Showing posts with label WW1. Show all posts
Showing posts with label WW1. Show all posts

ആരെയും കരയിക്കും, ഈ നന്മയുടെ കഥ – Story of Hoover & Paderewski

1892, Stanford University.
ഫീസ‌ടക്കാന്‍ പണമില്ലാതെ വിഷമിച്ചിരുന്ന ഒരു വിദ്യാര്‍ഥി അവിടെ ഉണ്ടായിരുന്നു. 
അനാഥനായ അവന്, മറ്റു വഴികളെല്ലാം അടഞ്ഞപ്പോള്‍, അതേ പ്രശ്നമുള്ള, സഹപാഠിയായ സുഹൃത്ത് ഒരാശയം പറഞ്ഞു കൊടുത്തു; ക്യാമ്പസ്സില്‍ ഒരു സംഗീത പരിപാടി നടത്തുക. എന്തായാലും കുറേപ്പേര്‍ കാണാനുണ്ടാകുമല്ലോ, ടിക്കറ്റില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് ചിലവും നടത്താം, ഫീസും അടയ്ക്കാം.
സംഭവം അവന് ഇഷ്ടമായി, അങ്ങിനെ രണ്ടാളും കൂടെ ഒരു പ്രമുഖ പിയാനിസ്റ്റിന്‍റെ മാനേജറെ ചെന്ന് കണ്ട് വിവരം അറിയിച്ചു. 
“രണ്ടായിരം ഡോളര്‍…”
മാനേജര്‍ പറഞ്ഞു.
രണ്ടായിരം ഡോളര്‍ എന്ന് പറഞ്ഞാല്‍ വളരെ വലിയൊരു തുകയാണ്. എങ്കിലും ക്യാമ്പസ്സിന്‍റെ വലുപ്പവും, അവിടുള്ള ആളുകളുടെ എണ്ണവും ഓര്‍ത്തപ്പോള്‍, അവര്‍, ആ തുകയ്ക്ക് തന്നെ പരിപാടി ഉറപ്പിച്ചു.
കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിയാണ് അവര്‍ സ്റ്റേജ് റെഡിയാക്കിയതും, പരിപാടിക്ക് പരസ്യം ചെയ്തതും, മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കിയതും എല്ലാം. സംഗീതജ്ഞന് വളരെ മികച്ച ഒരു സ്വീകരണവും അവര്‍ ഒരുക്കിയിരുന്നു. 
അങ്ങിനെ കാര്യങ്ങള്‍ എല്ലാം വളരെ ഭംഗിയായി തന്നെ നടന്നെങ്കിലും ടിക്കെറ്റ് വില്പന മാത്രം വിചാരിച്ച പോലെ നടന്നില്ല. ആകെ 1600 ഡോളര്‍ മാത്രമാണ് അവര്‍ക്ക് ടിക്കെറ്റ് വില്പനയില്‍ നിന്ന് ലഭിച്ചത്. 
‘അദ്ദേഹത്തെ എങ്ങിനെ പറഞ്ഞയക്കും? പറഞ്ഞയച്ചാലും ഒരുക്കങ്ങള്‍ നടത്തിയതിന്‍റെ പണം എങ്ങനെ തിരികെ കൊടുക്കും? എല്ലാറ്റിലും ഉപരി ഫീസ്‌ ഇനി എങ്ങിനെ അടയ്ക്കും?’
ഒടുക്കം കിട്ടിയ തുക കൊണ്ട് ആദ്യം അദ്ദേഹത്തിന്‍റെ പണം കൊടുക്കാം എന്നവര്‍ തീരുമാനിച്ചു. ക്ഷണിച്ചിട്ട് വന്ന ആളെ മാന്യമായിത്തന്നെ പറഞ്ഞയക്കണമല്ലോ.
ആളെ നേരില്‍ക്കണ്ട് കയ്യിലുണ്ടായിരുന്ന 1600 ഡോളറും, ബാക്കി നാന്നൂറ് ഡോളറിന്‍റെ ഒരു ചെക്കും കൊടുത്ത് അവര്‍ കാര്യം പറഞ്ഞു.
