രസകരമായ ഒരു പരീക്ഷണത്തിന്‍റെ കഥയാണ് പറയാന്‍ പോകുന്നത്.
പണം വച്ചുള്ള ക്രയവിക്രയങ്ങള്‍ മനുഷ്യരിലേക്ക് മാത്രം ഒതുങ്ങുന്ന ഒന്നാണെന്ന് പണ്ട് എക്കണോമിക്സിന്‍റെ പിതാവായ ആഡം സ്മിത്ത് പറഞ്ഞിട്ടുണ്ട്. അതായത് മനുഷ്യര്‍ക്കല്ലാതെ മറ്റൊരു ജീവജാലങ്ങള്‍ക്കും ‘പണം’ എന്നതിന്‍റെ മൂല്യമോ, ഉപയോഗമോ മനസ്സിലാക്കാന്‍ കഴിയില്ല.
എങ്കില്‍പ്പിന്നെ അതൊന്ന് പരീക്ഷിച്ച് നോക്കിയാലെന്താ?
ആ ഒരു ചിന്തയില്‍ നിന്നാണ് behavioral economist ആയ കീത്ത് ചെന്‍, സൈക്കോളജിസ്റ്റ് ആയ ലോറി സാന്‍റോസ്, വെങ്കട്ട് ലക്ഷ്മിനാരായണ്‍ എന്നിവര്‍ ഒരു പരീക്ഷണത്തിന് തുടക്കമിടുന്നത്. അങ്ങനെ അമേരിക്കയിലെ Yale, New Haven ആശുപത്രി ലാബിനകത്ത് വളര്‍ത്തിയ കപ്പൂച്ചിന്‍ കുരങ്ങുകള്‍ക്ക്, അവര്‍ ‘പണമായി’ വെള്ളിയില്‍ തീര്‍ത്ത ചെറിയ ഡിസ്ക്കുകള്‍ കൊടുത്ത് വിനിമയം പഠിപ്പിക്കാന്‍ തീരുമാനിച്ചു.
സൌത്ത് അമേരിക്കയില്‍ വ്യാപകമായി കാണപ്പെടുന്ന ചെറിയ കുരങ്ങുകളുടെ വര്‍ഗ്ഗമാണ് കപ്പൂച്ചിന്‍. ഭക്ഷണം കഴിക്കുക, ഇണചേരുക എന്നത് മാത്രമാണ് ഇവരുടെ പ്രധാന ഹോബി. അതിലപ്പുറമുള്ള ചിന്തകള്‍ക്കൊന്നും നില്‍ക്കാതെ ജീവിതം അങ്ങനെ ആസ്വദിച്ച് തീര്‍ക്കും.
ആ സ്വഭാവത്തിന്‍റെ ചെറിയൊരു ഉദാഹരണം പറയാം;
ഒരു ദിവസം ഇവയ്ക്ക് ഭക്ഷിക്കാന്‍ ഒരുപാട് പഴങ്ങള്‍ കിട്ടി എന്ന് വിചാരിക്കുക. എത്ര കഴിച്ചിട്ടും ഭക്ഷണം ബാക്കിയുണ്ടെന്ന് കണ്ടാല്‍ കഴിച്ചത് ശര്‍ദ്ദിച്ചു കളഞ്ഞിട്ട് ആ ബാക്കിയുള്ളത് കൂടെ എടുത്ത് വീണ്ടും കഴിക്കും. അത്രയേ ഒള്ളൂ ഇവയുടെ മാനസിക നില. എന്തും കൂടുതല്‍ വേണം എന്ന ഈ സ്വഭാവം കൊണ്ടാണ് കപ്പൂച്ചിന്‍ കുരങ്ങുകളെത്തന്നെ പ്രത്യേകം പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.
