Showing posts with label Disaster. Show all posts
Showing posts with label Disaster. Show all posts

മഹാറാണി സുനന്ദ കുമാരിരത്തന: കാലഹരണപ്പെട്ട നിയമത്തിന്‍റെ രക്തസാക്ഷി

സമൂഹത്തില്‍ നിന്ന് തൂത്തെറിയപ്പെടേണ്ട ആചാരങ്ങളും, നിയമങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഓര്‍മ്മിക്കേണ്ട ഒരു സംഭവമാണ് സുനന്ദ കുമാരിരത്തനയുടെ ദാരുണാന്ത്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാം (Thailand) വാണിരുന്ന രാമ അഞ്ചാമന്‍റെ രാജ്ഞിയായിരുന്നു സുനന്ദ കുമാരിരത്തന. സിയാമിനെ ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് കൈ പിടിച്ച് കയറ്റാന്‍ മുന്‍പന്തിയില്‍ നിന്ന Mongkut എന്ന രാമ നാലാമന്‍ രാജാവിന്‍റെ മകള്‍. 
ഒരിക്കല്‍ രാജകുടുംബത്തിന്‍റെ വേനല്‍ക്കാല വസതിയായ ബാംഗ് പാ കൊട്ടാരത്തിലേക്ക് പോവുകയായിരുന്നു രാജ്ഞിയും, ഒന്നര വയസ്സായ മകള്‍ കര്‍ണബോണ്‍ ബേജരത്തന രാജകുമാരിയും. സിയാമിലെ ഏറ്റവും വലിയ നദിയായ ചാഓ പ്രായ കടന്ന് വേണം അങ്ങോട്ട്‌ പോകാന്‍.
രാജ്ഞിയെയും മകളെയും പ്രത്യേകം അലങ്കരിച്ച ബോട്ടിലാക്കി, ഏതാനും അംഗരക്ഷകരെയും കൂടെ നിര്‍ത്തി, ബാക്കിയുള്ളവര്‍ കയറിയ വലിയ ബോട്ടുമായി ബന്ധിച്ച്, കെട്ടിവലിച്ചാണ് കൊണ്ട് പോയിരുന്നത്. ഏറ്റവുമടുത്ത പരിചാരികര്‍ അല്ലാതെ സ്വന്തം അംഗരക്ഷകര്‍ ആണെങ്കില്‍പ്പോലും, രാജ്ഞി ആവശ്യപ്പെടാതെ മുന്നില്‍ വന്ന് നില്‍ക്കാന്‍ പാടില്ല. അതിനാലാണ് അവര്‍ക്ക് മാത്രമായി പ്രത്യേകം ബോട്ട് ഒക്കെ ഉള്ളത്.
കഷ്ടകാലമെന്ന് പറയാം. ബോട്ടുകള്‍ രണ്ടും നദിയുടെ മദ്ധ്യത്തിലേക്ക് എത്തിയപ്പോള്‍, കനത്ത ഒഴുക്കില്‍പ്പെട്ട് രാജ്ഞിയുടെ ബോട്ട് തലകീഴായി മറിഞ്ഞു. 
രാജ്ഞിയും, രാജകുമാരിയും നദിയില്‍ മുങ്ങിപ്പൊങ്ങുന്ന സമയം, അവരോടൊപ്പം വെള്ളത്തില്‍ വീണ അംഗരക്ഷകര്‍ വേഗം വലിയ ബോട്ടിലേക്ക് നീന്തിക്കയറി, നിസ്സഹായരായി ഈ കാഴ്ചയും കണ്ട് നില്‍ക്കുകയായിരുന്നു. വലിയ ബോട്ടിലുണ്ടായിരുന്ന, രാജ്ഞിയുടെ സംരക്ഷണ ചുമതലയുള്ള പ്രധാന അംഗരക്ഷകന്‍ ആകട്ടെ, അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. 
കാരണം, സിയാമില്‍ കാലങ്ങളായുള്ള നിയമം അനുസരിച്ച് രാജകുടുംബാംഗങ്ങളുടെ ദേഹത്ത് തൊടുന്നവര്‍ക്ക് ലഭിക്കുക മരണശിക്ഷയാണ്. അതിപ്പോ ഏത് സാഹചര്യത്തിലായാലും ശരി, ശിക്ഷ കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
മുഴുവന്‍ പരിവാരങ്ങളും നോക്കി നില്‍ക്കെ, ഗര്‍ഭിണിയായ സുനന്ദ കുമാരിരത്തനയുടെ വയറ്റിലെ കുഞ്ഞടക്കം, മൂന്ന് പേരാണ് മരണമടഞ്ഞത്. വെറും പത്തൊമ്പത് വയസ്സ് മാത്രമായിരുന്നു അന്ന് രാജ്ഞിയുടെ പ്രായം. പണ്ട് ആരൊക്കെയോ ഉണ്ടാക്കിയ നിയമം, മറ്റാരൊക്കെയോ വളച്ചൊടിച്ച് നിര്‍ഭന്ധമാക്കിയതിന്‍റെ ഇരകള്‍.
