Charlie Brown and Franz Stigler incident – World War 2

Two enemies discover a ‘higher call’ in battle. Amazing tale of a desperate WWII pilot’s encounter with a German flying ace.



1986, മോണ്ട്ഗോമറി – അലബാമ.
സദസ്സിലിരുന്ന ആരോ, ലെഫ്റ്റ്ണന്‍റ് കേണല്‍ ചാര്‍ളി ബ്രൌണിനോട് വിളിച്ച് ചോദിച്ചു.
“അങ്ങേക്ക് മറക്കാനാകാത്ത എന്തെങ്കിലും ഒരനുഭവം ഞങ്ങളുമായി പങ്ക് വയ്ക്കാമോ…?”
അതുകേട്ട് ഒരു നിമിഷം ബ്രൌണ്‍ നിശബ്ദനായി. എന്നിട്ട് സദസ്സിനെ നോക്കി തന്‍റെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
“ഉണ്ട്…. നിങ്ങള്‍ അറിയേണ്ട ഒരനുഭവമുണ്ട്……” 
മാക്‌സ്വെല്‍ എയര്‍ബേസിലുള്ള, എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ ഒരു റീയൂണിയന്‍ നടക്കുകയായിരുന്നു അപ്പോള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വൈമാനികരുടെ ഒത്തുചേരലും, ആദരിക്കലുമായിരുന്നു അതിന്‍റെ പ്രധാന അജണ്ട. 
നിറഞ്ഞ സദസ്സിന് മുന്നിലായി തന്‍റെ അനുഭവം, ബ്രൌണ്‍ വിവരിച്ചു.
“ആ ദിവസം, ഇപ്പോഴും ദുസ്വപ്നങ്ങള്‍ മാത്രം സമ്മാനിക്കുന്ന ആ ദിവസം, ഇന്നും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അതൊരു ക്രിസ്മസ് സീസണ്‍ ആയിരുന്നു, ക്രിസ്മസിന് കഷ്ടിച്ച് നാല് നാളുകള്‍ മാത്രം. ഞാനും, കോ-പൈലറ്റ്‌ പിങ്കി എന്ന ലെഫ്റ്റ്ണന്‍റ് സ്പെന്‍സര്‍ ലൂക്കും, ബാക്കി എട്ട് പേരും, ജര്‍മനിയിലെ ബ്രെമന്‍ എയര്‍ക്രാഫ്റ്റ് ഫാക്ടറി തകര്‍ക്കാനുള്ള മിഷന് വേണ്ടി പുറപ്പെട്ടതായിരുന്നു, ഒരു ബി 17 ബോംബര്‍ വിമാനത്തില്‍. ആകാശത്ത് നൂറുകണക്കിന് ജര്‍മന്‍ ഫൈറ്ററുകളും, താഴെ ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകളും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തെ കിട്ടിയതാണ്. അതിന് ഒരുങ്ങിത്തന്നെയാണ് ഞങ്ങള്‍ പോയതും. പക്ഷെ അവിടെ കാത്തിരുന്നത്……”
പിന്നീട് നടന്ന സംഭവങ്ങളുടെ വിവരങ്ങള്‍ കേട്ട സദസ്സ് തരിച്ചിരുന്നു പോയി.
“ബോംബ്‌ വര്‍ഷിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ, താഴെ നിന്നുള്ള ആക്രമണത്തില്‍, രണ്ട് എഞ്ചിനുകള്‍ക്ക് കാര്യമായി പരിക്കേറ്റു. മിഷന്‍ തുടങ്ങും മുന്‍പേ തന്നെ അബോര്‍ട്ട് ചെയ്യേണ്ടി വരുമെന്ന് വരെ തോന്നി. എങ്കിലും വിചാരിച്ചതിലും പതുക്കെ, ഞങ്ങള്‍, ബോംബുകള്‍ താഴേക്കിട്ടു കൊണ്ട് ലക്ഷ്യസ്ഥാനത്തൂടെ മുന്നേറി. അപ്പോഴേക്കും എവിടെന്നോ വന്ന ഫൈറ്റര്‍ വിമാനങ്ങള്‍, ഞങ്ങളുടെ ഫോര്‍മേഷനെ വളഞ്ഞ് കഴിഞ്ഞിരുന്നു. ഫൈറ്ററുകള്‍ക്ക് നേരെ ഞങ്ങള്‍ ആവുന്നത്ര തിരിച്ചടിച്ചു, പക്ഷെ താഴെ നിന്ന് വരുന്ന ഷെല്ലുകള്‍ കാണാന്‍ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് അനുഭവിക്കാന്‍ മാത്രമായിരുന്നു വിധി.
