്. 
നിര്‍മ്മാണം തുടങ്ങിയ ശേഷം, കയറില്‍ തൂങ്ങിക്കിടന്ന് ഹൈറിസ്ക്ക് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികള്‍ക്കിടയില്‍, വീഴ്ചകളും, അപകടങ്ങളും, സ്ഥിരം സംഭവങ്ങള്‍ ആയിരുന്നു. അപ്പോള്‍പ്പിന്നെ മരണങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. ഈ റിസ്ക്ക് ജോലി കാണാന്‍ മാത്രം, ആയിരങ്ങളാണ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി, അങ്ങോട്ട്‌ ഒഴുകിയെത്തിയിരുന്നത്.



മൂന്ന് ആത്മഹത്യകളാണ് അവിടെ നടന്നിട്ടുള്ളത്. ബാക്കിയെല്ലാം സൈറ്റിലെ വിവിധ അപകടങ്ങളില്‍ മരണപ്പെട്ട തൊഴിലാളികള്‍. സൈറ്റിലേക്ക് വന്ന സന്ദര്‍ശകരില്‍ ഒരാളും, അപകടത്തില്‍ പെട്ട് മരണച്ചിട്ടുണ്ട്. 
ഇനി മരണങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കുന്ന കഥകളിലേക്ക്.
മരിച്ചവരില്‍ പലരെയും, ഡാമിന്‍റെ കോണ്‍ക്രീറ്റിനുള്ളിലാണ് അടക്കിയതെന്നാണ് ആദ്യം കേട്ട കിംവദന്തി. 
പിന്നീട്, ഡാമിന് കേടുപാടുകള്‍ ഇല്ലാതിരിക്കാന്‍, നിരവധി പേരെ കോണ്‍ക്രീറ്റിനകത്ത് ജീവനോടെ പുതച്ചിട്ടുണ്ട് എന്ന വാര്‍ത്തയും പരന്നിരുന്നു. 
ആ വാര്‍ത്ത ഇന്നും വിശ്വസിക്കുന്ന അനവധി പേരുണ്ട്, കാരണം, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍, ആളുകളെ, ജീവനോടെ അതിനൊപ്പം ചേര്‍ക്കുന്ന പരിപാടി പണ്ട് പല നാടുകളിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ജപ്പാനില്‍, അതിനെ അവിടെ Hitobashira എന്ന് പറയും. എന്തിന് പറയുന്നു, നമ്മുടെ പുനലൂര്‍ തൂക്ക് പാലത്തിനെ കുറിച്ച് വരെ ഇങ്ങനെയുള്ള കഥകള്‍ കേള്‍ക്കുന്നുണ്ട്.
എന്നാല്‍ അങ്ങിനെ ഒരു സംഭവം പോലും അവിടെ നടന്നിട്ടില്ല എന്നതാണ് പരമമായ സത്യം. 
എങ്കിലും ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങളില്‍, കിംവദന്തികള്‍ക്ക് പിറകെ പോകുന്നതാണല്ലോ, പണ്ടുതൊട്ടേ ആളുകളുടെ ശീലം. പതുക്കെ മാത്രം വിവരം വച്ച് തുടങ്ങിയ അന്നത്തെക്കാലത്ത്, റിക്കോര്‍ഡ് അളവില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഡാം പണിയുമ്പോള്‍, അതിനെ താങ്ങി നിര്‍ത്താന്‍ അമാനുഷികമായി എന്തെങ്കിലും ഉണ്ടെന്ന് ചിലര്‍ കരുതിയെങ്കില്‍, അതിനെ തെറ്റ് പറയാന്‍ ഒക്കില്ല.
അവസാനമായി ഒരു രസകരമായ സത്യം പറഞ്ഞിട്ട് നിര്‍ത്താം.
ഡാമിലെ ആദ്യത്തെ മരണം നടന്ന അതേ ഡേറ്റില്‍ തന്നെയായിരുന്നു അവിടത്തെ അവസാനത്തെ മരണവും, മറ്റൊരു ഡിസംബര്‍ 20ന്. മരിച്ചതാകട്ടെ, ഒരു എലക്ട്രീഷ്യന്‍റെ സഹായിയും, പേര് പാട്രിക്ക് ടിയര്‍നി (Patrick Tierney). അന്ന് മരിച്ച സര്‍വേയര്‍ ജെ ജി ടിയര്‍നിയുടെ മകന്‍.
J G Tierny and Patrick Tierney

റഷ്യയെ മുട്ട് കുത്തിച്ച ആ രാജാവിന്‍റെ ശാപം – The Curse of Tamerlane AKA Timur

Stalin ordered the opening of his tomb in 1941 with Russian anthropologist Mikhail Gerasimov given the task of exhumation.

June 20, 1941
അക്കാലത്ത് സോവിയറ്റ് യൂണിയന്‍റെ കീഴിലായിരുന്നു, മദ്ധ്യേഷ്യന്‍ രാജ്യമായ ഉസ്ബെക്കിസ്ഥാന്‍. 
ആ അധികാരം വച്ച്, സമര്‍ഘണ്ഡിലുള്ള ഒരു ചക്രവര്‍ത്തിയുടെ വമ്പന്‍ ശവകുടീരം തുറന്ന് പരിശോധിക്കുകയായിരുന്നു സോവിയറ്റ് നരവംശ ശാസ്ത്രജ്ഞരായ മിഖായേല്‍ ഗെരാസിമോവും, വസിലിയെവിച്ച് ഒഷാനിനും.


“ഞാന്‍ മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, ഈ ലോകം അതിന്‍റെ ശക്തിയില്‍ പ്രകമ്പനം കൊള്ളും”
അദ്ദേഹത്തിന്‍റെ കല്ലറയ്ക്ക് മുകളില്‍ ഇപ്രകാരം എഴുതിയിരുന്നതായി പറയപ്പെടുന്നുണ്ട്. 
പതിനഞ്ചാം നൂറ്റാണ്ട് തൊട്ട് യൂറോപ്പിനെ കിടുകിടാ വിറപ്പിച്ചിരുന്ന അദ്ദേഹം പക്ഷെ മദ്ധ്യേഷ്യയില്‍, മുസ്ലിം രാഷ്ട്രങ്ങളെ ഏകോപിപ്പിച്ച മഹാനായാണ് അറിയപ്പെടുന്നത്. ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍, ഈ യോജിപ്പിച്ചു എന്ന് പറയുന്ന സ്ഥലങ്ങളടക്കം, കീഴടക്കിയ ഭൂരിഭാഗം രാജ്യങ്ങളും, നഗരങ്ങളും, കൊള്ളയടിച്ചും, ജനങ്ങളെ കൂട്ടക്കൊല നടത്തിയുമാണ് അദ്ദേഹവും, സൈന്യവും കടന്നുപോയിട്ടുള്ളത്. എങ്കിലും ഓട്ടോമന്‍ സുല്‍ത്താന്മാരുമായുള്ള ശത്രുത, അദ്ദേഹത്തെ പല യൂറോപ്യന്‍ രാജാക്കന്മാരുടെയും മിത്രമാക്കി മാറ്റി. ശത്രുവിന്‍റെ ശത്രു മിത്രം എന്നപോലെ, ഓട്ടോമന്‍ സുല്‍ത്താനായ ബയെസിദ് ഒന്നാമനെ അദ്ദേഹം കീഴടക്കിയ ശേഷം, യൂറോപ്പിനെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ അലട്ടിയിരുന്ന വലിയൊരു ഭീഷണിക്കാണ് അന്ന് സമാധാനം ഉണ്ടായത്.
1404ല്‍ അദ്ദേഹം മരണമടയുമ്പോള്‍, യൂറോപ്പും, ചൈനയും, ഈസ്റ്റ് ആഫ്രിക്കയും വരെ പരന്നു കിടക്കുന്ന ഒരു മഹാ സാമ്രാജ്യത്തിന്‍റെ ഉടമയായിട്ടായിരുന്നു മടക്കം. ഒപ്പം, ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരില്‍ ഒരാളെന്ന ഖ്യാതിയും.
ഇനി സമര്‍ഘണ്ഡിലേക്ക് തിരികെയെത്താം.
ആദ്യത്തെ മുന്നറിയിപ്പ് വകവയ്ക്കാതെ, ഗെരാസിമോവ്, ആ കല്ലറ തുറക്കാന്‍ തുടങ്ങുമ്പോള്‍, മറ്റൊരെഴുത്ത് കൂടെ അതില്‍ കണ്ടെത്തി.
“എന്‍റെ കല്ലറ തുറക്കുന്നവര്‍ ആരോ, അവര്‍ എന്നെക്കാള്‍ വലിയൊരു അക്രമിയെയായിരിക്കും സ്വതന്ത്രമാക്കി വിടുക.”
അതായത്, ആ കല്ലറ തുറക്കുന്നവര്‍, അദ്ദേഹത്തെക്കാള്‍ ഭീകരനായ ഒരെതിരാളിയെ പ്രതീക്ഷിച്ച് വേണം ഇനി മുന്നോട്ടു പോവാന്‍.
സാക്ഷാല്‍ ചെങ്കിസ് ഖാന്‍റെ വംശപരമ്പരയിലെ കണ്ണിയെന്ന് പറയപ്പെടുന്ന, ചെങ്കിസ് ഖാന് ശേഷം ഡല്‍ഹി വരെ പടനയിച്ചെത്തി, അന്നത്തെ തുഗ്ലക്ക് സുല്‍ത്താന്മാരെ കടന്നാക്രമിച്ച്‌, നാമാവശേഷമാക്കി ഖാന്‍റെ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട അതിക്രൂരനായ മംഗോള്‍ പടത്തലവന്‍, തിമൂര്‍ ആയിരുന്നു ആ രാജാവ്. 
തിമൂറും മംഗോളുകളും കയറിയിറങ്ങിയ ഡല്‍ഹിയുടെ നഷ്ടപ്പെട്ട പ്രൌഡി തിരികെ ലഭിക്കാന്‍, ഏതാണ്ട് ഒരു നൂറ്റാണ്ടോളം വേണ്ടി വന്നെന്നാണ്‌ പറയപ്പെടുന്നത്. 
മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ, ആ കല്ലറ തുറന്ന് വിവരങ്ങള്‍ ശേഖരിക്കാനും, രേഖാചിത്രങ്ങളും, രൂപങ്ങളും നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനുമായിരുന്നു അവരുടെ തീരുമാനം. തിമൂറിന്‍റെ രൂപത്തെക്കുറിച്ചും, ശാരീരികാവസ്ഥകളെ കുറിച്ചും, വംശവുമായി ബന്ധപ്പെട്ടുമുള്ള നിരവധി സുപ്രധാന വിവരങ്ങളാണ് അന്ന് ലഭിച്ചത്. 
പക്ഷെ തിമൂര്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് മനസ്സിലായി.
തിമൂറിന്‍റെ ശാപമാണോ, വിധിയുടെ വികൃതിയാണോ എന്നറിയില്ല. കല്ലറ തുറന്ന് കൃത്യം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ചരിത്രപ്രസിദ്ധമായ ഓപ്പറേഷന്‍ ബാര്‍ബറോസ്സ അരങ്ങേറുന്നത്. സാക്ഷാല്‍ ഹിറ്റ്ലറുടെ കീഴിലുള്ള ജര്‍മ്മനി, സോവിയറ്റ് യൂണിയനെ അപ്രതീക്ഷിതമായി കയറി ആക്രമിച്ചു. അങ്ങിനെ സോവിയറ്റ് യൂണിയന്‍, ‘ഔദ്യോഗികമായി’ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് എടുത്തിടപ്പെട്ടു.
മറ്റൊരു രസകരമായ ട്വിസ്റ്റ് കൂടെ ഈ സംഭവത്തിനുണ്ട്.
ഇസ്ലാമിക വിധികള്‍ പ്രകാരം, 1942 നവംബറില്‍, തിമൂറിനെ വീണ്ടും മറവ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ്, റഷ്യ, സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ച്, റഷ്യന്‍ മണ്ണില്‍ നിന്ന് ഓടിക്കുന്നത്.