ആദ്യം നാണയങ്ങള്‍ എറിഞ്ഞ് കൊടുത്താണ് തുടക്കമെങ്കില്‍ പിന്നീട് ഓരോരുത്തര്‍ക്കും പന്ത്രണ്ട് നാണയങ്ങള്‍ വച്ച് നല്‍കാന്‍ തുടങ്ങി. ഇങ്ങനെ കിട്ടുന്ന നാണയങ്ങള്‍ കൊണ്ട്, അവര്‍ക്ക്, മുന്തിരി, ആപ്പിള്‍, മിട്ടായി എന്നിവ പ്രത്യേകം സെറ്റ് ചെയ്ത കൌണ്ടറില്‍ നിന്ന് വാങ്ങാം. ഈ സമയം നാണയത്തിന്‍റെ രൂപം വച്ച്, കുരങ്ങുകള്‍ക്ക് അതിന്‍റെ ഉദ്ദേശം മനസിലാക്കാനായി, കൊടുക്കുന്ന ഭക്ഷണത്തിലെ പഴങ്ങള്‍ ചതുരത്തില്‍ മുറിച്ചാണ് കൊടുത്തിരുന്നത്.
പതുക്കെ പണത്തിന്‍റെ ഉദ്ദേശം മനസ്സിലാക്കിത്തുടങ്ങിയ അവര്‍, കിട്ടുന്ന ഡിസ്ക്കുകള്‍ കൊണ്ട്, ഓരോന്ന് വാങ്ങിച്ച് ഭക്ഷിച്ച് തുടങ്ങി. ശ്രദ്ധിക്കുക, പണം അവര്‍ എറിഞ്ഞ് കളയുന്ന അവസ്ഥയില്‍ നിന്ന് വിനിമയം നടത്തുന്ന അവസ്ഥയിലേക്ക് എത്താന്‍ മാസങ്ങള്‍ എടുത്തിരുന്നു
അങ്ങിനെ വിനിമയം അവര്‍ക്ക് ശീലമായപ്പോള്‍, ഓരോ നാണയത്തിനും കൊടുക്കുന്ന ആപ്പിള്‍ കഷണങ്ങളുടെയും, മുന്തിരികളുടെയും എണ്ണം അതുപോലെ നിലനിര്‍ത്തി, മിട്ടായികളുടെ എണ്ണം മാത്രം കൂട്ടാന്‍ തുടങ്ങി. മിട്ടായിയുടെ വില കുറച്ച്, അതനുസരിച്ച് അവര്‍ വാങ്ങുന്നതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷണം ആയിരുന്നു അത്. ആ പരീക്ഷണത്തിന്‍റെ ഒടുക്കം മനുഷ്യരുടെ അതേ സ്വഭാവം തന്നെയാണ് കുരങ്ങുകളും കാണിച്ചത്. മുന്തിരി ഇഷ്ടപ്പെട്ടവര്‍ പോലും ‘ലാഭം’ കണ്ടപ്പോള്‍ കൂടുതല്‍ മിട്ടായി വാങ്ങി കഴിക്കാന്‍ തുടങ്ങി.
ഇതിനിടെ അസാധാരണമായ ഒരു സംഭവം കൂടിയുണ്ടായി; ഒരിക്കല്‍ പതിവിന് വിപരീതമായി വട്ടത്തില്‍ മുറിച്ച ഒരു കഷണം കുക്കുംബര്‍ കിട്ടിയ ഒരു കുരങ്ങ്, അതിനും, പണമായി ഉപയോഗിക്കുന്ന ഡിസ്ക്കിനും ഒരേ വലുപ്പമാണെന്ന് മനസ്സിലാക്കിയപ്പോള്‍, അത് കൊടുത്ത് മുന്തിരി വാങ്ങാനായി കൗണ്ടറില്‍ സമീപിച്ചു. സാധാരണ മറ്റു കുരങ്ങുകളുടെ കയ്യിലുള്ള പണം മോഷ്ടിച്ചോ, തട്ടിപ്പറിച്ചോ കൊണ്ട് വരുന്നതിന് പകരം കിട്ടിയത് പണമാക്കാനുള്ള ശ്രമം. പലതവണ ആ കഷണം, കയ്യിലുള്ള പണവുമായി അളന്നു നോക്കിയാണ് കുരങ്ങന്‍ അതുമായി സാധനം വാങ്ങാന്‍ വന്നത്. അതുപോലെ ഒരിക്കല്‍ ഒരു വിരുതന്‍, അവിടിരുന്ന ‘പണം’ മുഴുവനും വാരി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. അതായത് പണത്തിന്‍റെ കാര്യം അവര്‍ വളരെ സീരിയസ്സായി എടുക്കാന്‍ തുടങ്ങിയിരിക്കുന്നു.
