Showing posts with label Africa. Show all posts
Showing posts with label Africa. Show all posts

ആര് ചോദിച്ചാലും ഫുഡ് ടേസ്റ്റര്‍ ആണെന്ന് പറയും. 27കാരന്‍ KFCയെ പറ്റിച്ച് ഫ്രീയായി ഭക്ഷണം കഴിച്ചത് ഇങ്ങനെ

ദക്ഷിണാഫ്രിക്കയിൽ ഒരു വർഷത്തോളം കെഎഫ്‌സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരൻ അറസ്റ്റിൽ. കെഎഫ്‌സിയുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ് തൊഴിലാളികളെ അടക്കം പറഞ്ഞുപറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ചത്.


ദക്ഷിണാഫ്രിക്കയിലെ ക്വസ്ലുലുനറ്റൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയാണ് പിടിയിലായിരിക്കുന്നത്. ഓരോ ദിവസവും ഓരോ കെഎഫ്‌സി ഔട്‌ലെറ്റുകളിലേക്ക് കയറിച്ചെന്ന് തന്നെ കെഎഫ്‌സി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനായി അയച്ചിരിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വയറുനിറയെ ആഹാരം കഴിച്ചത്.
കെനിയൻ പത്രപ്രവർത്തകനായ ടെഡി യൂജിൻ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഈ രസകരമായ വാർത്ത നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയായിരുന്നു. ഇത്രയും കാലം ഒരു ആഗോള ഭീമനെ പറ്റിച്ചത് നിസ്സാര കാര്യമല്ലെന്ന തിരിച്ചറിവില്‍ ട്വിറ്ററില്‍ ഇയാള്‍ക്ക് ഇപ്പോള്‍ ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്.