അവരുടെ ഭര്‍ത്താവായ രാമ അഞ്ചാമന്‍ എന്ന ചുലാലോങ്ങ്കോണ്‍ രാജാവ് ഒരു പുരോഗമനവാദിയായിരുന്നു. 
ഈ വിവരമറിഞ്ഞ ഉടനെ, അദ്ദേഹം അന്നുണ്ടായിരുന്ന മുഴുവന്‍ അംഗരക്ഷകരെയും തുറുങ്കിലടയ്ക്കാന്‍ ഉത്തരവിട്ടു (പ്രധാന അംഗരക്ഷകനെ മാത്രമാണെന്നും പറയപ്പെടുന്നു). ജെഫ്രി ഫൈന്‍സ്റ്റോണ്‍ രചിച്ച The Royal Families of South-East Asia എന്ന ബുക്ക് പ്രകാരം, അക്കാലത്തെ ഏഷ്യന്‍ രാജകുടുംബങ്ങളില്‍ വച്ച് ഏറ്റവും ചിലവേറിയ സംസ്കാരമായിരുന്നു അന്ന് സുനന്ദ കുമാരിക്കായി നടന്നത്. ബാംഗ് പാ കൊട്ടാരം പുതുക്കിപ്പണിത്, അവിടെ രാജ്ഞിക്കും മക്കള്‍ക്കുമായി ഒരു സ്മാരകവും പണിതിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷമാണോ എന്ന് അറിയില്ല, ആ നിയമം പിന്നെ അധിക കാലം നില നിന്നിട്ടില്ല. ഇത്തരം തൊട്ട്കൂടായ്മകള്‍ ഒഴിവാക്കി, രാജകുടുംബാംഗങ്ങളെ ബഹുമാനിച്ചാല്‍ മാത്രം മതിയെന്ന് എഴുതപ്പെട്ടു. സിയാമില്‍ നിലനിന്നിരുന്ന അടിമത്ത്വത്തിനും, മറ്റു ചൂഷണങ്ങള്‍ക്കും തടയിട്ട്, സാമൂഹികപരമായും, ഭരണതലത്തിലും നിരവധി മാറ്റങ്ങള്‍ കൊണ്ട് വന്ന രാമ അഞ്ചാമന്‍, ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജാവെന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം തന്നെയാകണം ഈ മാറ്റത്തിന് പിന്നിലും.
രക്ഷിക്കാതിരുന്നതിന് പിന്നില്‍ മറ്റൊരു വിശ്വാസം കൂടിയുള്ളതായി കേള്‍ക്കുന്നുണ്ട്. 
ചില നാടുകളില്‍, വെള്ളത്തില്‍ വീണവരെ രക്ഷിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. അങ്ങനെ രക്ഷിച്ചാല്‍ അത് വെള്ളത്തിലെ ദേവതകളെയും, ആത്മാക്കളെയും പ്രകൊപിപ്പിക്കും എന്നും, രക്ഷിച്ചയാള്‍ക്ക് നേരെ അവരുടെ ക്രോധം ഉയരുമെന്നുമാണ് പറയപ്പെടുന്നത്. 
എന്തായാലും കാലഹരണപ്പെട്ട ആചാരങ്ങളും, വിശ്വാസങ്ങളും, നിയമങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലുമായി നിരവധി ജീവനുകളാണ് ഇപ്പോഴും അപഹരിക്കുന്നതെന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.

ഹിപ്പോയെ വളര്‍ത്തി പണികിട്ടിയ കര്‍ഷകന്‍

Humphrey the pet hippo kills his owner Marius in South Africa



ഒറ്റ രാത്രി കൊണ്ടാണ് സൌത്ത് ആഫ്രിക്കയിലെ മാരിയസ് എല്‍സ് എന്ന റിട്ടയര്‍ഡ് ആര്‍മി മേജര്‍ പ്രശസ്തനായത്.
പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം, കൃഷിയുമായി കഴിഞ്ഞുകൂടിയ മാരിയസ്, മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ട തന്‍റെ ‘മകനോടോപ്പമുള്ള’ ഒരു ചിത്രമാണ് അയാളെ ലോകം മുഴുക്കെ സംസാരവിഷയമാക്കി മാറ്റിയത്. കാരണം മാരിയസിന്‍റെ മകന്‍ ഹംഫ്രി എന്ന് പറയുന്നത്, ഒരു ടണ്‍ ഭാരമുള്ള ഒരു ഹിപ്പോപൊട്ടാമസ് ആണ്.