മൂര്‍ച്ചയോടെ കാത്തിരുന്ന പ്രതികാരം – Story of a Bullet, waited 20 years for Henry Ziegland

When his sister committed suicide after a failed relationship, one man vowed revenge against Henry Ziegland, the man who’d broken her heart. He shot at Ziegland but missed, and the bullet lodged in a nearby tree.

ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരില്‍ ഒരാളുടെ കഥയാണ്‌ പറയാന്‍ പോകുന്നത്.
ഹെന്‍റി സീഗ്ലെന്‍റ് എന്നയാളാണ് നമ്മുടെ കഥയിലെ നായകനും, വില്ലനും എല്ലാം. 1893ല്‍, ടെക്സാസിലെ, ഹണി ഗ്രോവ് എന്ന സ്ഥലത്താണ് ഈ സംഭവം നടക്കുന്നത്.
നാട്ടിലെ അറിയപ്പെടുന്ന റോമിയോ ആയ ഹെന്‍റി, തന്‍റെ ഏറെക്കാലത്തെ കാമുകിയുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം, എന്തോ കാരണങ്ങളാല്‍ അതില്‍ നിന്ന് പിന്മാറി. പിന്മാറ്റത്തിന്‍റെ കാരണം കൊണ്ടോ, തന്‍റെ അഭിമാനത്തിനേറ്റ ക്ഷതം കൊണ്ടോ, ആ പാവം പെണ്‍കുട്ടിക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ക്കുള്ളില്‍, വിഷമം സഹിക്കവയ്യാതെ അവള്‍ ജീവനൊടുക്കി.
മരണ വാര്‍ത്തയറിഞ്ഞിട്ടും ഹെന്‍റി വല്യ കുലുക്കമൊന്നും കാണിച്ചില്ലെന്ന് മാത്രമല്ല, തന്‍റെ ജീവിതം പഴയതിനേക്കാള്‍ സുഖകരമായി തുടരുകയാണ് ചെയ്തത്. പക്ഷെ കാമുകിയുടെ കുടുംബത്തിന്, പ്രത്യേകിച്ച് അവളുടെ സഹോദരന് ഇത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. 
അങ്ങിനെ ഒരു ദിവസം, തന്‍റെ സഹോദരിയുടെ മരണത്തിന് പ്രതികാരം ചോദിയ്ക്കാന്‍ അയാള്‍ പുറപ്പെട്ടു.

തോക്കുമായി ഹെന്‍റിയുടെ വീടിന് മുന്നിലേക്ക് എത്തിയപ്പോള്‍, ഹെന്‍റി അവിടെ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സമയം ഒട്ടും പാഴാക്കാതെ, അയാള്‍, തന്‍റെ പിസ്റ്റള്‍, ഹെന്‍റിയുടെ തലയ്ക്ക് നേരെ നീട്ടി കാഞ്ചി വലിച്ചു. ഹെന്‍റി വെടിയേറ്റ്‌ നിലംപതിക്കുകയും ചെയ്തു.
ഹെന്‍റിയെ വധിച്ച്‌, തന്‍റെ സഹോദരിക്ക് സംഭവിച്ച നീതികേടിന് മറുപടി കൊടുത്തിട്ട് വന്ന ആ സഹോദരന്, വീട്ടില്‍ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ഒരു മരണത്തിന്‍റെ ഷോക്കില്‍ നിന്നിരുന്ന അവര്‍ക്ക്, ഈ കൊലപാതകം, അതിനെക്കാള്‍ വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. കുറ്റബോധം സഹിക്കവയ്യാതെ, അയാള്‍ ആത്മഹത്യ ചെയ്തു.
പക്ഷെ ഹെന്‍റി മരിച്ചിരുന്നില്ല. 
ആ വെടിയുണ്ട അയാളുടെ മുഖത്തില്‍ ഉരസിയാണ് കടന്നുപോയത്.
അത് ചെന്ന്, പിന്നിലെ ഒരു മരത്തില്‍ തറച്ച് കയറി. ഈ സംഭവത്തിന് ശേഷം ഹെന്‍റിയുടെ സ്വഭാവത്തിന് മാറ്റം വന്നോ എന്നറിയില്ല, പക്ഷെ ആ ബുള്ളറ്റ് കയറിയ മരത്തെ, അയാള്‍, നന്നായി വെറുത്തിരുന്നു എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്
സംഭവം കഴിഞ്ഞ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, 1913ലാണ് ഇതിന്‍റെ ട്വിസ്റ്റ് നടക്കുന്നത്.
ഒരു ദിവസം എന്തോ കാരണത്താല്‍, വീടിന് മുന്നിലെ ആ മരം, അവിടന്ന് ഒഴിവാക്കാന്‍ ഹെന്‍റി തീരുമാനിച്ചു. എന്നാല്‍ വെട്ടിയോ, മുറിച്ചോ അല്ല. ഡൈനാമിറ്റ് വച്ച് പൊട്ടിച്ചാണെന്ന് മാത്രം. 
പലരും, അതൊരു മോശം പദ്ധതിയാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ഹെന്‍റി പിന്മാറിയില്ല. ഡൈനാമിറ്റ് ആവുമ്പോള്‍ പെട്ടെന്ന് ജോലി തീരുമെന്നതാണ് ഹെന്‍റി കണ്ട ഗുണം. അങ്ങിനെ മരത്തിന്‍റെ ഒരു സൈഡില്‍, നിരവധി ഡൈനാമിറ്റ് സ്റ്റിക്കുകള്‍ വച്ച് കെട്ടി, ആ മരത്തെ, കടയോടെ ഹെന്‍റി പിഴുതെറിഞ്ഞു.
പക്ഷെ പ്ലാനിങ്ങില്‍ ചെറിയൊരു പിഴവ് പറ്റി. 
സ്ഫോടനത്തില്‍ പരിക്ക് പറ്റാതിരിക്കാന്‍, ഡൈനാമിറ്റ് വച്ചതിന്‍റെ എതിര്‍വശത്താണ് ഹെന്‍റി നിന്നതെങ്കിലും, സ്ഫോടനത്തില്‍ തെറിച്ച് വന്ന ഒരു കഷണം, ഹെന്‍റിയുടെ തലയില്‍ തുളച്ചു കയറി. അതിന്‍റെ ശക്തിയില്‍, നിന്നിടത്ത്‌ നിന്ന് ഏതാനും അടി ദൂരെക്കാണ് ഹെന്‍റി തെറിച്ചു വീണത്.
ഉടനെ എല്ലാവരും, ഹെന്‍റിയെ പൊക്കിയെടുത്ത്, അടുത്തുള്ള ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഇതേ ഡോക്ടര്‍ തന്നെയാണ്, മുന്‍പ് ഹെന്‍റിക്ക് വെടിയേറ്റപ്പോള്‍ ചികിത്സിച്ചത്. 
പക്ഷെ അവിടെത്തും മുന്‍പ് ഹെന്‍റി മരിച്ചിരുന്നു.
വെറുമൊരു മരക്കഷണം എങ്ങിനെ തലയില്‍ ഇത്ര ആഴത്തില്‍ തുളച്ചുകയറുമെന്നും, അക്കാരണത്താല്‍ എങ്ങിനെ ഒരാള്‍ മരിക്കും എന്ന് സംശയിച്ചിരുന്ന ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും മുന്നിലേക്ക്, ഡോക്ടര്‍, ഹെന്‍റിയുടെ തലയിലേക്ക് തുളച്ചുകയറിയ ആ കഷണം എടുത്ത് കാണിച്ചു.
അത്, മുന്‍പ് ഹെന്‍റിയുടെ ജീവനെടുക്കാതെ കടന്നുപോയ ആ വെടിയുണ്ടയായിരുന്നു. പുറപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ഇപ്പോള്‍ അത് ലക്ഷ്യസ്ഥാനത്തേക്ക് എത്തി തന്‍റെ കര്‍മ്മം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഉണ്ട തറച്ചതിന്‍റെ നേരയാണ് ഹെന്‍റി നിന്നിരുന്നത്. ഡൈനാമിറ്റ് വച്ച് പൊട്ടിച്ചതാകട്ടെ, അതിന്‍റെ എതിര്‍വശത്തും. കൃത്യം ഒരു തോക്കിന്‍റെ മെക്കാനിസം പോലെ പ്രവര്‍ത്തിച്ച സ്ഫോടനത്തില്‍, അത്രയും കാലം ആ മരത്തിന്‍റെ ഭാഗമായി നിന്നിരുന്ന ഉണ്ട, വീണ്ടും ഒരു വെടിയുണ്ടയായി മാറി, തന്‍റെ ജോലി തീര്‍ത്തു. 
കാലം കാത്ത് വച്ച നീതി പോലെ.