മിനിട്ടുകള്‍ കൊണ്ട്, പറക്കുന്ന കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഞങ്ങളുടെ വിമാനം, ഒരു ഷൂട്ടിങ്ങ് പ്രാക്റ്റിസ് പോലെയായി. നമുക്കും ഇല്ലേ തോക്കുകള്‍, എന്ത് കൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ തിരിച്ചടിക്കാത്തതെന്ന് ഞാന്‍ പിങ്കിയോട് ചോദിച്ചപ്പോഴാണ് അയാള്‍ പറഞ്ഞത്; താഴെ നിന്നുള്ള ഒരു ഷെല്ലിന്‍റെ ശക്തിയില്‍, ഞങ്ങളുടെ ഗണ്ണറായ എക്കിയുടെ ശിരസ്സറ്റ് പോയെന്ന്. മറ്റൊരു ഗണ്ണറുടെ കാലിലേക്കാണ് ഒരു ഷെല്ലിന്‍റെ ചീള് പതിച്ച് കയറിയത്. അവശേഷിച്ച ഗണ്ണര്‍ ബ്ലാക്കിയുടെയും കാലുകള്‍ക്ക് തന്നെയായിരുന്നു പരിക്ക്. റേഡിയോയും അവതാളത്തിലായിരുന്നു. എന്‍റെ തോളിലെ പരിക്ക് കാര്യമാക്കാതെ, ഞാന്‍, അവശേഷിക്കുന്ന ബോംബുകളും റിലീസ് ചെയ്ത ശേഷം, വിമാനം, ലണ്ടന് നേരെ തിരിച്ചു.
പക്ഷെ, ഞങ്ങള്‍ക്ക് ജര്‍മനി കടക്കണമെങ്കില്‍, ഒരുപാട് ദൂരം തിരിച്ച് പറക്കേണ്ടതുണ്ട്. ഈ അവസ്ഥയില്‍ താഴ്ന്നും, പതുക്കെയും പറക്കുന്ന എന്‍റെ വിമാനത്തെ, ഒരു സാധാരണ മഷീന്‍ ഗണ്‍ വച്ച ഫൈറ്റര്‍ പ്ലെയിന് പോലും, ഈസിയായി വെടിവച്ച് താഴെക്കിടാം..”
“എന്നിട്ട് നിങ്ങള്‍ എങ്ങിനെയാണ്‌ രക്ഷപ്പെട്ടത്…..????”
സദസ്സിലിരുന്ന ആരോ ആകാംക്ഷ അടക്കാനാകാതെ വിളിച്ച് ചോദിച്ചു.
“അയാള്‍………” ബ്രൌണ്‍ പറഞ്ഞു. “അയാള്‍ കാരണമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്…”
1943, ഡിസംബര്‍ 20
വിര്‍ജീനിയയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന ചാള്‍സ് ബ്രൌണ്‍ എന്ന ആ ഇരുപത്തിയൊന്നുകാരന്, അത് തന്‍റെ ആദ്യത്തെ മിഷനായിരുന്നു. ഇത്രയും കാലം കേട്ടും, വായിച്ചും മാത്രം മനസ്സിലാക്കിയ യുദ്ധത്തിന്‍റെ ഭീകരതയാണ് ഇപ്പോള്‍ ശരിക്കും കണ്മുന്നില്‍ കണ്ടത്.
ഒരുപാട് നേരമായി ആ വിമാനം പതിയെ നീങ്ങാന്‍ തുടങ്ങിയിട്ട്.
വരുന്ന വഴിക്കുള്ള രണ്ട് ജര്‍മന്‍ ബേസുകള്‍ ഒഴിവാക്കി നീങ്ങിയെങ്കിലും, ഇനിയും ഇന്ധനം നഷ്ടപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍, താഴയുള്ള ഒരു എയര്‍ ബേസിനെ രണ്ടും കല്‍പ്പിച്ചാണ് ബ്രൌണ്‍ കവര്‍ ചെയ്തത്.
“ഇനി അവര്‍ നമ്മളെ കണ്ടില്ലായിരിക്കുമോ?”