അന്ന് അഞ്ച് വയസ്സ് പ്രായമുള്ള ഹംഫ്രിയുടെ പുറത്ത് കയറി, മാരിയസ് സവാരി നടത്തുന്ന ചിത്രം പുറത്ത് വന്നപ്പോള്‍ തന്നെ, പല കോണുകളില്‍ നിന്നായി, പലരും അദ്ദേഹത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
‘അതൊരു വന്യമൃഗമാണ്‌, അതിനെ മെരുക്കാനല്ലാതെ ഇണക്കാന്‍ കഴിയില്ല. എന്നെങ്കിലും അതിന്‍റെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരും.’ എന്നെല്ലാം.
പക്ഷെ മാരിയസിന് തന്‍റെ മകനെ മറ്റാരേക്കാളും വിശ്വാസവും, സ്നേഹവും ആയിരുന്നു. ആ നാന്നൂര്‍ ഏക്കര്‍ ഫാമിലും, അടുത്ത് ഒഴുകുന്ന പുഴയിലുമായി, ഹംഫ്രിയും, മാരിയസിന്‍റെ പശുക്കളും, ഒപ്പം ഒരു ജിറാഫും, കണ്ടാമൃഗവും അങ്ങനെ വിഹരിച്ച് നടന്നു.
ഇടയ്ക്കിടെ നല്ല വികൃതികളും ഹംഫ്രി കാണിച്ചിരുന്നു.
ഒരിക്കല്‍ പുഴയിലൂടെ കയാക്കിങ്ങ് നടത്തിയ ഒരു അച്ഛനെയും, മകനെയും, ഹംഫ്രി ഓടിച്ച് മരത്തില്‍ കയറ്റി. ഒരുവിധത്തിലാണ്, അന്ന്, അവരെ രക്ഷപ്പെടുത്തി മാറ്റിയത്. ഫാമിലെ പശുക്കിടാവുകളെ തരം കിട്ടിയാല്‍ അകത്താക്കാനും ഹംഫ്രി മടിച്ചിരുന്നില്ല. ഇത്രയൊക്കെ ആയപ്പോള്‍, മാരിയസിന്‍റെ ഭാര്യയടക്കം, അയാളെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും, മാരിയസ് ഒന്നിനും വഴങ്ങിയില്ല.
“പട്ടികളും, പൂച്ചകളും, വീട്ടുമൃഗങ്ങളും മാത്രമായിട്ടല്ല. വന്യമൃഗങ്ങളുമായിട്ടും നമുക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിയും. ഞാനും ഹംഫ്രിയും തമ്മിലുള്ള ബന്ധം മനസ്സിലാവാത്തത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങിനെയൊക്കെ ചിന്തിക്കുന്നത്. എന്‍റെ ശബ്ദം കേട്ടാല്‍ മതി, അവന്‍ അടുത്തേക്ക് ഓടിവരാന്‍….”
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പ്രളയത്തില്‍, അവിടന്ന് കുറെ മാറിയുള്ള ഒരു നദീതീരത്ത് നിന്നാണ് കുഞ്ഞ് ഹംഫ്രിയെ, ആരോ രക്ഷപ്പെടുത്തുന്നത്. അന്ന് തൊട്ട് ഹംഫ്രി, മാരിയസിന്‍റെ ഫാമിലാണ് ഓടിക്കളിച്ച്‌ വളര്‍ന്നിരുന്നത്. (ചില റിപ്പോര്‍ട്ടുകള്‍ മാരിയസ് ആണ് രക്ഷപ്പെടുത്തിയത് എന്നും പറയുന്നുണ്ട്). വിധിയുടെ വികൃതിയെന്ന് തന്നെ പറയാം, വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തീരത്ത് വച്ച് തന്നെയാണ്, ഹംഫ്രി കടിച്ചുകീറിയ നിലയില്‍ മാരിയസിന്‍റെ മൃതദേഹവും ലഭിച്ചത്.
ആഫ്രിക്കയില്‍ വന്യമൃഗങ്ങളുടെ ആക്രമണമേറ്റ് മരിക്കുന്നവരില്‍ സിംഹഭാഗവും ഹിപ്പോയുടെ കടിയേറ്റാണ് മരിക്കുന്നത്. ആ തടിയും വച്ച്, ഹിപ്പോ, ഓടിച്ചിട്ടും, നദിയില്‍ പതിയിരുന്ന് ആക്രമിച്ചും ആളുകളെ ഈസിയായി കൊല്ലും. ഇതൊക്കെ അറിയുന്ന ആ നാട്ടുകാരന്‍ തന്നെ, മരണത്തെ വീട്ടില്‍ വിളിച്ച് കയറ്റി ചോദിച്ചുവാങ്ങി എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഹൂവര്‍ ഡാമിലെ മരണങ്ങള്‍ – Are there Bodies Buried in Hoover Dam?