The surgeon who operated on himself – സ്വയം ഓപ്പറേറ്റ് ചെയ്ത ഡോക്ടര്‍

Dr. Leonid Rogozov – How a Soviet doctor cut out his own appendix in the Antarctic

1961, അന്‍ററാര്‍ട്ടിക്ക.
പുതുതായി പണിത റഷ്യന്‍ ബേസില്‍, ആ പന്ത്രണ്ട് മനുഷ്യര്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. പുറത്ത് അതിശക്തമായി വീശിയടിക്കുന്ന ശീതകാറ്റും, ഖനത്തില്‍ വര്‍ഷിക്കുന്ന മഞ്ഞും.
വേദന കടിച്ചമര്‍ത്തിക്കൊണ്ട് റോഗോസോവ് പുറത്തേക്ക് നോക്കി. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല. ഈ കാലാവസ്ഥയില്‍ പുറത്ത് നിന്ന് ഒരുതരത്തിലുള്ള സഹായവും ലഭിക്കില്ലെന്ന് മാത്രമല്ല, ക്യാമ്പില്‍ നിന്ന് പുറപ്പെടാന്‍ ശ്രമിച്ചാല്‍ നിമിഷ നേരം കൊണ്ട്, കാറ്റ് അവരുടെ ഹെലികോപ്ടര്‍ എടുത്ത് നിലത്തടിക്കും.
റഷ്യയുടെ ആറാമത്തെ അന്‍ററാര്‍ട്ടിക്കന്‍ പര്യവേഷണമായിരുന്നു അത്.
ഷിര്‍മാക്കര്‍ ഒയാസിസ്‌ എന്നറിയപ്പെടുന്ന, 25 കിലോമീറ്റര്‍ നീളവും, മൂന്ന് കിലോമീറ്റര്‍ വീതിയുമുള്ള ഈ പീഠഭൂമി, ഒരു ധ്രുവ മരുപ്രദേശമായാണ് കണക്കാക്കപ്പെടുന്നത്. നൂറോളം ശുദ്ധജല തടാകങ്ങളുള്ള ആ പ്രദേശത്തായിരുന്നു, ഫെബ്രുവരി മാസത്തില്‍, അവരുടെ സ്റ്റേഷനായ Novolazarevskaya സ്ഥാപിച്ചത്.
മാര്‍ച്ചിലെ കൊടും ശീതകാലം കഴിഞ്ഞ് തിരികെ മടങ്ങാനായിരുന്നു പദ്ധതി. അതുവരേയ്ക്കും വേണ്ട സാധനങ്ങളും, സാമഗ്രികളും അവര്‍ സ്റ്റോക്ക് ചെയ്തതുമാണ്. മാര്‍ച്ച്‌ കഴിഞ്ഞ് ഏപ്രില്‍ ആയപ്പോഴാണ് റോഗോസോവിന് ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങുന്നത്; ക്ഷീണം, തലകറക്കം, വയറിന്‍റെ വലതുഭാഗത്ത് അസഹനീയമായ വേദന. പ്രശ്നം എന്താണെന്ന് പകല്‍ പോലെ വ്യക്തമാണ്‌, acute appendicitis. ഓപ്പറേറ്റ് ചെയ്ത് അപ്പെന്‍ഡിക്സ്‌ മുറിച്ച് കളയുക മാത്രമാണ് ഏക പോംവഴി. ടീമിലെ ഡോക്ടര്‍ക്ക് ഈസിയായി ചെയ്യാവുന്ന ഒരു പ്രോസീജ്യര്‍. പക്ഷെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല്‍, ഇരുപത്തിയേഴുകാരനായ ലിയോണിഡ് റോഗോസോവ് ആണ് ആ ടീമിലേക്കായി നിയോഗിക്കപ്പെട്ട ഏക സര്‍ജന്‍.