ഇത്ര നേരമായിട്ടും അവര്‍ ജീവനോടെ ഇരിക്കുന്നുണ്ടെന്ന സത്യം അംഗീകരിക്കാനാവാതെ, പിങ്കി, ബ്രൌണിനോട് ചോദിച്ചു.
“കാണാതിരിക്കില്ല……..”
ബ്രൌണിന്‍റെ നിഗമനം ശരിയായിരുന്നു. അപ്പോഴേക്കും വളരെ അടുത്ത് നിന്ന് തന്നെ, ഒരു വിമാനത്തിന്‍റെ ഇരമ്പല്‍, അവരുടെ കാതുകളെ തുളച്ചെത്തി. 
“ജര്‍മന്‍ ഫൈറ്റര്‍…. അതൊരു മെസ്സര്‍ഷ്മിറ്റ് ആണ്….”
പിന്നില്‍ നിന്ന് ഭയം കലര്‍ന്ന വാക്കുകള്‍.
പതുക്കെ ആ ഫൈറ്റര്‍, ബ്രൌണിന്‍റെ ബോംബറെ വട്ടം ചുറ്റാന്‍ തുടങ്ങി. പതിയെ പറക്കുന്ന ആ വിമാനത്തെ വീഴ്ത്താന്‍, പിന്നില്‍ നിന്ന് തന്നെ നല്ല ക്ലീന്‍ ഷോട്ട് ലഭ്യമാണ്. എന്നിട്ടും ആ ഫൈറ്റര്‍, എന്തിനാണ് തന്‍റെ മുകളിലും, താഴെയും വന്ന് നോക്കുന്നതെന്ന്, ബ്രൌണിന് മനസിലായില്ല. ജര്‍മന്‍ എയര്‍ ഫോര്‍സിന്‍റെ നട്ടെല്ലാണ് മെസ്സര്‍ഷ്മിറ്റ് ഫൈറ്ററുകള്‍, അതിന് ഈ പറക്കുന്ന പാട്ടക്കഷണത്തെ വീഴ്ത്താന്‍ മിനിട്ടുകള്‍ പോലും വേണ്ട.
അല്പം കഴിഞ്ഞതും, അത്, അവരുടെ വലത് ഭാഗത്തേക്ക് വന്ന്, ചേര്‍ന്ന് പറക്കാന്‍ തുടങ്ങി.
“അത് നമ്മളെ നശിപ്പിക്കാന്‍ പോവുകയാണ്….”
ബ്രൌണ്‍ ആരോടെന്നില്ലാതെ പറഞ്ഞു. 
പക്ഷെ അവരെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവമാണ് പിന്നീട് നടന്നത്. 
ആ ഫൈറ്ററിന്‍റെ പൈലറ്റിനെ നോക്കിയപ്പോള്‍ പിങ്കി കണ്ടത്, അയാള്‍ വെടിവയ്ക്കുന്നതിന് പകരം, അവരെ നോക്കി, സിഗ്നല്‍ ചെയ്യുന്നത് പോലെ തലയാട്ടുന്നതാണ്. കാര്യം മനസ്സിലാവാതെ ബ്രൌണും, പിങ്കിയും മുഖത്തോടു മുഖം നോക്കി.
ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ്.
ഒരു ജര്‍മ്മന്‍ എയര്‍ ബേസില്‍, തന്‍റെ വിമാനത്തിന് അരികിലായി നില്‍കുമ്പോഴാണ്, 2nd ലെഫ്റ്റ്ണന്‍റ് ഫ്രാന്‍സ് സ്റ്റിഗ്ലര്‍, മുകളില്‍ നിന്ന് ആ ഇരമ്പല്‍ കേള്‍ക്കുന്നത്. 
നോക്കിയപ്പോള്‍ അതാ, തന്‍റെ തലയ്ക്ക് മുകളിലൂടെ ഒരു അമേരിക്കന്‍ ബി 17, ലാന്‍ഡ്‌ ചെയ്യാന്‍ തയ്യാറെടുക്കുന്നത് പോലെ താഴ്ന്ന് പറക്കുന്നു. ഗ്രൌണ്ടിലെ മേലധികാരിയുടെ സമ്മതം കിട്ടിയ ഉടനെ, സ്റ്റിഗ്ലര്‍, തന്‍റെ ഫൈറ്റര്‍ എടുത്ത്, ബി 17 പോയ ദിശ ലക്ഷ്യമാക്കി പറന്നു.