“ഫീസടക്കാന്‍ വേണ്ടി ചെയ്ത പരിപാടിയാണ്, പക്ഷെ ഇത്രയും മാത്രമാണ് ഞങ്ങള്‍ക്ക് പിരിഞ്ഞ് കിട്ടിയത്. അല്പം സാവകാശം തരുകയാണെങ്കില്‍ എങ്ങിനെയെങ്കിലും ബാക്കി നാന്നൂറ് ഡോളര്‍ ഞങ്ങള്‍ എത്തിച്ചു തരാം, അതുവരെ ഈ ചെക്ക് ഒരു ഗ്യാരണ്ടിയായി വയ്ക്കണം….”
എന്നാല്‍ വിചാരിച്ച ഒരു പ്രതികരണമല്ല അദ്ദേഹത്തില്‍ നിന്നുണ്ടായത്…
“ഇല്ല ഇത് നടക്കില്ല…”
ഉറക്കെ ആക്രോശിച്ചു കൊണ്ട്, കയ്യിലിരുന്ന ചെക്ക് അദ്ദേഹം രണ്ടായി കീറിയെറിഞ്ഞു.
പെട്ടെന്നുണ്ടായ ആ മാറ്റത്തില്‍ ഞെട്ടി വിറങ്ങലിച്ചു പോയ അവരുടെ കൈകളിലേക്ക്, ആ പണം തിരികെ വച്ചുകൊടുത്ത ശേഷം അദ്ദേഹം തുടര്‍ന്നു.
“ആദ്യം നിങ്ങള്‍ ഈ പണം കൊണ്ട്, ഇവിടത്തെ ചിലവുകള്‍ എല്ലാം തീര്‍ക്കുക. എന്നിട്ട് ഫീസും അടച്ച് ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രം എനിക്ക് തന്നാല്‍ മതി…”
അത്രയും പറഞ്ഞിട്ട്‌ നിറകണ്ണുകളുമായി നിന്ന അവരുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ച ശേഷം, അദ്ദേഹം യാത്രയായി.
പില്‍ക്കാലത്ത് പോളിഷ് പ്രധാനമന്ത്രിയായി മാറിയ ഇഗ്നാസി പടെറോവ്സ്കിയായിരുന്നു ആ വലിയ മനുഷ്യന്‍. 
ഏഴ് ഭാഷകളില്‍ പ്രവീണ്യമുണ്ടായിരുന്ന പടെറോവ്സ്കിയുടെ കാലത്താണ്, പോളണ്ടില്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍ മുതല്‍, ആധുനിക പഠന സമ്പ്രദായങ്ങള്‍ വരെ നടപ്പിലാക്കുന്നത്. ഒപ്പം വര്‍ഷങ്ങളായി നിലനിന്നിരുന്ന അതിര്‍ത്തി പ്രശ്നങ്ങളും അദ്ദേഹം മുന്‍കയ്യെടുത്ത് ഒത്തുതീര്‍പ്പാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പോളണ്ടിന്‍റെ മുഖമായിരുന്നു പടെറോവ്സ്കി.
ഇനി ബാക്കി കഥയിലേക്ക്.
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം അതിഭീകരമായ ഒരു ക്ഷാമത്തില്‍ പെട്ട് കഷ്ടപ്പെടുകയായിരുന്നു പോളണ്ട്. 
ലക്ഷക്കണക്കിന്‌ മനുഷ്യരാണ് അന്ന് പോളണ്ടില്‍ ഭക്ഷണമില്ലാതെ അലഞ്ഞത്. അവരെ പോറ്റാന്‍ കഴിയാതെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍, പടെറോവ്സ്കി, സഹായം അഭ്യര്‍ഥിച്ചപ്പോഴേക്കും, അമേരിക്കന്‍ പ്രസിഡണ്ടായ വുഡ്രോ വില്‍സന്‍, അമേരിക്കന്‍ റിലീഫ് അഡ്മിനിസ്ട്രെഷന്‍റെ തലവനായ ഹെര്‍ബെര്‍ട്ട് ഹൂവറെ, യൂറോപ്പിലെ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി അങ്ങോട്ട്‌ വിട്ടിരുന്നു.
1918ലായിരുന്നു അത്.
പോളണ്ടിലെ സ്ഥിതി മനസിലാക്കിയ ഹൂവര്‍, ഉടന്‍ തന്നെ ടണ്‍ കണക്കിന് ഭക്ഷണസാധനങ്ങള്‍ അങ്ങോട്ട്‌ കയറ്റിയയച്ചു. 1920 വരേയ്ക്കുമുള്ള കണക്ക് വച്ച്, ഇരുപത് ലക്ഷത്തോളം കുട്ടികള്‍ക്കുള്ള ഭക്ഷണമാണ്, അമേരിക്കയിലെ പതിനായിരക്കണക്കിന് വീടുകളില്‍ നിന്നായി ശേഖരിച്ച്, ഹൂവര്‍ പോളണ്ടിലേക്ക് കയറ്റിയയച്ചത്.