ഒന്നുകില്‍ സഹായത്തിന് വേണ്ടി കാത്തിരിക്കുക, പക്ഷെ ആറു മാസമെങ്കിലും കഴിയാതെ കപ്പല്‍ ഇനി അങ്ങോട്ടേക്ക് എത്തില്ല. എത്തിയാലും, കടല്‍ വഴി 36 ദിവസത്തെ യാത്രയുണ്ട് റഷ്യയിലേക്ക്. അതായത് കാത്തിരിക്കാന്‍ സമയവുമില്ല, കാത്തിരുന്നിട്ട് ഫലവുമില്ല.
അല്ലെങ്കില്‍ വിധിക്ക് കീഴടങ്ങുക. പക്ഷെ അങ്ങിനെ തോറ്റുകൊടുക്കാന്‍ റോഗോസോവ് തയ്യാറായിരുന്നില്ല. ഏറെ ആലോചനകള്‍ക്ക് ശേഷം, അപ്പെന്‍ഡിക്സ്‌ സ്വയം മുറിച്ച് നീക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
അതൊട്ടും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല.
പക്ഷെ ഒന്നും ചെയ്യാതെ ആസന്നമായ മരണം കാത്തിരിക്കുന്നതിലും നല്ലതല്ലേ രക്ഷപെടാന്‍ ഒരു പഴുതെങ്കിലും ഉണ്ടോ എന്ന് നോക്കുന്നത്. അങ്ങിനെ റോഗോസോവ് മാനസികമായും, ശാരീരികമായും ഓപ്പറേഷനായി തയ്യാറെടുത്തു.
അപ്പോഴേക്കും അവരുടെ ബേസ് കമാണ്ടര്‍, ഓപ്പറേഷനായി മോസ്ക്കോയില്‍ നിന്നുള്ള അനുവാദവും വാങ്ങിച്ചിരുന്നു. ശീതയുദ്ധ സമയമായത് കൊണ്ട്, പര്യവേഷകരില്‍ ഒരാളുടെ മരണം, അതൊരു വലിയ തിരിച്ചടി തന്നെയായിരിക്കും.
റോഗോസോവ് വ്യക്തമായ പ്ലാനിങ്ങോടെയാണ് ഓപ്പറേഷന്‍ തുടങ്ങിയത്.
വയര്‍ വ്യക്തമായി കാണുന്നതിന്, കണ്ണാടിയും, വിളക്കും കൊടുത്ത് രണ്ട് അസിസ്റ്റന്‍റ്മാരെ, വയറിനടുത്ത് തന്നെ നിര്‍ത്തിയിരുന്നു. എപ്പോഴെങ്കിലും ബോധം പോവുകയാണെങ്കില്‍, അഡ്രിനാലിന്‍ ഇന്‍ജക്ഷന്‍ എടുക്കാനും, ശ്വാസം നിലയ്ക്കുകയാണെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ വെന്‍റിലേഷന്‍ നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ്‌ അദ്ദേഹം ഓപ്പറേഷനിലേക്ക് കടന്നത്. പക്ഷെ തുടക്കം തൊട്ടേ വെല്ലുവിളികളായിരുന്നു.
ഓപ്പറേഷന് തൊട്ട് മുന്‍പ്, റോഗോസോവ് തന്‍റെ സഹപ്രവര്‍ത്തകരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍, അവര്‍ ധരിച്ച വെള്ള വസ്ത്രത്തെക്കാള്‍ വിളറിയിരിക്കുകയായിരുന്നു ആ മുഖങ്ങള്‍. അദ്ദേഹത്തിനും നല്ല ഭയമുണ്ടായിരുന്നു. പക്ഷെ സ്വയം സിറിഞ്ച് എടുത്ത്, അതില്‍ അനസ്തേഷ്യ ഡ്രഗ്ഗ് ആയ നോവോകെയിന്‍ നിറച്ച്, ഇന്‍ജക്ഷനെടുത്ത ശേഷം, പൂര്‍വ്വാധികം ഗൌരവത്തോടെ അദ്ദേഹം ഓപ്പറേഷനിലേക്ക് കടന്നു.
കഷ്ടകാലത്തിന് ലോക്കല്‍ അനസ്തേഷ്യയുടെ ആയുസ്സ്, വയര്‍ മുറിച്ച്, തുറക്കുന്നത് വരെ മാത്രമായിരുന്നു. ബാക്കിയെല്ലാം വേദന കടിച്ചമര്‍ത്തി ചെയ്യണം. ബോധം നഷ്ടപ്പെടാതിരിക്കാനായി അഞ്ച് മിനിറ്റ് ഓപ്പറേറ്റ് ചെയ്യുക, ഏതാനും നിമിഷങ്ങള്‍ വിശ്രമിക്കുക. ഇതായിരുന്നു രീതി. ഒപ്പം മുറിവിലൂടെ ഒലിച്ചിറങ്ങുന്ന രക്തവും തുടയ്ക്കണം. ഇതിനിടെ കണ്ണാടി അദ്ദേഹം ഉപേക്ഷിച്ചിരുന്നു, ചെയ്യുന്നതിന്‍റെ നേരെ ഓപ്പോസിറ്റ് കാണുന്നത് കണ്‍ഫ്യൂഷനും, കണ്ണിന് ആയാസവും ഉണ്ടാക്കുന്നതിനാല്‍, ബോധത്തെ അത് സാരമായി ബാധിക്കുന്നുണ്ടായിരുന്നു. കൈകള്‍ കൊണ്ട് തൊട്ടുനോക്കിയായിരുന്നു ബാക്കി ഓപ്പറേഷന്‍.

ഒടുവില്‍ നീണ്ട ഒരു മണിക്കൂറും, നാല്പത് മിനിട്ടുകളും കൊണ്ട്, അദ്ദേഹത്തിന്‍റെ കൈകള്‍ക്ക്, പെരിട്ടോണിയം കീറി, അപ്പെന്‍ഡിക്സിന്‍റെ അടുത്ത് എത്താനായി.
അപ്പോഴാണ്‌ അടുത്ത പ്രശ്നം. പെരിട്ടോണിയം കീറുന്നതിനിടെ, വന്‍കുടലും, ചെറുകുടലും തമ്മില്‍ ബന്ധിപ്പിക്കുന്ന, ബ്ലൈന്‍ഡ് ഗട്ട് എന്ന ഭാഗം കൂടെ, അദ്ദേഹം അറിയാതെ മുറിച്ചു പോയി. അപ്പോഴേക്കും ബോധവും ആരോഗ്യവും ഏതാണ്ട് ക്ഷയിച്ച് തുടങ്ങിയിരുന്നു, ബ്ലീഡിങ്ങ് ആണെങ്കില്‍ നല്ലവണ്ണം ഉണ്ട് താനും. ഒരുവിധത്തില്‍ ആ മുറിവ് എങ്ങിനെയൊക്കെയോ തുന്നിച്ചേര്‍ത്തപ്പോഴേക്കും തല നേരെ നില്‍ക്കാത്ത അവസ്ഥയായി.
പക്ഷെ അപ്പന്‍ഡിക്സ് കയ്യിലേക്ക് എത്തിയപ്പോള്‍ കണ്ട കാഴ്ച, ആ ഒറ്റ കാഴ്ച്ചയില്‍ റോഗോസോവിന്‍റെ പോയ ബോധമെല്ലാം തിരികെയെത്തി.
അസിസ്റ്റന്‍റ് പിടിച്ച് കൊടുത്ത കണ്ണാടിയില്‍, റോഗോസോവ് തന്‍റെ അപ്പന്‍ഡിക്സ്‌ വ്യക്തമായി കണ്ടു. അതില്‍ പടര്‍ന്ന് തുടങ്ങിയ ഇരുണ്ട കറയും. ഞെട്ടലോടെ റോഗോസോവ് ആ സത്യം മനസ്സിലാക്കി, ഈ ഓപ്പറേഷന്‍ ഒരു ദിവസം കൂടെ വൈകിയിരുന്നെങ്കില്‍, അത് ചിലപ്പോള്‍ തന്‍റെ ജീവനും കൊണ്ട് പോയിരുന്നേനെ.
At the worst moment of removing the appendix I flagged: my heart seized up and noticeably slowed; my hands felt like rubber. Well, I thought, it’s going to end badly. And all that was left was removing the appendix … And then I realised that, basically, I was already saved.