നിരവധി മിഷനുകള്‍ വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ ഒരു സൂപ്പര്‍ പൈലറ്റ്‌ ആണ് ഫ്രാന്‍സ് സ്റ്റിഗ്ലര്‍. കൃത്യം 27 ഹിറ്റുകള്‍ കഴിഞ്ഞ്, ഒരെണ്ണം കൂടെ നേടിക്കഴിഞ്ഞാല്‍, ജര്‍മനിയിലെ പരമോന്നത ബഹുമതിയായ നൈറ്റ്സ് ക്രോസ്, സ്റ്റിഗ്ലര്‍ക്ക് സ്വന്തമാണ്. ഒരുപക്ഷെ അയാളുടെ അവസാനത്തെ ‘കില്‍’ ആയിരിക്കാം ആ പറന്നു പോകുന്നത്.
സ്റ്റിഗ്ലര്‍ ചാടി പുറപ്പെട്ടതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജ്വേഷ്ടനും, ഫൈറ്റര്‍ പൈലറ്റുമായിരുന്ന ഓഗസ്റ്റ് സ്റ്റിഗ്ലര്‍, ഇതുപോലൊരു മിഷന് ഇടയിലാണ് കൊല്ലപ്പെട്ടത്. അതുപോലെ, സ്റ്റിഗ്ലറുടെ നിരവധി സുഹൃത്തുക്കളാണ്, സഖ്യകക്ഷികളുമായുള്ള ഏറ്റുമുട്ടലിലും, അവര്‍ നടത്തിയ ബോംബിങ്ങിലും മരിച്ചു വീണത്.
സ്റ്റിഗ്ലര്‍ വേഗം പറന്ന് ബോംബറിന്‍റെ അടുത്തെത്തി.
പിന്നില്‍ നിന്ന് അവരെ വെടിവയ്ക്കാന്‍ തുടങ്ങിയപ്പോഴാണ്, അയാള്‍ അത് ശ്രദ്ധിച്ചത്. അവരുടെ ഭാഗത്ത് നിന്ന് അത്ര പ്രകോപനങ്ങള്‍ ഒന്നുമില്ല. ഒന്നുകൂടെ സൂക്ഷിച്ച് നോക്കിയപ്പോള്‍ മനസ്സിലായി, അവരുടെ ടെയില്‍ ഗണ്ണര്‍, അയാളുടെ സീറ്റില്‍ത്തന്നെ മരണപ്പെട്ട് ഇരിക്കുകയാണ്. ചുറ്റും പറന്ന് നോക്കിയപ്പോള്‍, ധാരാളം വെടികൊണ്ട പാടുകള്‍ കണ്ടതോടൊപ്പം, രണ്ട് എഞ്ചിനുകളും, അവരുടെ മറ്റു ഗണ്ണുകളും പ്രവര്‍ത്തനക്ഷമമല്ലെന്ന് മനസ്സിലായി. അതായത് പരിക്കേറ്റ് പോകുന്നവരാണ് ഇപ്പോള്‍ അതിനുള്ളില്‍ ഉള്ളത്.
സ്റ്റിഗ്ലര്‍, പതുക്കെ തന്‍റെ വിമാനത്തെ, അവരുടെ വിമാനത്തോട് ചേര്‍ത്ത് പറപ്പിച്ചു. ഈ സമയമാണ് പിങ്കി, അതിനകത്ത് നിന്ന് സ്റ്റിഗ്ലറുടെ നേര്‍ക്ക് നോക്കുന്നത്.
സ്റ്റിഗ്ലര്‍, അവര്‍ രണ്ട് പേരെയും ശരിക്കും കണ്ടു: ഏത് സമയവും നിലംപതിക്കാവുന്ന ആ വിമാനത്തില്‍, ജീവനും കയ്യില്‍പ്പിടിച്ച് ഇരിക്കുന്ന ആ രണ്ടുപേര്‍. ബ്രൌണിന്‍റെയും, പിങ്കിയുടെയും മുഖത്ത് കണ്ട ആ ഭയം, അത് അയാളുടെ മനസിനെ ശരിക്കും പിടിച്ചുലച്ചു. 
ഉടനെ തന്‍റെ മിഷന്‍, സ്വയം മാറ്റിയ സ്റ്റിഗ്ലര്‍, പതുക്കെ അവരെ നോക്കി ‘പേടിക്കണ്ട’ എന്നര്‍ത്ഥത്തില്‍ തലകുലുക്കി. ഈ സമയം, രണ്ട് വിമാനങ്ങളുടെയം ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം, ഏതാനും അടികള്‍ മാത്രമായിരുന്നു. 