1919 ഓഗസ്റ്റ് മാസത്തില്‍, സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച്, ഹൂവര്‍, പോളണ്ട് സന്ദര്‍ശിക്കാന്‍ ചെന്നിരുന്നു. 

പക്ഷെ വാര്‍സയില്‍ ചെന്നിറങ്ങിയ ഹൂവറെ, വളരെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയാണ് അവിടെ കാത്തിരുന്നത്. ഇരുപത്തയ്യായിരം കുട്ടികളാണ് ഹൂവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ അങ്ങോട്ട്‌ വന്ന് ചേര്‍ന്നത്‌. അതും കൊടും തണുപ്പില്‍, ചെരുപ്പ് പോലും ഇടാതെ. 
ഉടന്‍ തന്നെ ഹൂവര്‍, വിവരങ്ങളെല്ലാം വച്ച് ന്യൂയോര്‍ക്കിലേക്ക് ടെലിഗ്രാം അയച്ച്, മണിക്കൂറുകള്‍ക്കകം, എഴുപതിനായിരം കോട്ടുകളും, അത്ര തന്നെ ജോഡി ഷൂസുകളുമാണ് പോളണ്ടിലേക്ക് പറന്നെത്തിയത്.
പിന്നീട് ഈ സംഭവത്തെകുറിച്ച് ചോദിച്ചപ്പോള്‍ ഹൂവറുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു.
“യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ആ കുട്ടികളെ പോലെ, ഞാനും ഒരു അനാഥനാണ്. സഹായിക്കാന്‍ ആരും ഇല്ലാത്തതിന്‍റെ വേദനയും, പെട്ടെന്ന് എവിടെന്നെങ്കിലും സഹായം ലഭിക്കുമ്പോള്‍ തോന്നുന്ന സന്തോഷവും ഒക്കെ എനിക്ക് നന്നായി മനസ്സിലാകും.”
സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ കൈപിടിച്ച് കുലുക്കി, പടെറോവ്സ്കി, തന്‍റെ രാജ്യത്തിന് വേണ്ടി നന്ദി പറയാന്‍ തുടങ്ങിയതും, പെട്ടെന്ന് ഹൂവര്‍ ഇടയ്ക്ക് കയറി പറഞ്ഞു.
“താങ്കള്‍ക്ക് എന്നോട് നന്ദി പറയേണ്ട കാര്യമില്ല മിസ്ടര്‍ പ്രൈം മിനിസ്ടര്‍. താങ്കള്‍ക്കിത് ഓര്‍മ്മയുണ്ടോ എന്നറിയില്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് താങ്കള്‍ അമേരിക്കയില്‍ വച്ച്, രണ്ട് വിദ്യാര്‍ഥികളെ കോളേജ് ഫീസ്‌ കൊടുക്കാനായി സഹായിച്ചിരുന്നില്ലേ? ആ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഈ ഞാനായിരുന്നു…!”
1929ല്‍, Herbert Hoover അമേരിക്കയുടെ മുപ്പത്തി ഒന്നാമത്തെ പ്രസിഡണ്ടായി സ്ഥാനമേറ്റു.
നമ്മള്‍ ചെയ്യുന്ന സഹായങ്ങള്‍, എത്ര വൈകിയാലും അത് മറ്റൊരു രൂപത്തില്‍ നമുക്ക് തന്നെ തിരികെ ലഭിക്കും എന്ന തത്ത്വത്തെ അടിവരയിടുന്ന ഒരു സംഭവമാണ് ഇത്.
PS: സംഭവത്തെകുറിച്ച് ഹൂവറുടെ ജീവചരിത്രത്തില്‍ കൃത്യമായ പരാമര്‍ശമില്ലെങ്കിലും, പഠിക്കുന്ന സമയം അവര്‍ കണ്ടതടക്കം ഇതിലെ പല സംഭവങ്ങളും സത്യമാണെന്നാണ്‌ പറയപ്പെടുന്നത്. ഹൂവറുമായി മരണം വരെ പടെറോവ്സ്കി നല്ല ബന്ധത്തിലുമായിരുന്നു.