അപ്പോഴേക്കും ഹൃദയമിടിപ്പ് അതിന്‍റെ പരമാവധിയിലേക്ക് എത്തിയിരുന്നു, കൈകള്‍ മരവിച്ച് റബ്ബര്‍ പോലെയായി. എല്ലാം അവസാനിക്കാന്‍ പോകുന്നു എന്ന ചിന്ത മനസ്സിലേക്ക് വന്നപ്പോഴാണ് അദ്ദേഹം ഓര്‍ത്തത്, ഇനി ഇത് കൂടെയേ ചെയ്യാന്‍ ഒള്ളൂ, ഈ ഒരു കാര്യം മാത്രം. പതുക്കെ റോഗോസോവ്, തന്‍റെ അപ്പന്‍ഡിക്സ്‌ മുറിച്ചു നീക്കാന്‍ തുടങ്ങി. രണ്ട് മണിക്കൂര്‍ കൊണ്ട് ഓപ്പറേഷന്‍ തീര്‍ത്ത്, അദ്ദേഹം തന്നെയാണ്, തന്‍റെ സ്റ്റിച്ചുകള്‍ ഇട്ടത്.
ഇതേക്കുറിച്ച് അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ്സ് പറഞ്ഞത് ഇങ്ങനെയാണ്:
“എത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, ഓപ്പറേഷന്‍ നടക്കുന്ന സമയം മുഴുക്കെ ഡോക്ടര്‍ ശാന്തനായിരുന്നു. ഗ്ലൌസ് ധരിക്കാതെ, സ്വന്തം കൈ കൊണ്ട് തപ്പി, തടവിയാണ് ഓരോ കട്ടും, സ്റ്റിച്ചും വരെ, അദ്ദേഹം പൂര്‍ത്തിയാക്കിയത്. ആവശ്യപ്പെടുമ്പോള്‍ മാത്രം, നോക്കി ഉറപ്പ് വരുത്താനായി ഞങ്ങള്‍ കണ്ണാടി പിടിച്ച് കൊടുക്കും. ഇടയ്ക്കിടെ തല ചുറ്റുന്നു എന്ന് തോന്നുമ്പോള്‍ അല്‍പനേരം മാത്രം വിശ്രമിക്കും. ശേഷം പൂര്‍വ്വാധികം ഊര്‍ജ്ജത്തോടെ സര്‍ജറി തുടരും. സര്‍ജിക്കല്‍ ഉപകരണങ്ങളും, മുറിയും വൃത്തിയാക്കിച്ച ശേഷം മാത്രമാണ് അദ്ദേഹം ആന്‍റിബയോട്ടിക്കും, ഉറക്കത്തിനുള്ള മരുന്നും കഴിച്ച് കിടക്കാന്‍ തയ്യാറായത്.
ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടാഴ്ചകള്‍ക്ക് ശേഷം, റോഗോസോവ് ഡ്യൂട്ടിക്ക് തിരിച്ച് കയറി. മാസങ്ങള്‍ക്ക് ശേഷം അവര്‍ മോസ്ക്കോയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വമ്പന്‍ സ്വീകരണമാണ്, അവിടെ, അദ്ദേഹത്തെ കാത്തിരുന്നത്.
റോഗോസോവ് ഓപ്പറേഷന്‍ നടത്തുന്നതിനും ഏതാനും ആഴ്ട്ച്ചകള്‍ക്ക് മുന്‍പാണ്, ബഹിരാകാശത്തേക്ക് ആദ്യത്തെ മനുഷ്യന്‍ എത്തുന്നത്, റഷ്യക്കാരനായ യൂറി ഗാഗറിന്‍. ഗാഗറിനോടൊപ്പം റോഗോസോവും, റഷ്യയുടെ അഭിമാനമായി വാഴ്ത്തപ്പെട്ട്, Order of the Red Banner of Labour മെഡലും അദ്ദേഹത്തിന് സമ്മാനിച്ചു. പക്ഷെ ഇതിലൊന്നും താല്പര്യമില്ലാതിരുന്ന റോഗോസോവ്, വന്നതിന്‍റെ പിറ്റേന്ന് തന്നെ, തന്‍റെ പഴയ ആശുപത്രിയില്‍ റീജോയിന്‍ ചെയ്ത്, ഡ്യൂട്ടി തുടര്‍ന്നു.
അന്‍റ്റാര്‍ട്ടിക്ക പോലൊരു സ്ഥലത്ത് വച്ച് അപ്പെന്‍ഡിക്സിന്‍റെ പ്രശ്നം വന്നാല്‍, കാലുകള്‍ മടക്കി, കാല്‍മുട്ട് നെഞ്ചിലമര്‍ത്തി ഇരിക്കണമെന്നാണ് അറുപതുകളിലെ ചില മെഡിക്കല്‍ സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. ഈ അവസ്ഥയില്‍ അപ്പെന്‍ഡിക്സ്‌ പൊട്ടിയാലും, അത് പെരിട്ടോണിയത്തെ ബാധിക്കാതെ, മുഴുവന്‍ പഴുപ്പും (pus) ഇടുപ്പിലേക്ക് ഒഴുകിയിറങ്ങാനാണ് സാധ്യത. ഈ ഒരു വഴിയല്ലാതെ ഒരിക്കലും സ്വയം ഓപ്പറേറ്റ് ചെയ്യല്‍, ഒരു മെഡിക്കല്‍ സ്കൂളും പ്രോത്സാഹിപ്പിച്ചിട്ടില്ല. കാരണം അത് വിജയിക്കാനുള്ള സാധ്യത കുറവായത് കൊണ്ട് തന്നെയാണ്. ഈ അവസരത്തിലാണ് റോഗോസോവ് പ്രോസീജ്യര്‍ ഹിറ്റാവുന്നതും, അത് റഫറന്‍സ് എടുത്ത് പല മേഖലകളിലും ഉള്ള ആളുകള്‍ക്ക് ഉപകാരപ്പെടാനായി പരിശീലിപ്പിക്കണമെന്നും ഉള്ള വാദം, പല കോണുകളില്‍ നിന്നായി ഉയര്‍ന്നത്.
പക്ഷെ ഇന്നും സെല്‍ഫ് സര്‍ജറി പോയിട്ട് സെല്‍ഫ് മെഡിക്കേഷന്‍ പോലും, ഒരു മെഡിക്കല്‍ സ്കൂളും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അതിന്‍റെ റിസ്ക്‌ അത്രമാത്രം വലുതാണ്‌. ഈ ഒരു സംഭവത്തിന് ശേഷം, ഇന്ന് പല രാജ്യങ്ങളും, അപ്പെന്‍ഡിക്സ്‌ മുറിച്ച് മാറ്റിയതിന് ശേഷമേ അന്‍റ്റാര്‍ട്ടിക്കയിലേക്ക് ഡോക്ടര്‍മാരെ വിടൂ.
2000ല്‍ സെന്‍റ് പീറ്റര്‍സ് ബര്‍ഗില്‍ വച്ചാണ് റോഗോസോവ് മരണമടയുന്നത്.
“നമ്മള്‍ ഏത് പ്രതികൂല സാഹചര്യത്തില്‍ അകപ്പെട്ടാലും, എത്ര വലിയ പ്രശ്നത്തിനകത്തായാലും, എന്തൊക്കെ നമുക്കെതിരെ വന്ന് നിന്നാലും, ഒരിക്കലും ധൈര്യം മാത്രം കൈവിടരുത്. സ്വന്തം കഴിവില്‍ വിശ്വസിക്കുക, ജീവന് വേണ്ടി പൊരുതുക.”
“If you find yourself in a seemingly desperate situation when all the odds are against you. Even if you are in the middle of the most hostile environment, do not give up. Believe in yourself and fight, fight for life.”
റോഗോസോവിന്‍റെ മകന്‍ വ്ളാദിസ്ലാവ്, അച്ഛനില്‍ നിന്ന് ഉള്‍ക്കൊണ്ട് പറഞ്ഞ വാക്കുകളാണ്.