Over 100 people died in the construction of the Hoover Dam. Of those, 96 are identified as official “industrial fatalities”.

ഹൂവര്‍ ഡാമിലെ മരണങ്ങള്‍.


അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന ജലസംഭരണിയാണ് ‘കോണ്‍ക്രീറ്റ് അത്ഭുതം’ എന്നറിയപ്പെടുന്ന ഹൂവര്‍ ഡാം. 1936ല്‍, അതിന്‍റെ പണി കഴിയുമ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം ആയിരുന്നു അത്.
അമേരിക്കയെ ശരിക്കും പിടിച്ചുലച്ച ഗ്രേറ്റ്‌ ഡിപ്രഷന്‍ എന്ന മാന്ദ്യകാലത്തായിരുന്നു ഡാം പണിയാന്‍ തുടങ്ങിയത്. മാന്ദ്യകാലമായത് കൊണ്ട്, അന്ന് ഡാം നിര്‍മ്മിക്കുന്നിടത്തേക്ക് രാജ്യത്തെമ്പാടും നിന്നുള്ള തൊഴിലാളികളുടെ വമ്പന്‍ ഒഴുക്കാണ് കണ്ടത്. തൊഴിലാളികള്‍ ഒറ്റയ്ക്കല്ല, അവരുടെ കുടുംബം അടക്കം വന്ന് അവിടെ കോളനികള്‍ കെട്ടി താമസിക്കാന്‍ തുടങ്ങി. സര്‍വേയര്‍മാരുടെയും, എഞ്ചിനീയര്‍മാരുടെയും ക്യാമ്പുകള്‍ക്ക് ചുറ്റുമായി, ആയിരങ്ങളാണ് താല്‍ക്കാലിക വീടുകള്‍ കെട്ടി കോളനികള്‍ പോലെ താമസമായത്. 
അവര്‍ക്ക് വേണ്ടി അന്ന് വീടുകളും, റോഡുകളും, റെയില്‍വേ ലൈനും വരെ പണിയിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ബോള്‍ഡര്‍ സിറ്റി, ഇന്നും അവിടെത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ദിവസവും 3,500 പേര്‍ എന്ന കണക്കില്‍, മൊത്തം 21,000 തൊഴിലാളികളാണ് ഡാം നിര്‍മ്മിക്കാനായി വേണ്ടി വന്നത്. മരിച്ചവരുടെ എണ്ണം ആകട്ടെ, 96 എന്നാണ് ഔദ്യോഗിക കണക്കെങ്കിലും, നൂറിലധികം പേര്‍ മരിച്ചെന്നാണ് പരക്കെയുള്ള റിപ്പോര്‍ട്ട്.
ഒരുകാലത്ത് ഈ മരണങ്ങളുടെ പേരിലായിരുന്നു ഡാം പ്രശസ്തമായത്‌.
ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതിന്, വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ച ജെ ജി ടിയര്‍നി (J. G. Tierney) എന്ന സര്‍വേയറുടെ മരണമായിരുന്നു ആദ്യത്തേത്. ഡാമിനായി സ്ഥലത്തിന്‍റെ അളവെടുക്കുന്നതിനിടെ, വെള്ളത്തില്‍ വീണായിരുന്നു അദ്ദേഹത്തിന്‍റെ മരണം. 1922, ഡിസംബര്‍ 20നായിരുന്നു അത്. 
നിര്‍മ്മാണം തുടങ്ങിയ ശേഷം, കയറില്‍ തൂങ്ങിക്കിടന്ന് ഹൈറിസ്ക്ക് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികള്‍ക്കിടയില്‍, വീഴ്ചകളും, അപകടങ്ങളും, സ്ഥിരം സംഭവങ്ങള്‍ ആയിരുന്നു. അപ്പോള്‍പ്പിന്നെ മരണങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. ഈ റിസ്ക്ക് ജോലി കാണാന്‍ മാത്രം, ആയിരങ്ങളാണ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി, അങ്ങോട്ട്‌ ഒഴുകിയെത്തിയിരുന്നത്.



മൂന്ന് ആത്മഹത്യകളാണ് അവിടെ നടന്നിട്ടുള്ളത്. ബാക്കിയെല്ലാം സൈറ്റിലെ വിവിധ അപകടങ്ങളില്‍ മരണപ്പെട്ട തൊഴിലാളികള്‍. സൈറ്റിലേക്ക് വന്ന സന്ദര്‍ശകരില്‍ ഒരാളും, അപകടത്തില്‍ പെട്ട് മരണച്ചിട്ടുണ്ട്. 