പക്ഷെ ഏറെ രസകരമായ സംഭവം ഇതൊന്നുമല്ല;
ഒരിക്കല്‍ ഒരു ആണ്‍കുരങ്ങ്, അതിന്‍റെ ഇണയല്ലാത്ത ഒരു പെണ്‍കുരങ്ങിനൊപ്പം ഇണ ചേരുന്നത് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നേരത്തെ പറഞ്ഞിരുന്നല്ലോ, തീറ്റ, ഇണചേരല്‍ ഇത് രണ്ടും ആണ് ഇവരുടെ പ്രധാന ഹോബിയെന്ന്. സ്വന്തം ഇണയെ മടുക്കുമ്പോള്‍, കപ്പൂച്ചിന്‍ കുരങ്ങുകള്‍ അടുത്ത ഇണയെ തേടിപ്പോകുന്നത് സ്വാഭാവികമാണ്. പക്ഷെ ഇവിടെ, അവര്‍ ഇണചേര്‍ന്ന് കഴിഞ്ഞതിനു ശേഷമുള്ള സംഭവങ്ങള്‍ കണ്ടാണ് എല്ലാവരും വാ പൊളിച്ച് നിന്നുപോയത്.
കാര്യങ്ങള്‍ കഴിഞ്ഞയുടനെ ആണ്‍കുരങ്ങ്, പെണ്‍കുരങ്ങിന് ‘പണം’ നല്‍കി റ്റാറ്റാ പറഞ്ഞു, പെണ്‍കുരങ്ങാകട്ടെ, കൂളായി ആ പണം കൌണ്ടറില്‍ കൊടുത്ത് മുന്തിരി വാങ്ങിക്കഴിച്ചു. പണം കൊണ്ടുള്ള ഗുണം പഠിച്ച ഒരു കുരങ്ങ്, അല്ലെങ്കില്‍ മനുഷ്യനല്ലാത്ത ഒരു ജീവി, തന്‍റെ ശരീരസുഖത്തിന് വേണ്ടി അത് വിനിമയം ചെയ്ത് കാര്യം നേടിയിരിക്കുന്നു. സിമ്പിളായി പറഞ്ഞാല്‍ വ്യഭിചാരം.
ഞെട്ടലോടെയാണ് ശാസ്ത്രലോകം ഈ വാര്‍ത്തയെ വരവേറ്റത്. പരീക്ഷണം കൊണ്ട് വിചാരിച്ചതിലും അപ്പുറത്തെ റിസള്‍ട്ട് കിട്ടിയെങ്കിലും, ചാനും കൂട്ടരും, പണം വാങ്ങിയുള്ള ഇവരുടെ ഇണചേരലിന് അന്നത്തോടെ കടിഞ്ഞാണ്‍ ഇട്ടു.
സത്യം പറഞ്ഞാല്‍ ഈ ‘വ്യഭിചാരം’ ആദ്യമായിട്ടല്ല ജന്തുലോകത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇനി നമുക്ക് വേറെ ഒന്ന് രണ്ട് കൂട്ടരെ കൂടി പരിചയപ്പെടാം.
ആഫ്രിക്കയിലെ ഒരു നാഷണല്‍ പാര്‍ക്കിലെ ചിമ്പാന്‍സികള്‍ക്കിടയില്‍ ഈ സംഭവം ഉള്ളതായി, ജര്‍മനിയിലെ Max Planck Institute for Evolutionary Anthropology കണ്ടെത്തിയിരുന്നു. വേട്ടയാടി വരുന്ന ആണ്‍ ചിമ്പാന്‍സികളുമായി, അവരുടെ കയ്യിലെ ഇറച്ചിക്ക് വേണ്ടി പെണ്‍ ചിമ്പാന്‍സികള്‍ പലതവണ ഇണ ചേരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
അതുപോലെ അന്റാര്‍ട്ടിക്കയിലെ അഡേലി പെന്‍ഗ്വിനുകള്‍ക്കിടയില്‍ ഗവേഷണം നടത്തുന്ന ലോയിഡ് ഡേവിസിനും, ഫിയോണ ഹണ്ടര്‍ക്കും കൂടെ ചിലത് പറയാനുണ്ട്.