Charles Goodyear and The History of Vulcanized Rubber

Charles Goodyear’s discovery of the vulcanization of rubber—a process that allows rubber to withstand heat and cold—revolutionized the rubber industry in the mid-1800s. Automotive tires, pencil erasers, life jackets, balls, gloves, and more are all in commercial use because of Goodyear’s relentless experimentation to unlock the molecular structure of rubber—and to solve what has been called the greatest industrial puzzle of the 19th century. Part scientist, part dreamer, part entrepreneur, Goodyear devoted his life, and sacrificed his family’s wealth and his own health, to the commercial improvement of rubber.



മെച്ചപ്പെട്ട പണിയായുധങ്ങള്‍ക്കായി ഇംഗ്ലണ്ടിനെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അമേരിക്കയ്ക്ക്. (at least some parts) 
തദ്ദേശീയമായി കൈകൊണ്ടും, ചെറിയ ഫാക്ടറികളിലും നിര്‍മ്മിച്ച സാധനങ്ങളേക്കാള്‍, ഇംഗ്ലണ്ടിലെ വലിയ കമ്പനികള്‍ നിര്‍മ്മിച്ച വസ്തുക്കളോടായിരുന്നു പലര്‍ക്കും പ്രിയം. പക്ഷെ അവിടന്ന് കടല്‍ കടന്ന് എത്തുമ്പോഴേക്കും വില വാനോളം ഉയര്‍ന്നിട്ടുണ്ടാകും എന്ന് മാത്രം. 
അതിനൊരു മറുപടിയെന്നോണം, അമേരിക്കയില്‍ത്തന്നെ സ്വന്തമായി ക്വാളിറ്റിയുള്ള ആയുധങ്ങളും, ഉപകരണങ്ങളും നിര്‍മ്മിച്ച് വിറ്റാണ്, ആദ്യമായി ചാള്‍സ് എന്നൊരു സംരംഭകന്‍ തന്‍റെ കഴിവ് തെളിയിക്കുന്നത്.
1800 ഡിസംബര്‍ 29ന് ജനിച്ച ചാള്‍സ്, പഠിച്ചത് പണിയായുധങ്ങള്‍ നിര്‍മ്മിക്കാനാണെങ്കിലും, അച്ഛനോടൊപ്പം, ആനക്കൊമ്പും, ലോഹവും കൊണ്ടുള്ള ബട്ടണുകള്‍ നിര്‍മ്മിച്ച്‌ വിറ്റാണ് ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നത്. 
1824ല്‍, വിവാഹശേഷം ഫിലാഡെല്‍ഫിയയിലേക്ക് കുടിയേറിയ ചാള്‍സിന് മനസ്സിലായി, അവിടെ ബട്ടണുകളേക്കാള്‍ താന്‍ പഠിച്ച തൊഴിലിനാണ് സാധ്യതകള്‍ ഉള്ളത്. അങ്ങിനെ ഒരു hardware shop തുടങ്ങി, ബ്രിട്ടീഷുകാര്‍ നല്‍കുന്ന ക്വാളിറ്റിയില്‍ത്തന്നെ കൃഷിയായുധങ്ങള്‍ നിര്‍മ്മിച്ച്‌ വില്‍ക്കാന്‍ തുടങ്ങിയതോടെ, ചുരുങ്ങിയ സമയം കൊണ്ട് ചാള്‍സിന്‍റെ ബിസിനസ് ഒരു ഹിറ്റ് ആയി മാറി. 
പക്ഷെ അധികകാലം ആ ഭാഗ്യം നീണ്ട് നിന്നില്ല. അസുഖബാധിതനായ ചാള്‍സിന്‍റെ ബിസിനസ്, ചുരുങ്ങിയ സമയം കൊണ്ട് ക്ഷയിച്ച് ഇല്ലാതായി. വേറെ ചില ബിസിനസുകളെ കുറിച്ച് ആലോചിച്ചെങ്കിലും, ഒന്നും തന്നെ പച്ച തൊട്ടതുമില്ല.
അപ്പോഴേക്കും വര്‍ഷം 1830 ആയിരുന്നു.
ആയിടയ്ക്കാണ് അമേരിക്കയില്‍ റബര്‍ ഒരു ട്രെന്‍ഡ് ആയി മാറുന്നത്.
ഏത് രൂപത്തിലേക്കും ഉരുക്കാനും, ചുരുട്ടാനും പറ്റുന്ന ഈ അത്ഭുത വസ്തുവിനെ, അമേരിക്കക്കാര്‍ കൌതുകത്തോടെയാണ് വരവേറ്റത്. വളരെ പെട്ടെന്ന് തന്നെ റബ്ബര്‍ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കൊച്ചു കൊച്ചു ഫാക്ടറികള്‍, അവിടാകെ ഉയര്‍ന്നു വന്നു. നഗരങ്ങളില്‍, ബ്രസീലില്‍ നിന്ന് വന്ന ഈ അത്ഭുതവസ്തുവില്ലാത്ത ഒരു വീട് പോലും ഇല്ലെന്നു തന്നെ പറയാവുന്ന ഒരവസ്ഥ.
അതിനിടെ, ചാള്‍സ്, ഒരിക്കല്‍ ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു.
അവിടെ വച്ചാണ് ഒരു പരിപാടിക്കിടെ, റോക്സ്ബറി ഇന്ത്യാ റബര്‍ കമ്പനിയുടെ ചില റബര്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍, ചാള്‍സ് കാണുന്നത്. വളരെ പെട്ടെന്ന് തന്നെ അവയില്‍ പലതിന്‍റെയും പോരായ്മകള്‍, പ്രത്യേകിച്ച് ജീവന്‍ രക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റില്‍, കാറ്റ് നിറയ്ക്കാനുള്ള ട്യൂബിന്‍റെ പ്രശ്നങ്ങള്‍ വരെ, ചാള്‍സ്, ഒറ്റനോട്ടത്തില്‍ മനസ്സിലാക്കിയെടുത്തു.
തിരികെ നാട്ടിലേക്കെത്തിയ ചാള്‍സ്, അധികം വൈകാതെ വീണ്ടും ന്യൂയോര്‍ക്കിലേക്ക് തന്നെ പോന്നു. പക്ഷെ ഇത്തവണ, ആ ലൈഫ് ജാക്കറ്റില്‍ കുറെക്കൂടെ സേഫ് ആയി വയ്ക്കാവുന്ന ഒരു റബര്‍ വാല്‍വും കണ്ടുപിടിച്ചിട്ടായിരുന്നു വരവ്. 
റോക്സ്ബറി ഇന്ത്യാ റബര്‍ കമ്പനിയുടെ ഷോറൂമിലേക്ക് ചെന്ന ചാള്‍സ്, അവിടത്തെ മാനേജറുടെ മുന്നില്‍ തന്‍റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം, ഏറെ ഫലപ്രദമായ ആ കണ്ടുപിടുത്തത്തോട് അവിടത്തെ മാനേജറും, സ്റ്റാഫും മുഖം തിരിച്ച് നിന്നു. പക്ഷെ അതൊരിക്കലും ചാള്‍സിന്‍റെ കണ്ടുപിടുത്തത്തില്‍ എന്തെങ്കിലും പോരായ്മ കണ്ടിട്ടായിരുന്നില്ല. കണ്ടുപിടുത്തം അവര്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടിരുന്നു.
നിരാശനായി നിന്ന ചാള്‍സിനെ, അവരുടെ സ്റ്റോര്‍ റൂമില്‍, വിറ്റ്‌ പോകാതെ നശിഞ്ഞ് കിടക്കുന്ന സാധനങ്ങള്‍ കാണിച്ചിട്ട് മാനേജര്‍ പറഞ്ഞു.
“തണുപ്പ് കാലത്ത് മരം പോലെ ഉറച്ചും, ചൂടുകാലത്ത് അലിഞ്ഞും ഇരിക്കുന്ന ഈ സാധനങ്ങള്‍ ഇനി ആര് വാങ്ങാനാണ്? ഇതൊക്കെ കുഴിച്ച് മൂടുക മാത്രമാണ് ഏക പ്രതിവിധി!!”
മാനേജര്‍ ആ പറഞ്ഞത് സത്യമായിരുന്നു. ഇരുപതിനായിരം ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് റോക്സ്ബറി ഇന്ത്യാ റബര്‍ കമ്പനി അതുവരെ കുഴിച്ചു മൂടിയത്. റബറിന്‍റെ പ്രശ്നം മനസ്സിലാക്കിയ ആളുകള്‍, പതുക്കെ അതില്‍ നിന്ന് അകലാന്‍ തുടങ്ങിയിരുന്നു. ഒപ്പം, എണ്ണമറ്റ റബര്‍ ഫാക്ടറികള്‍ ഓരോന്നായി പൂട്ടാനും. അതായത് തുടങ്ങി അധികകാലം കഴിയും മുന്‍പേ തന്നെ ആളുകളുടെ കൌതുകം അവസാനിച്ചു തുടങ്ങി.
“റബര്‍ കൊണ്ടുള്ള വസ്തുക്കളില്‍ പരീക്ഷണം നടത്താതെ ആരെങ്കിലും ഈ പരീക്ഷണങ്ങളൊക്കെ റബറില്‍ നടത്തിയിരുന്നെങ്കില്‍.”
ചാള്‍സുമായി പുറത്തേക്ക് നടക്കുന്ന സമയം, മാനേജര്‍ ആത്മഗതം പറഞ്ഞു.
വൈകാതെ പുതിയ ഐഡിയയുമായി ചാള്‍സ് നാട്ടിലേക്ക് തിരിച്ചു.