ഇനി മരണങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കുന്ന കഥകളിലേക്ക്.
മരിച്ചവരില്‍ പലരെയും, ഡാമിന്‍റെ കോണ്‍ക്രീറ്റിനുള്ളിലാണ് അടക്കിയതെന്നാണ് ആദ്യം കേട്ട കിംവദന്തി. 
പിന്നീട്, ഡാമിന് കേടുപാടുകള്‍ ഇല്ലാതിരിക്കാന്‍, നിരവധി പേരെ കോണ്‍ക്രീറ്റിനകത്ത് ജീവനോടെ പുതച്ചിട്ടുണ്ട് എന്ന വാര്‍ത്തയും പരന്നിരുന്നു. 
ആ വാര്‍ത്ത ഇന്നും വിശ്വസിക്കുന്ന അനവധി പേരുണ്ട്, കാരണം, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍, ആളുകളെ, ജീവനോടെ അതിനൊപ്പം ചേര്‍ക്കുന്ന പരിപാടി പണ്ട് പല നാടുകളിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ജപ്പാനില്‍, അതിനെ അവിടെ Hitobashira എന്ന് പറയും. എന്തിന് പറയുന്നു, നമ്മുടെ പുനലൂര്‍ തൂക്ക് പാലത്തിനെ കുറിച്ച് വരെ ഇങ്ങനെയുള്ള കഥകള്‍ കേള്‍ക്കുന്നുണ്ട്.
എന്നാല്‍ അങ്ങിനെ ഒരു സംഭവം പോലും അവിടെ നടന്നിട്ടില്ല എന്നതാണ് പരമമായ സത്യം. 
എങ്കിലും ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങളില്‍, കിംവദന്തികള്‍ക്ക് പിറകെ പോകുന്നതാണല്ലോ, പണ്ടുതൊട്ടേ ആളുകളുടെ ശീലം. പതുക്കെ മാത്രം വിവരം വച്ച് തുടങ്ങിയ അന്നത്തെക്കാലത്ത്, റിക്കോര്‍ഡ് അളവില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഡാം പണിയുമ്പോള്‍, അതിനെ താങ്ങി നിര്‍ത്താന്‍ അമാനുഷികമായി എന്തെങ്കിലും ഉണ്ടെന്ന് ചിലര്‍ കരുതിയെങ്കില്‍, അതിനെ തെറ്റ് പറയാന്‍ ഒക്കില്ല.
അവസാനമായി ഒരു രസകരമായ സത്യം പറഞ്ഞിട്ട് നിര്‍ത്താം.
ഡാമിലെ ആദ്യത്തെ മരണം നടന്ന അതേ ഡേറ്റില്‍ തന്നെയായിരുന്നു അവിടത്തെ അവസാനത്തെ മരണവും, മറ്റൊരു ഡിസംബര്‍ 20ന്. മരിച്ചതാകട്ടെ, ഒരു എലക്ട്രീഷ്യന്‍റെ സഹായിയും, പേര് പാട്രിക്ക് ടിയര്‍നി (Patrick Tierney). അന്ന് മരിച്ച സര്‍വേയര്‍ ജെ ജി ടിയര്‍നിയുടെ മകന്‍.
J G Tierny and Patrick Tierney

ലോകം കണ്ട മഹാപ്രളയം The Greatest Flood in the History

The 1931 China floods or the 1931 Yangtze-Huai River floods were a series of devastating floods that occurred in the Republic of China. They were some of the deadliest floods in history, and together formed one of the most lethal natural disasters of the 20th century, excluding pandemics and famines.

എല്ലായിടത്തും ഇപ്പോള്‍ പ്രളയക്കെടുതിയാണല്ലോ ചര്‍ച്ച. 
കാരണം ആധുനിക കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 

നമ്മളില്‍ പലര്‍ക്കും ‘പ്രളയം’ എന്ന് പറഞ്ഞാല്‍, ഇതുവരെ വെറും ‘വെള്ളപ്പൊക്കം’ മാത്രമായിരുന്നു. 
മുട്ടോളം, അല്ലെങ്കില്‍ അരയോളം വെള്ളം പൊങ്ങുന്ന ഒരു സാധാരണ കാര്യം. പക്ഷെ ഇത്തവണ അതിന്‍റെ രൂക്ഷത നമ്മള്‍ ശരിക്കും തിരിച്ചറിഞ്ഞു. പ്രളയം എന്നത് വെറും വെള്ളപ്പൊക്കമല്ല എന്ന തിരിച്ചറിവിനേക്കാളുപുരി, ഇനി ഇങ്ങനൊരു പ്രശ്നമുണ്ടായാല്‍ എങ്ങിനെ നമ്മള്‍ നേരിടും എന്നതിനൊരു പാഠം കൂടിയായിരുന്നു ഈ അനുഭവങ്ങള്‍. സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച സര്‍ക്കാരിനും, രക്ഷാപ്രവര്‍ത്തനത്തില്‍ കയ്യും മെയ്യും മറന്ന് സ്വയം അര്‍പ്പിച്ച നാവിക, വ്യോമ, സൈനിക വിഭാഗങ്ങള്‍ക്കും, ജനങ്ങള്‍ക്കുമാണ് എല്ലാ ക്രെഡിറ്റും.