ഹിപ്പോയെ വളര്‍ത്തി പണികിട്ടിയ കര്‍ഷകന്‍

Humphrey the pet hippo kills his owner Marius in South Africa



ഒറ്റ രാത്രി കൊണ്ടാണ് സൌത്ത് ആഫ്രിക്കയിലെ മാരിയസ് എല്‍സ് എന്ന റിട്ടയര്‍ഡ് ആര്‍മി മേജര്‍ പ്രശസ്തനായത്.
പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം, കൃഷിയുമായി കഴിഞ്ഞുകൂടിയ മാരിയസ്, മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ട തന്‍റെ ‘മകനോടോപ്പമുള്ള’ ഒരു ചിത്രമാണ് അയാളെ ലോകം മുഴുക്കെ സംസാരവിഷയമാക്കി മാറ്റിയത്. കാരണം മാരിയസിന്‍റെ മകന്‍ ഹംഫ്രി എന്ന് പറയുന്നത്, ഒരു ടണ്‍ ഭാരമുള്ള ഒരു ഹിപ്പോപൊട്ടാമസ് ആണ്.
അന്ന് അഞ്ച് വയസ്സ് പ്രായമുള്ള ഹംഫ്രിയുടെ പുറത്ത് കയറി, മാരിയസ് സവാരി നടത്തുന്ന ചിത്രം പുറത്ത് വന്നപ്പോള്‍ തന്നെ, പല കോണുകളില്‍ നിന്നായി, പലരും അദ്ദേഹത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
‘അതൊരു വന്യമൃഗമാണ്‌, അതിനെ മെരുക്കാനല്ലാതെ ഇണക്കാന്‍ കഴിയില്ല. എന്നെങ്കിലും അതിന്‍റെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരും.’ എന്നെല്ലാം.
പക്ഷെ മാരിയസിന് തന്‍റെ മകനെ മറ്റാരേക്കാളും വിശ്വാസവും, സ്നേഹവും ആയിരുന്നു. ആ നാന്നൂര്‍ ഏക്കര്‍ ഫാമിലും, അടുത്ത് ഒഴുകുന്ന പുഴയിലുമായി, ഹംഫ്രിയും, മാരിയസിന്‍റെ പശുക്കളും, ഒപ്പം ഒരു ജിറാഫും, കണ്ടാമൃഗവും അങ്ങനെ വിഹരിച്ച് നടന്നു.
ഇടയ്ക്കിടെ നല്ല വികൃതികളും ഹംഫ്രി കാണിച്ചിരുന്നു.
ഒരിക്കല്‍ പുഴയിലൂടെ കയാക്കിങ്ങ് നടത്തിയ ഒരു അച്ഛനെയും, മകനെയും, ഹംഫ്രി ഓടിച്ച് മരത്തില്‍ കയറ്റി. ഒരുവിധത്തിലാണ്, അന്ന്, അവരെ രക്ഷപ്പെടുത്തി മാറ്റിയത്. ഫാമിലെ പശുക്കിടാവുകളെ തരം കിട്ടിയാല്‍ അകത്താക്കാനും ഹംഫ്രി മടിച്ചിരുന്നില്ല. ഇത്രയൊക്കെ ആയപ്പോള്‍, മാരിയസിന്‍റെ ഭാര്യയടക്കം, അയാളെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും, മാരിയസ് ഒന്നിനും വഴങ്ങിയില്ല.
“പട്ടികളും, പൂച്ചകളും, വീട്ടുമൃഗങ്ങളും മാത്രമായിട്ടല്ല. വന്യമൃഗങ്ങളുമായിട്ടും നമുക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിയും. ഞാനും ഹംഫ്രിയും തമ്മിലുള്ള ബന്ധം മനസ്സിലാവാത്തത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങിനെയൊക്കെ ചിന്തിക്കുന്നത്. എന്‍റെ ശബ്ദം കേട്ടാല്‍ മതി, അവന്‍ അടുത്തേക്ക് ഓടിവരാന്‍….”
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പ്രളയത്തില്‍, അവിടന്ന് കുറെ മാറിയുള്ള ഒരു നദീതീരത്ത് നിന്നാണ് കുഞ്ഞ് ഹംഫ്രിയെ, ആരോ രക്ഷപ്പെടുത്തുന്നത്. അന്ന് തൊട്ട് ഹംഫ്രി, മാരിയസിന്‍റെ ഫാമിലാണ് ഓടിക്കളിച്ച്‌ വളര്‍ന്നിരുന്നത്. (ചില റിപ്പോര്‍ട്ടുകള്‍ മാരിയസ് ആണ് രക്ഷപ്പെടുത്തിയത് എന്നും പറയുന്നുണ്ട്). വിധിയുടെ വികൃതിയെന്ന് തന്നെ പറയാം, വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തീരത്ത് വച്ച് തന്നെയാണ്, ഹംഫ്രി കടിച്ചുകീറിയ നിലയില്‍ മാരിയസിന്‍റെ മൃതദേഹവും ലഭിച്ചത്.
ആഫ്രിക്കയില്‍ വന്യമൃഗങ്ങളുടെ ആക്രമണമേറ്റ് മരിക്കുന്നവരില്‍ സിംഹഭാഗവും ഹിപ്പോയുടെ കടിയേറ്റാണ് മരിക്കുന്നത്. ആ തടിയും വച്ച്, ഹിപ്പോ, ഓടിച്ചിട്ടും, നദിയില്‍ പതിയിരുന്ന് ആക്രമിച്ചും ആളുകളെ ഈസിയായി കൊല്ലും. ഇതൊക്കെ അറിയുന്ന ആ നാട്ടുകാരന്‍ തന്നെ, മരണത്തെ വീട്ടില്‍ വിളിച്ച് കയറ്റി ചോദിച്ചുവാങ്ങി എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