പക്ഷെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. അവിടന്ന് പുറപ്പെട്ട് നാട്ടിലേക്ക് എത്തിയ ചാള്‍സ്, നേരെ ജയിലിലേക്കാണ് പോയത്. പൂട്ടിപ്പോയ ഏതോ ബിസിനസിന് പണം മുടക്കിയ ഒരു ഫിനാന്‍സ്യര്‍ കൊടുത്ത കേസില്‍.
ജയിലിലേക്ക് പോകുന്ന വഴി, ചാള്‍സ്, തന്‍റെ ഭാര്യയോട്‌ പറഞ്ഞു.
“എനിക്ക് കുറെ റബര്‍ വേണം, പിന്നെ നീ അടുക്കളയില്‍ മാവ് പരത്തുന്ന വടിയും….”
അങ്ങിനെ ജയിലില്‍ വച്ചാണ്, ചാള്‍സ്, റബറിലെ തന്‍റെ പരീക്ഷണങ്ങള്‍ തുടങ്ങുന്നത്..
ആദ്യം തന്നെ ടാല്‍ക്ക് (talc) ചേര്‍ത്ത്, റബറിനെ ഘര രൂപത്തില്‍ നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. നല്ല വെള്ള നിറത്തില്‍, ഷൂവുകള്‍ നിര്‍മ്മിക്കാന്‍ പാകത്തിലുള്ള റബര്‍ അങ്ങിനെ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. 
ഈ വിജയത്തിന്‍റെ ബലത്തില്‍, സുഹൃത്തുക്കളില്‍ നിന്ന് ഫണ്ടുകള്‍ ശേഖരിച്ച്, ചാള്‍സ് വീട്ടില്‍ത്തന്നെ ഷൂസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതിനിടെ എങ്ങിനെയോ കേസും അവസാനിച്ചു. നൂറുകണക്കിന് റബര്‍ ഷൂവുകളാണ് തന്‍റെ അടുക്കളയില്‍ നിന്ന് ചാള്‍സ് ഉണ്ടാക്കി വിറ്റത്. പക്ഷെ ചൂടുകാലം വന്നപ്പോള്‍, റബര്‍, അതിന്‍റെ തനിരൂപം കാണിച്ചു. ചൂടില്‍ എല്ലാത്തിന്‍റെയും രൂപം മാറി. അങ്ങിനെ നാട്ടുകാരും, ബന്ധുക്കളും വരെ പരാതികളും, കുറ്റപ്പെടുത്തലുകളുമായി വന്നപ്പോള്‍, ചാള്‍സിനും, കുടുംബത്തിനും അവിടന്ന് മാറേണ്ടി വന്നു.
ന്യൂയോര്‍ക്കിലെ ഒരു സുഹൃത്ത് നല്‍കിയ വീട്ടിലേക്കാണ് ചാള്‍സ് മാറിയത്. അതും, സ്വന്തം വീടും, പാരമ്പര്യമായി കിട്ടിയ എല്ലാ സ്വത്തുക്കളും വിറ്റ ശേഷം. അവിടെയും പരീക്ഷണങ്ങള്‍ തുടര്‍ന്നെങ്കിലും, ഭാഗ്യം അദ്ദേഹത്തെ തുണച്ചിരുന്നില്ല. ജീവിതത്തില്‍ കഷ്ടപ്പാടും, ബുദ്ധിമുട്ടുകളും വന്ന് നിറയാന്‍ തുടങ്ങി. പലപ്പോഴും ഭാര്യയുടെ ആങ്ങളമാര്‍ നല്‍കിയ സഹായത്തിലാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്.
ചാള്‍സ് അവിടെ ഉണ്ടാക്കിയ ലാബ് ആയിരുന്നു ഏറ്റവും രസകരം. 
കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍, പഴയ സാധനങ്ങള്‍ വച്ചിരുന്ന ഭാഗമാണ് ലാബ്. അവിടെ, വീട്ടിലെ അടുക്കളയില്‍ നിന്നെടുത്ത പാത്രങ്ങളിലാണ് മുഴുവന്‍ പരീക്ഷണവും. ചിലപ്പോഴൊക്കെ വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍, ചാള്‍സിന്‍റെ പരീക്ഷണങ്ങള്‍ തീരുന്നത് വേറെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്ക് കാശില്ലാതാകുമ്പോള്‍, ചാള്‍സ്, വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി എടുത്ത് വില്‍ക്കും. അങ്ങിനെ കുട്ടികളുടെ ടെക്സ്റ്റ് ബുക്കുകള്‍ വരെ വിറ്റിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഒരിക്കല്‍ ഭാര്യയുടെ മൂത്ത സഹോദരന്‍, ചാള്‍സിനോട് പറഞ്ഞു.
“റബര്‍ ഒരു കൌതുകമായിരുന്നു, പക്ഷെ ഇപ്പോള്‍ അതൊരു മരിച്ച സംഭവമാണ്. അതില്‍ ഇങ്ങനെ സമയം കളയാതെ സ്വന്തം കുട്ടികളുടെ വയറ്റിലേക്ക് ഭക്ഷണം എത്തിക്കാനുള്ള വഴി നോക്കിക്കൂടെ?”
ഒറ്റ വാചകത്തിലാണ്, ചാള്‍സ്, അതിന് മറുപടി പറഞ്ഞത്.
“ഞാന്‍ അതിനെ വീണ്ടും ജീവിപ്പിക്കാന്‍ പോവുകയാണ്…..”
അപ്പോഴേക്കും ആദ്യത്തെ വിജയം, ചാള്‍സിനെ തേടിയെത്തിയിരുന്നു. റബറിനെ, ചുണ്ണാമ്പും ചേര്‍ത്ത് പച്ചവെള്ളത്തില്‍ തിളപ്പിച്ച്‌, നന്നായി മിക്സ് ചെയ്തപ്പോള്‍, അത് ഒട്ടാതാവുകയും, സാധാരണ ചൂടില്‍ ഉരുകാതിരിക്കുകയും ചെയ്തു.
ചൂടേറ്റാല്‍ രൂപം മാറാത്ത ഈ റബര്‍, ആ വര്‍ഷത്തെ ന്യൂയോര്‍ക്ക് വ്യാപാര മേളയില്‍ അവതരിപ്പിച്ചപ്പോള്‍, ചാള്‍സിന്, അത്ര ചെറുതല്ലാത്ത തോതില്‍ അംഗീകാരവും, ഇന്ത്യന്‍ റബറിന്‍റെ പശിമ മാറ്റിയെടുത്തതിന് ഒരു മെഡലും വരെ കിട്ടി.
പക്ഷെ പെട്ടെന്ന് തന്നെ ആ വിജയവും അസ്തമിച്ചു. 
അതിലേക്ക് ഒരു തുള്ളി ആസിഡ് വീണാല്‍ മാത്രം മതി. ആല്‍ക്കലിയായ ചുണ്ണാമ്പിന്‍റെ ഫലം നഷ്ടപ്പെട്ട്, റബര്‍ വീണ്ടും പഴയ റബര്‍ തന്നെയാകും. നമുക്ക് ചുറ്റുമുള്ള പല വസ്തുക്കളിലും നിറയെ പലതരം ആസിഡുകള്‍ ആണല്ലോ.
അടുത്ത പരീക്ഷണം നൈട്രിക് ആസിഡും വച്ചായിരുന്നു. നൈട്രിക് ആസിഡും, ലെഡ് ഓക്സൈഡും വച്ച് കുറെക്കൂടെ മെച്ചപ്പെട്ട രീതിയില്‍ റബറിനെ ‘കടുപ്പമാക്കി’ എടുക്കാന്‍ ചാള്‍സിന് പറ്റിയിരുന്നു. പക്ഷെ അപ്പോഴും ചൂട് ഒരു വില്ലന്‍ തന്നെയായിരുന്നു. ഒപ്പം ആസിഡുകള്‍ പുറംതള്ളുന്ന പുക കണ്ടമാനം ശ്വസിച്ച്, ചാള്‍സിന്‍റെ ആരോഗ്യം ദിനംപ്രതി ശോഷിക്കാനും തുടങ്ങി. 
പതുക്കെ ചാള്‍സ് കണ്ടെത്തിയ ഈ രീതി വച്ച് ഉണ്ടാക്കുന്ന റബര്‍ കൊണ്ട്, നൂലുകളും, ലൈഫ് ജാക്കറ്റും, ഇടത്തരം ഷൂസുകളും എല്ലാം നിര്‍മ്മിക്കാന്‍ തുടങ്ങി. ഈ കണ്ടുപിടുത്തത്തിന് patent എടുത്ത ശേഷം, അത് മറ്റൊരു കമ്പനിക്ക് വിറ്റാണ്, ചാള്‍സ്, തന്‍റെ പരീക്ഷണങ്ങളിലേക്ക് മടങ്ങിയത്. ഇതിനിടെ, 1837ലെ സാമ്പത്തിക മാന്ദ്യത്തില്‍ എല്ലാം നഷ്ടപ്പെട്ട ചാള്‍സിനും കുടുംബത്തിനും, അവിടന്ന് താമസം മാറേണ്ടി വന്നിരുന്നു.
1839ലാണ് ചാള്‍സിന്‍റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. അതിനെക്കുറിച്ച് കേള്‍ക്കുന്ന ഒരു കഥ ആദ്യം പറയാം.
ചാള്‍സിന്‍റെ പരീക്ഷണങ്ങളിലും, വീട്ടിലെ ദാരിദ്ര്യത്തിലും മനംമടുത്ത ഭാര്യ, അദ്ദേഹത്തോട് മേലില്‍ പരീക്ഷണങ്ങള്‍ ഒന്നും നടത്തരുതെന്ന് താക്കീത് ചെയ്തിരുന്നു. ആസിഡ് പുക ശ്വസിച്ച് ജീവച്ചവമായി മാറിയ ആളെ, ഒരുപാട് കഷ്ടപ്പെട്ടാണ്‌ അവര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ചാള്‍സ് ആദ്യം അത് സമ്മതിച്ചെങ്കിലും, ഭാര്യയറിയാതെ വീട്ടില്‍ തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എത്ര കാലം സ്വപ്നങ്ങളെ അടക്കിവച്ച് ജീവിക്കാന്‍ പറ്റും? പക്ഷെ ഒരു ദിവസം ചാള്‍സിന്‍റെ കണക്കുകൂട്ടലുകള്‍ പാടേ തെറ്റി
അന്ന്, ചാള്‍സ്, അടുക്കളയില്‍ പരീക്ഷണത്തിലായിരുന്ന സമയം ഭാര്യ നേരത്തെ വീട്ടിലേക്ക് വന്നു. 