കല്ലുകള്‍ കൂട്ടിവച്ച് കൂടുണ്ടാക്കുന്ന ഈ പെന്‍ഗ്വിനുകള്‍ക്കിടയിലെ പെണ്ണുങ്ങള്‍, കൂടുണ്ടാക്കാനുള്ള കല്ലുകളില്‍ കുറവ് വരുമ്പോള്‍, അത് ലഭിക്കാനായി ചിലപ്പോള്‍ കൂടുതല്‍ കല്ലുകളുള്ള ആണ്‍ പെന്‍ഗ്വിനുകളുമായി ഇണ ചേരാറുണ്ട്. ഇണ ചേര്‍ന്ന ശേഷം സ്മൂത്ത് ആയി അവരുടെ കൂട്ടില്‍ നിന്ന് ഒന്നോ രണ്ടോ കല്ലുകളും വായിലാക്കി അവര്‍ പഴയ കൂട്ടിലേക്ക് തന്നെ വരും. ഇത് പലപ്പോഴും പുതിയ ഇണയെ തേടുന്നതിന്‍റെ ‘interview’ ആണെന്നൊക്കെ വാദങ്ങള്‍ ഉണ്ടെങ്കിലും പ്രത്യക്ഷത്തില്‍ അത് കല്ലുകള്‍ക്ക് പകരമായുള്ള ഇണചേരല്‍ തന്നെയാണ്.
അപ്പൊ പറഞ്ഞു വന്നത്; ലബോറട്ടറി കണ്ടീഷനില്‍ മാത്രമല്ല, അതിന്‍റെ തനതായ ആവാസവ്യവസ്ഥയ്ക്ക് ഉള്ളിലും ഇത്തരം ശീലങ്ങള്‍ ഉള്ള ജന്തുക്കള്‍ ഉണ്ടെങ്കിലും, ‘പണം’ എന്നൊരു രീതി പരിചയപ്പെട്ടതിന് ശേഷം അതും വച്ച് വ്യഭിചാരം നടത്തി എന്ന അപൂര്‍വ്വ ബഹുമതി, കപ്പൂച്ചിന്‍ കുരങ്ങുകള്‍ക്ക് സ്വന്തമാണ്.
ഭക്ഷണം വാങ്ങാന്‍ മാത്രം ശീലിപ്പിച്ച പണം കൊണ്ട് ഇങ്ങനെ ഒരു പരിപാടിക്ക് മുതിര്‍ന്ന കപ്പൂച്ചിന്‍ കുരങ്ങുകള്‍, ഗവേഷകര്‍ക്ക് നല്‍കിയ അമ്പരപ്പിനോടൊപ്പം, Evolutionary Anthropology എന്ന ശാസ്ത്ര ശാഖയ്ക്ക് ഈ ഒരു പരീക്ഷണവും, മേല്‍പ്പറഞ്ഞ ചിമ്പാന്‍സികളില്‍ നടത്തിയ ഗവേഷണങ്ങളും നല്‍കിയ മൈലേജ് ഒട്ടും ചെറുതല്ല.
കപ്പൂച്ചിന്‍ കുരങ്ങുകളിലെ പരീക്ഷണങ്ങള്‍ക്ക് ശേഷം കീത്ത് ചെന്‍ സമര്‍പ്പിച്ച പേപ്പര്‍.
http://www.anderson.ucla.edu/faculty_pages/keith.chen/papers/Final_JPE06.pdf
ചിമ്പാന്‍സികളില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷം സമര്‍പ്പിച്ച പേപ്പര്‍.
പെന്‍ഗ്വിനുകള്‍ നടത്തിയ പഠനത്തെ കുറിച്ച് വന്ന റിപ്പോര്‍ട്ട്.