ഇനി നമുക്ക് മറ്റൊരു പ്രളയത്തിന്‍റെ ചരിത്രം നോക്കാം, ആധുനിക ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മഹാ പ്രളയത്തിന്‍റെ കഥ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1928 മുതല്‍ മുപ്പത് വരെ ചൈനയെ ബാധിച്ച ഒരു വരള്‍ച്ചയുണ്ടായിരുന്നു. 
വലുപ്പത്തിന്‍റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായ ചൈനയെ, ഏതാണ്ട് മുഴുവനായി ബാധിച്ചൊരു വരള്‍ച്ചയായിരുന്നു അതെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാകും, അതിന്‍റെ ഭീകരത.
1930ല്‍ വരള്‍ച്ച ഒന്നടങ്ങിയപ്പോള്‍ പ്രശ്നം കഴിഞ്ഞു എന്നാണ് നാട്ടുകാരും, സര്‍ക്കാരും കരുതിയത്. പക്ഷെ പിന്നീട് വന്ന മഞ്ഞുകാലം, അതും ചൈനയെ വല്ലാതെ നട്ടംതിരിച്ചു. കടുത്ത വരള്‍ച്ചയ്ക്ക് ശേഷം മഴയ്ക്ക് പകരം മഞ്ഞാണ് വന്നതെങ്കിലും, അടുത്തത് മഴയായിരിക്കും എന്ന പ്രത്യാശയിലായിരുന്നു ജനങ്ങള്‍. വിചാരിച്ച പോലെ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതുമില്ല.
1931ല്‍ മഞ്ഞുകാലം മാറി, മഴ തുടങ്ങി.
മഴ തുടങ്ങിയതോടെ പര്‍വ്വതങ്ങള്‍ക്ക് മേലെയും, ഉയര്‍ന്ന പ്രദേശങ്ങളിലുമായി കനത്തില്‍ കിടന്നിരുന്ന മഞ്ഞുപാളികള്‍, എല്ലാം ഉരുകി നദികളിലേക്ക് ധാരാളമായി വെള്ളം എത്തിത്തുടങ്ങി. ഒപ്പം, നീളത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമതും, ഏഷ്യയില്‍ ഒന്നാമതും നില്‍ക്കുന്ന യാങ്ങ്‌സി നദിയുടെ ഉത്ഭവപ്രദേശങ്ങളില്‍, മഴ, അല്പംപോലും കുറയാതെ തുടര്‍ന്നുകൊണ്ടേയിരുന്നു.
ജൂണ്‍ മാസമായതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും, നദിയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവരെയും, ഉയര്‍ന്ന ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. അപ്പോഴും മഴ ഇടയ്ക്ക് കുറഞ്ഞും, കൂടിയും നിര്‍ത്താതെ പെയ്യുകയായിരുന്നു.
ജൂലൈ മാസത്തിലാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.
വര്‍ഷത്തില്‍ പരമാവധി രണ്ട് തവണ മാത്രം വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചുഴലിക്കാറ്റ്, ഇത്തവണ ആറു തവണയോളമാണ് വന്ന് താണ്ഡവമാടിയത്. അതിന്‍റെ ഫലമായി പെയ്ത മഴയുടെ അളവ് ഇരുപത്തിനാല് ഇഞ്ചായിരുന്നു, അതായത് 600 മില്ലീമീറ്റര്‍. 
ഇനി ചെറിയൊരു താരതമ്യ പഠനം.
നമ്മുടെ വയനാടിനെ വെള്ളത്തിലാക്കിയ മഴയുടെ അളവ് 170 മില്ലീമീറ്റര്‍ ആയിരുന്നു. ഇടുക്കിയില്‍ പെയ്തത് 167 മില്ലീമീറ്റര്‍. ഇതെല്ലാം സാധാരണ പെയ്യുന്നതിന്‍റെ എട്ട് ഇരട്ടിയായിരുന്നു എന്നതാണ് ഏറെ ഞെട്ടിക്കുന്ന ഒരു വസ്തുത. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ മഴ നിലമ്പൂരാണ്, 398 മില്ലീമീറ്റര്‍. അതും ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ പെയ്തത്.