പൈലറ്റിനെ രക്ഷിച്ച മിസ്റ്റര്‍ ബീന്‍

കെനിയയിലെ മൊംബാസയില്‍ നിന്ന് നൈറോബിയിലേക്ക് പറക്കുകയായിരുന്നു ആ ഇരട്ട എഞ്ചിനുള്ള പ്രൈവറ്റ് സെസ്സ്ന വിമാനം. 
കെനിയയില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ ഒരു ബ്രിട്ടീഷ് കുടുംബത്തെയും കൊണ്ട്, നൈറോബിയിലെ, വില്‍സന്‍ എയര്‍പോര്‍ട്ടിലേക്കായിരുന്നു യാത്ര. കൂടിപ്പോയാല്‍ ഒന്നേകാല്‍ മണിക്കൂര്‍ മാത്രമെടുക്കുന്ന ഒരു സാധാരണ ട്രിപ്പ്. 
അല്പദൂരം പിന്നിട്ടപ്പോഴാണ് യാത്രക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത്, വിമാനം വല്ലാണ്ട് താഴ്ന്ന് പറക്കുന്നു. 
വിവരമറിയാനായി, ഗൃഹനാഥന്‍, ഭാര്യയെയും കൂട്ടി കോക്ക്പിറ്റിലേക്ക് കയറിയപ്പോള്‍, ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്: വിമാനത്തിന്‍റെ ഏക പൈലറ്റ്‌, ബോധരഹിതനായി തന്‍റെ സീറ്റിലിരിക്കുന്നു.
ആരും പതറിപ്പോകുന്ന ആ അവസ്ഥയില്‍, ഒട്ടും വൈകിക്കാതെ ആ മനുഷ്യന്‍, പൈലറ്റിനെ സീറ്റില്‍ നിന്ന് താഴേക്ക് വലിച്ചിട്ട്, വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ജീവിതത്തില്‍ ഇന്നേവരെ വിമാനം ഓടിച്ചിട്ടില്ലെങ്കിലും, സ്വന്തം കുടുംബത്തിന്‍റെ ജീവന്‍ ഇങ്ങനെ പകുതിക്ക് നില്‍ക്കുമ്പോള്‍, റിസ്ക്ക് എടുക്കാതെ വേറെ നിവൃത്തിയില്ലല്ലോ. 
ഈ സമയം അദ്ദേഹത്തിന്‍റെ ഭാര്യ, ആ പൈലറ്റിനെ ഉണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.
വളരെയധികം താഴ്ന്ന് തുടങ്ങിയ ആ വിമാനത്തെ, ഏറെ പണിപ്പെട്ട് അയ്യായിരം അടി ഉയരത്തിലേക്ക് എത്തിച്ച് നിറുത്തിയപ്പോഴേക്കും, ഭാഗ്യത്തിന് പൈലറ്റിന് ബോധം തെളിഞ്ഞു. അപ്പോഴേക്കും ഫ്ലൈറ്റിന്‍റെ അസാധാരണമായ നീക്കങ്ങള്‍, ട്രാന്‍സ്പോണ്ടര്‍ വഴി എയര്‍പോര്‍ട്ടിലെ കണ്ട്രോള്‍ റൂമിലേക്കും എത്തിയിരുന്നു. 
പിന്നീട് പൈലറ്റിന്‍റെ കണ്ട്രോളില്‍ തന്നെ വിമാനം, സേഫായി വില്‍സന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി.
പ്രശ്നമുണ്ടായ സമയം, ആ മനുഷ്യന്‍, ഭയപ്പെട്ട് മാറി നിന്നിരുന്നെങ്കില്‍, ഒരുപക്ഷെ ഈ കഥ പറയാന്‍ അവരാരും ജീവനോടെ കാണില്ലായിരുന്നു. അറിവില്ലാത്ത ഒരാള്‍ക്ക്, സാമാന്യയുക്തി വച്ച് ചെയ്യാവുന്ന handling മാത്രമാണ് അദ്ദേഹം ചെയ്തതെങ്കിലും, സത്യത്തില്‍ പൈലറ്റ്‌ ഉണരുന്നത് വരെ, അത്രയും ജീവനുകള്‍ക്ക് സുരക്ഷിതമായിരിക്കാനുള്ള സമയമാണ് അദ്ദേഹം നേടിയെടുത്തത്.
മിസ്റ്റര്‍ ബീനായി ലോകത്തെ കുടുകുടെ ചിരിപ്പിച്ച റോവന്‍ ആറ്റ്കിന്‍സനായിരുന്നു ആ ഗ്രഹനാഥന്‍, ഒപ്പം ഭാര്യയായ സുനേത്രയും, എട്ടും, ആറും വയസ്സുള്ള മക്കള്‍ ബെന്നും, ലില്ലിയും.


മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഭാര്യ സുനേത്ര ശാസ്ത്രി ഒരു ഇന്ത്യന്‍ വംശജ കൂടിയാണ്. ചില വ്യക്തിപരമായ കാരണങ്ങളാല്‍, 2015ല്‍, റോവന്‍ – സുനേത്ര ദമ്പതികള്‍ വേര്‍പിരിഞ്ഞു.