ഭാര്യ എത്തിയെന്ന് മനസ്സിലാക്കിയ വെപ്രാളത്തില്‍, ചാള്‍സ്, തെളിവ് നശിപ്പിക്കാനായി, പരീക്ഷിച്ചു കൊണ്ടിരുന്ന റബറും, ഗന്ധകവും എടുത്ത് കത്തുന്ന അടുപ്പിലേക്കാണ് ഇട്ടത്. മിനിറ്റുകള്‍ക്കകം, റബറും, ഗന്ധകവും ചേര്‍ന്ന് ഉരുകി അടുപ്പില്‍ നിന്ന് ഒലിച്ചിറങ്ങി, ആകെ കുളമായി. 
പക്ഷെ അല്പനേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് ചാള്‍സ് ആ കാഴ്ച കണ്ടത്; അടുപ്പിലെ ചൂട് ഏറ്റിട്ടും, ഉരുകി വീണ റബറിന് മാറ്റങ്ങള്‍ ഒന്നും ഇല്ല. പോരാത്തതിന് ഉരുകിയ ശേഷം അതിന്‍റെ കട്ടി വളരെയധികം കൂടിയിട്ടും ഉണ്ട്.
ചാള്‍സ് അതൊന്ന് അടിച്ചും, വലിച്ചും ഒക്കെ നോക്കി. എന്തൊക്കെ ചെയ്തിട്ടും രൂപത്തില്‍ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഇല്ല. അത്ഭുതത്തോടെ ചാള്‍സ് തിരിച്ചറിഞ്ഞു; 
‘അതെ, ശരിക്കും ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്ന റിസള്‍ട്ട്…..’
ചരിത്രകാരന്മാരുടെ വാക്കുകളില്‍; വോബേണ്‍ എന്ന സ്ഥലത്തെ, ഈഗിള്‍ ഇന്ത്യാ റബര്‍ ഫാക്ടറിയില്‍ വച്ചാണ്, ചാള്‍സ്, റബറും, ഗന്ധകവും മിക്സ് ചെയ്ത് പരീക്ഷിക്കുന്നത്. ചൂട് പാത്രത്തില്‍ വച്ച് മിക്സ് ചെയ്ത ശേഷം, റബര്‍ ഉരുകിയില്ലെന്ന് മാത്രമല്ല, ചൂടാകുന്തോറും അതിന്‍റെ കടുപ്പം കൂടുകയായിരുന്നു.
പക്ഷെ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടി വന്നു, ആ പരീക്ഷണം പൂര്‍ണ്ണതയില്‍ എത്തിച്ച്, കെമിക്കല്‍ ഫോര്‍മുല കൃത്യമായി കണ്ടെത്തിയെടുക്കാന്‍. അങ്ങിനെ 1844ല്‍ മാത്രമാണ്, തന്‍റെ പരീക്ഷണം, ചാള്‍സിന് patentനായി സമര്‍പ്പിക്കാന്‍ കഴിഞ്ഞത്.
ഇതിനിടെ 1842ല്‍, മറ്റൊരു കാര്യം കൂടെ ചാള്‍സ് കണ്ടെത്തിയിരുന്നു. 132 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍, നാല് മുതല്‍ ആറു മണിക്കൂര്‍ വരെ ആവിയില്‍ ചൂടാകുമ്പോഴാണ്, റബര്‍, അതിന്‍റെ മികച്ചതും, ഏറ്റവുമധികം നിലനില്‍ക്കുന്നതുമായ ഘരാവസ്ഥയില്‍ എത്തുക.
റോമന്‍ അഗ്നിദേവനായ Vulcanന്‍റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, താന്‍ കണ്ടുപിടിച്ച ഈ രീതിയെ Vulcanization എന്നാണ് ചാള്‍സ് വിളിച്ചത്. അങ്ങിനെ Naugatuck India Rubber Company എന്ന പേരില്‍ സ്വന്തമായി ഒരു ഫാക്ടറിയും അദ്ദേഹം സ്ഥാപിച്ചു. 
പക്ഷെ വിധി എന്നൊരു സംഭവം ഉണ്ടല്ലോ. 
Vulcanization പൂര്‍ണ്ണതയില്‍ എത്തും മുന്‍പേ തന്നെ, അതിന്‍റെ ബിസിനസ് സാദ്ധ്യതകള്‍ തിരഞ്ഞ്, ചാള്‍സ്, ധാരാളം സാമ്പിളുകള്‍, നിരവധി റബര്‍ കമ്പനികള്‍ക്ക് അയച്ചു കൊടുത്തിരുന്നു.
അതില്‍ ഒരു ലണ്ടന്‍ കമ്പനിയുടെ തലപ്പത്തിരുന്ന തോമസ്‌ ഹാന്‍കോക്ക്, ചാള്‍സിനെപ്പോലെ തന്നെ വര്‍ഷങ്ങളായി റബറില്‍ പരീക്ഷണം നടത്തി നിരാശനായി ഇരിക്കുമ്പോഴാണ്, കൃത്യം ചാള്‍സ് അയച്ച സാമ്പിള്‍ അങ്ങോട്ട്‌ എത്തുന്നത്. 
സാമ്പിളിലെ മഞ്ഞ ശോഭ കണ്ട ഹാന്‍കോക്കിന് വേഗം തന്നെ കാര്യം കത്തി. അങ്ങിനെ ചാള്‍സിന്‍റെ രീതി മനസ്സിലാക്കിയെടുത്ത ഹാന്‍കോക്ക്, 1843ല്‍, റബറിന്‍റെ Vulcanization ‘വീണ്ടും കണ്ടുപിടിച്ചു’. ലണ്ടനില്‍ patentനായി അപേക്ഷിക്കുമ്പോള്‍ മാത്രമാണ് ചാള്‍സ് ഈ ചതി മനസ്സിലാക്കുന്നത്. 
അതിനിടെ സ്റ്റീഫന്‍ മോള്‍ട്ടന്‍ എന്നൊരാളും, ഇതേ പരീക്ഷണം നടത്തി, patent അപേക്ഷയുമായി വന്നിരുന്നു. രണ്ടുപേര്‍ക്കും 1842ല്‍, ചാള്‍സ്, സാമ്പിളുകള്‍ അയച്ചു കൊടുത്തിരുന്നതാണ്. 
അങ്ങിനെ കേസ് കോടതിയിലേക്ക് എത്തി.
കേസ് നടക്കുന്നതിനിടെ, ഒത്തുതീര്‍പ്പിനായി ഹാന്‍കോക്ക് വന്നെങ്കിലും ചാള്‍സ് വഴങ്ങിയില്ല. ജയിച്ചാല്‍ നഷ്ടപരിഹാരത്തോടൊപ്പം, ഹാന്‍കോക്ക് നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളില്‍ നിന്നും, ചാള്‍സിന് റോയല്‍റ്റി ലഭിക്കുമായിരുന്നു. ഇതിനിടെ Vulcanization എന്ന വാക്ക്, ഹാന്‍കോക്കിന്‍റെ ടീമിലുള്ള ഒരാളുടെ സംഭാവനയാണെന്ന് വരെ വാദങ്ങള്‍ ഉണ്ടായി (അത് സത്യമാണെന്നും പറയപ്പെടുന്നു).
പക്ഷെ കേസ് ചാള്‍സ് തോറ്റു. വെറും പഠനത്തിലൂടെ മാത്രം കോപ്പിയടിക്കാന്‍ പറ്റുന്ന ഒരു രീതിയല്ല Vulcanization, എന്ന് കോടതി നിയമിച്ച ശാസ്ത്രജ്ഞര്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ചാള്‍സിന്‍റെ കേസുകള്‍ തള്ളിപ്പോയി.
Vulcanization കണ്ടുപിടിച്ചതില്‍ നിന്നുണ്ടാക്കിയ പണത്തിന്‍റെ ഭൂരിഭാഗവും ചാള്‍സ് ചിലവിട്ടത് ഇത്തരം കേസുകള്‍ക്ക് വേണ്ടിയാണ്. കേസുകളുടെ പിറകെ പോയി പണവും, സമയവും മാത്രമല്ല, ശരിക്കും അദ്ദേഹത്തിന്‍റെ ആരോഗ്യം കൂടെ ക്ഷയിച്ചിരുന്നു. ഒപ്പം സമാധാനവും. 1860, ജൂലൈ 1ന് ചാള്‍സ് മരിക്കുമ്പോള്‍, സമ്പാദ്യമായി ഒരു ചില്ലിക്കാശ് പോലും ഇല്ലെന്ന് മാത്രമല്ല, അന്നത്തെ രണ്ട് ലക്ഷം ഡോളര്‍ ആയിരുന്നു കടമായി ഉണ്ടായിരുന്നത്. 
രോഗബാധിതയായി കിടക്കുന്ന മകളെ കാണാന്‍, അവരുടെ ന്യൂയോര്‍ക്കിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മരണം. പോകും വഴിക്ക് മകളുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞ് വീഴുകയായിരുന്നു.
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഫ്രാങ്ക് സൈബര്‍ലിങ്ങ് എന്നൊരു പണക്കാരന്‍, തന്‍റെ പുതിയ റബര്‍ ഫാക്ടറി തുടങ്ങിയപ്പോള്‍, ചാള്‍സിനോടുള്ള ബഹുമാനാര്‍ത്ഥം, കമ്പനിക്ക് അദ്ദേഹത്തിന്‍റെ പേരാണ് നല്‍കിയത്. ആ കമ്പനിയാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടയര്‍ കമ്പനികളില്‍ ഒന്നായി വളര്‍ന്ന Goodyear Tyre & Rubber Company.
“ജീവിതം, അതൊരിക്കലും സമ്പാദ്യം വച്ചല്ല അളക്കേണ്ടത്. ഒരിക്കലും ഞാന്‍ നട്ടുനനച്ചതിന്‍റെ ഫലങ്ങള്‍ മറ്റുള്ളവര്‍ അനുഭവിച്ചതിന്‍റെ പേരില്‍ എനിക്ക് ഒരു പരാതിയും ഇല്ല. ശരിക്കും നമ്മള്‍ വിതച്ചത് മറ്റാരും കൊയ്യാതിരിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ വിഷമിക്കേണ്ടത്.”
Charles Goodyear, അദ്ദേഹത്തിന്‍റെ അവസാന കാലത്ത് പറഞ്ഞ വാക്കുകളാണ്.