Showing posts with label Hippo Attack. Show all posts
Showing posts with label Hippo Attack. Show all posts

ഹിപ്പോയെ വളര്‍ത്തി പണികിട്ടിയ കര്‍ഷകന്‍

Humphrey the pet hippo kills his owner Marius in South Africa



ഒറ്റ രാത്രി കൊണ്ടാണ് സൌത്ത് ആഫ്രിക്കയിലെ മാരിയസ് എല്‍സ് എന്ന റിട്ടയര്‍ഡ് ആര്‍മി മേജര്‍ പ്രശസ്തനായത്.
പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം, കൃഷിയുമായി കഴിഞ്ഞുകൂടിയ മാരിയസ്, മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ട തന്‍റെ ‘മകനോടോപ്പമുള്ള’ ഒരു ചിത്രമാണ് അയാളെ ലോകം മുഴുക്കെ സംസാരവിഷയമാക്കി മാറ്റിയത്. കാരണം മാരിയസിന്‍റെ മകന്‍ ഹംഫ്രി എന്ന് പറയുന്നത്, ഒരു ടണ്‍ ഭാരമുള്ള ഒരു ഹിപ്പോപൊട്ടാമസ് ആണ്.
അന്ന് അഞ്ച് വയസ്സ് പ്രായമുള്ള ഹംഫ്രിയുടെ പുറത്ത് കയറി, മാരിയസ് സവാരി നടത്തുന്ന ചിത്രം പുറത്ത് വന്നപ്പോള്‍ തന്നെ, പല കോണുകളില്‍ നിന്നായി, പലരും അദ്ദേഹത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
‘അതൊരു വന്യമൃഗമാണ്‌, അതിനെ മെരുക്കാനല്ലാതെ ഇണക്കാന്‍ കഴിയില്ല. എന്നെങ്കിലും അതിന്‍റെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരും.’ എന്നെല്ലാം.
പക്ഷെ മാരിയസിന് തന്‍റെ മകനെ മറ്റാരേക്കാളും വിശ്വാസവും, സ്നേഹവും ആയിരുന്നു. ആ നാന്നൂര്‍ ഏക്കര്‍ ഫാമിലും, അടുത്ത് ഒഴുകുന്ന പുഴയിലുമായി, ഹംഫ്രിയും, മാരിയസിന്‍റെ പശുക്കളും, ഒപ്പം ഒരു ജിറാഫും, കണ്ടാമൃഗവും അങ്ങനെ വിഹരിച്ച് നടന്നു.
ഇടയ്ക്കിടെ നല്ല വികൃതികളും ഹംഫ്രി കാണിച്ചിരുന്നു.
ഒരിക്കല്‍ പുഴയിലൂടെ കയാക്കിങ്ങ് നടത്തിയ ഒരു അച്ഛനെയും, മകനെയും, ഹംഫ്രി ഓടിച്ച് മരത്തില്‍ കയറ്റി. ഒരുവിധത്തിലാണ്, അന്ന്, അവരെ രക്ഷപ്പെടുത്തി മാറ്റിയത്. ഫാമിലെ പശുക്കിടാവുകളെ തരം കിട്ടിയാല്‍ അകത്താക്കാനും ഹംഫ്രി മടിച്ചിരുന്നില്ല. ഇത്രയൊക്കെ ആയപ്പോള്‍, മാരിയസിന്‍റെ ഭാര്യയടക്കം, അയാളെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും, മാരിയസ് ഒന്നിനും വഴങ്ങിയില്ല.
“പട്ടികളും, പൂച്ചകളും, വീട്ടുമൃഗങ്ങളും മാത്രമായിട്ടല്ല. വന്യമൃഗങ്ങളുമായിട്ടും നമുക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിയും. ഞാനും ഹംഫ്രിയും തമ്മിലുള്ള ബന്ധം മനസ്സിലാവാത്തത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങിനെയൊക്കെ ചിന്തിക്കുന്നത്. എന്‍റെ ശബ്ദം കേട്ടാല്‍ മതി, അവന്‍ അടുത്തേക്ക് ഓടിവരാന്‍….”
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പ്രളയത്തില്‍, അവിടന്ന് കുറെ മാറിയുള്ള ഒരു നദീതീരത്ത് നിന്നാണ് കുഞ്ഞ് ഹംഫ്രിയെ, ആരോ രക്ഷപ്പെടുത്തുന്നത്. അന്ന് തൊട്ട് ഹംഫ്രി, മാരിയസിന്‍റെ ഫാമിലാണ് ഓടിക്കളിച്ച്‌ വളര്‍ന്നിരുന്നത്. (ചില റിപ്പോര്‍ട്ടുകള്‍ മാരിയസ് ആണ് രക്ഷപ്പെടുത്തിയത് എന്നും പറയുന്നുണ്ട്). വിധിയുടെ വികൃതിയെന്ന് തന്നെ പറയാം, വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തീരത്ത് വച്ച് തന്നെയാണ്, ഹംഫ്രി കടിച്ചുകീറിയ നിലയില്‍ മാരിയസിന്‍റെ മൃതദേഹവും ലഭിച്ചത്.
ആഫ്രിക്കയില്‍ വന്യമൃഗങ്ങളുടെ ആക്രമണമേറ്റ് മരിക്കുന്നവരില്‍ സിംഹഭാഗവും ഹിപ്പോയുടെ കടിയേറ്റാണ് മരിക്കുന്നത്. ആ തടിയും വച്ച്, ഹിപ്പോ, ഓടിച്ചിട്ടും, നദിയില്‍ പതിയിരുന്ന് ആക്രമിച്ചും ആളുകളെ ഈസിയായി കൊല്ലും. ഇതൊക്കെ അറിയുന്ന ആ നാട്ടുകാരന്‍ തന്നെ, മരണത്തെ വീട്ടില്‍ വിളിച്ച് കയറ്റി ചോദിച്ചുവാങ്ങി എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.