ഇനി ചൈനയിലേക്ക് തിരിച്ച്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഒഴുക്കാണ്, അന്ന് യാങ്ങ്‌സി നദിയില്‍ കണ്ടത്. 
യാങ്ങ്‌സി മാത്രമല്ല, ചൈനയിലെ പല നദികളും വെള്ളത്തിന്‍റെ ആധിക്യം കാരണം മാസങ്ങളോളം ഗതിമാറി ഒഴുകിയിരുന്നു. രണ്ട് ലക്ഷത്തോളം ചതുശ്രകിലോമീറ്ററാണ് അന്ന് വെള്ളത്തിനടിയിലായത്. ഏതാണ്ട് രണ്ട് ശരാശരി യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന വലുപ്പം.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷം ജനങ്ങളാണ് പ്രളയത്താല്‍ നേരിട്ട് ബാധിക്കപ്പെട്ടത്. മരിച്ചത് ഒന്നര ലക്ഷത്തോളം പേരും. 
അനൗദ്യോഗിക കണക്കുകളും, വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും പ്രകാരം അന്‍പത് ലക്ഷത്തിന് മേല്‍ ആളുകള്‍ക്ക് ബാധിക്കപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ പെട്ടും, പ്രളയത്തിന് ശേഷം പകര്‍ന്ന രോഗങ്ങള്‍ ബാധിച്ചും മരിച്ചവരുടെ എണ്ണം ഏതാണ്ട് നാല്പത് ലക്ഷത്തോളവും വരും.
അതിന്‍റെ കൂടെ കൃഷിനാശവും ചേരുമ്പോഴുള്ള കാര്യം പിന്നെ പറയണ്ടല്ലോ. രൂക്ഷമായ ഭക്ഷ്യക്ഷാമവും, തീ പോലെ ഉയര്‍ന്ന സാധനങ്ങളുടെ വിലയും ചൈനയെ വീണ്ടും വീണ്ടും തളര്‍ത്തിക്കൊണ്ടിരുന്നു. ഒപ്പം പടര്‍ന്നു പിടിച്ച കോളറയും, മലേറിയയും അതിനെക്കൊണ്ടാകുന്ന നാശങ്ങളും വിതയ്ക്കുന്നുണ്ടായിരുന്നു.
പണമുള്ളവര്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുമ്പോള്‍, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍, മരവും, മരത്തിന്‍റെ തോലും, ചെടികളും, ചിലപ്പോള്‍ മണ്ണും വരെ ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. അതിനും സാധിക്കാത്ത ചിലര്‍, ചത്ത മൃഗങ്ങളുടെ മുതല്‍ മനുഷ്യന്‍റെ ഇറച്ചി വരെ ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതും പലയിടങ്ങളില്‍ നിന്നും.
പ്രളയം സാരമായി ബാധിക്കാത്ത ചില നഗരങ്ങളിലും പക്ഷെ പ്രശ്നങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.
അഭയാര്‍ഥികളായി വന്നവര്‍ കൊണ്ടുവന്ന അസുഖങ്ങളായിരുന്നു ആദ്യത്തെ പ്രശ്നം. നഗരത്തില്‍ സ്റ്റോക്ക് ചെയ്തിരുന്ന വിഭവങ്ങള്‍, അവരുമായും പങ്കുവയ്ക്കേണ്ടി വന്നതുകൊണ്ട് ബാധിച്ച ക്ഷാമങ്ങള്‍ വേറെ. 
ഇതിനിടെ ജീവിക്കാനായി പലരും, സ്വയം അടിമകളായി മാറി. വേറെ ചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ അടിമകളാക്കി വിറ്റു. അങ്ങിനെ വന്ന അഭയാര്‍ഥികളെ മുതലെടുത്ത്‌ സമ്പന്നരാകാന്‍ ശ്രമിച്ച ക്രൂരന്മാരും നിറയെയുണ്ട്.
ഇനി ചൈന നടത്തിയ disaster management കൂടെ പറയാം.
അന്ന് ചൈന ഭരിച്ചിരുന്ന കുമിങ്ങ്താങ്ങ് സര്‍ക്കാര്‍, വേഗം തന്നെ National Flood Relief Commission രൂപീകരിച്ച് വേണ്ട നടപടികള്‍ തുടങ്ങിയിരുന്നു. 
അതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സഹായവും അവര്‍ക്കുണ്ടായിരുന്നു. ആദ്യമായി തനിച്ച് അറ്റ്‌ലാന്‍റിക്കിന് കുറുകെ പറന്ന് ഇതിഹാസമായ പൈലറ്റ്‌, ചാര്‍ല്സ് ലിന്‍ഡ്ബര്‍ഗും, ഭാര്യയും കൂടെയാണ്, അന്ന് സര്‍ക്കാരിന് വേണ്ടി ഏരിയല്‍ സര്‍വ്വേ നടത്തിയത്. ഒട്ടും മടികൂടാതെ സര്‍ക്കാര്‍, United Nationsന്‍റെ ആദ്യരൂപമായ ലീഗ് ഓഫ് നേഷന്‍സിന്‍റെ സഹായം അഭ്യര്‍ഥിച്ചതിനാല്‍, ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി സംഭാവനകള്‍ ചൈനയിലേക്ക് ഒഴുകിയെത്തി. 
പക്ഷെ കിട്ടിയ അവസരം മുതലാക്കി മഞ്ചൂരിയ വഴി ആക്രമിക്കാന്‍ തുടങ്ങിയ ജപ്പാന്‍, ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ചൈനയുടെ ശ്രമങ്ങളെ പാടെ തകര്‍ത്തുകളഞ്ഞു. ഒപ്പം സംഭവിച്ച സ്റ്റോക്ക് മാര്‍ക്കെറ്റ് തകര്‍ച്ചയും, രാജ്യത്തിന്‍റെ സാംബത്തിക ഭദ്രത പാടെ ഇല്ലാതാക്കി. എന്നിട്ടും അമേരിക്കയുടെ സഹായത്തോടെ രാജ്യം ഒന്ന് നിവര്‍ന്ന് നില്ക്കാന്‍ തുടങ്ങിയതാണ്‌, അപ്പോഴേക്കും അടുത്ത ദുരിതം എത്തി, ആഭ്യന്തര യുദ്ധങ്ങളുടെ രൂപത്തില്‍. 
ഇനിയൊരു പ്രളയം ഒഴിവാക്കാനായി പ്ലാന്‍ ചെയ്ത പദ്ധതികളില്‍ പലതും തുടക്കത്തിലേ തന്നെ നിര്‍ത്തിക്കൊണ്ട്, അങ്ങിനെ കുമിങ്ങ്താങ്ങ് സര്‍ക്കാര്‍ ചൈനയില്‍ നിന്ന് പടിയിറങ്ങി. പിന്നീട് മാവോ സേതുങ്ങിന്‍റെ നേതൃത്വത്തില്‍ അധികാരത്തില്‍ കയറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്, യാങ്ങ്‌സി നദിയിലെ പ്രളയ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ടത്. 
പക്ഷെ വീണ്ടും അനവധി വര്‍ഷങ്ങള്‍ എടുത്തു, പദ്ധതിയില്‍ പറഞ്ഞത്ര ഡാമുകള്‍ പണിഞ്ഞ് പ്രളയമെന്ന ഭീഷണിക്കെതിരെ അല്പമെങ്കിലും മുന്‍കരുതലുകള്‍ എടുക്കാന്‍.
എന്നിട്ടും പ്രളയങ്ങള്‍ ചൈനയെ വെറുതെ വിട്ടോ? 
ഇല്ലെന്നാണ് ഉത്തരം. 
ഒന്നിലധികം മഹാപ്രളയങ്ങളാണ് പതിറ്റാണ്ടുകള്‍ക്കിടയില്‍ ചൈന വീണ്ടും വീണ്ടും നേരിട്ടുകൊണ്ടിരുന്നത്. 
ചിലപ്പോള്‍ ഭൂമിയുടെ ഘടന കൊണ്ട് സംഭവിക്കുന്നതാകാം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആകാം, പ്ലാനിങ്ങിലെ അപാകതകള്‍ ആകാം, അല്ലെങ്കില്‍ മനുഷ്യന്‍ പ്രകൃതിക്ക് ഏല്‍പ്പിച്ച് കൊണ്ടിരിക്കുന്ന ആഘാദങ്ങള്‍ക്കുള്ള മറുപടികള്‍ ആകാം. 
എന്തൊക്കെയായാലും തടയാന്‍ ചെയ്ത് വച്ചിരിക്കുന്ന എല്ലാറ്റിനെയും തരിപ്പണമാക്കിക്കൊണ്ട്, പ്രകൃതി ഇനിയും തന്‍റെ ക്രോധഭാവം പുറത്തെടുക്കുക തന്നെ ചെയ്യും. അതിനൊപ്പം മനുഷ്യനും, തന്‍റെ സഹജീവികളെ രക്ഷിക്കാനും, ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ഒക്കെയുള്ള പഠനങ്ങളും, പരീക്ഷണങ്ങളും, പരിശീലണങ്ങളും തുടരും. അങ്ങിനെ മാത്രമല്ലേ നമുക്ക് ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും കുറയ്ക്കാന്‍ ഒക്കൂ…
മേല്പറഞ്ഞത് സത്യത്തില്‍ ചരിത്രം മാത്രമല്ല, ഒരു വലിയ പാഠം കൂടിയാണ്