അങ്ങിനെ മുറിവേറ്റ അമേരിക്കന്‍സിന്‍റെ സംരക്ഷണം, സ്വയം ഏറ്റെടുത്ത സ്റ്റിഗ്ലര്‍, താഴെ നിന്ന് അവരെ മറ്റാരും ആക്രമിക്കാതിരിക്കാനാണ്, കൂടെത്തന്നെ, ഒരു ഫോര്‍മേഷന്‍ പോലെ പറന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു അമേരിക്കന്‍ ബി 17, ജര്‍മനി പിടിച്ചെടുത്ത് അപ്പോള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒരു മെസ്സര്‍ഷ്മിറ്റിനൊപ്പം, ബി 17 കണ്ടാല്‍, ആരും ഒന്ന് വെരിഫൈ ചെയ്യാതെ വെടിവയ്ക്കാന്‍ മുതിരില്ല.
ഈ സമയം ബ്രൌണും, പിങ്കിയും ആകെ ആശയക്കുഴപ്പത്തിലായി.
സ്റ്റിഗ്ലര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അത്ര വ്യക്തമല്ലെങ്കിലും, തങ്ങളെ ലാന്‍ഡ്‌ ചെയ്യാനായി എങ്ങോട്ടോ നയിക്കുകയാണെന്ന് മാത്രം അവര്‍ക്ക് മനസ്സിലായിരുന്നു. ദയ എന്ന സംഭവം നാസികളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കേണ്ട കാര്യമില്ലല്ലോ. അയാള്‍ ആക്രമിക്കില്ലാ എന്ന് ഉറപ്പിച്ച് പറയാനും പറ്റില്ല.
പല തവണ സ്റ്റിഗ്ലര്‍, താഴെ, ചെറിയ എയര്‍ഫീല്‍ഡുകള്‍ കാണുമ്പോള്‍ അവരോട് ലാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പേടി കൊണ്ട് ബ്രൌണ്‍, അതൊന്നും കണ്ട ഭാവം നടിച്ചില്ല. ജര്‍മനിയുടെ മണ്ണില്‍ അവര്‍ ലാന്‍ഡ്‌ ചെയ്യില്ലെന്ന് മനസ്സിലായപ്പോള്‍, അവരെ, സ്വീഡന് നേരെ തിരിക്കാനായി അടുത്ത ശ്രമം. അവിടെ, അവര്‍ക്ക് വേണ്ട പരിചരണം ലഭിക്കുമെന്ന് സ്റ്റിഗ്ലര്‍ക്ക് ഉറപ്പായിരുന്നു. 
പക്ഷെ അതും ബ്രൌണ്‍ നിരസിച്ചു. എത്രയും പെട്ടെന്ന് നോര്‍ത്ത് സീ കടന്ന് ലണ്ടനിലേക്ക് എത്തണം എന്ന ലക്ഷ്യമായിരുന്നു അയാളുടെ ഉള്ളില്‍.
വിമാനത്തിന്‍റെ ആ അവസ്ഥയില്‍, അമേരിക്കക്കാര്‍ കടല്‍ കടക്കുമോ എന്ന ഭയമുള്ളത് കൊണ്ടാണ്, സ്റ്റിഗ്ലര്‍, അവരെ ജര്‍മനിയില്‍ തന്നെ ലാന്‍ഡ്‌ ചെയ്യിക്കാനും, സ്വീഡനിലേക്ക് തിരിച്ച് വിടാനും ഒക്കെ നോക്കിയത്. രണ്ടിനോടും അവര്‍ക്ക് താല്പര്യമില്ലെന്ന് മനസ്സിലായപ്പോള്‍, അദ്ദേഹം, ജര്‍മന്‍ എയര്‍സ്പേസ് കടക്കുന്നത് വരെ, അവരുടെ കൂടെത്തന്നെ തുടര്‍ന്നു.
ബി 17 ജര്‍മനിയുടെ അതിര്‍ത്തി കടന്നതും, സ്റ്റിഗ്ലര്‍, അവരെ നോക്കി ഒരു സല്യൂട്ടോടെ പറഞ്ഞു.
“ഇനി നിങ്ങള്‍ ദൈവത്തിന്‍റെ കരങ്ങളിലാണ്… ഗുഡ് ലക്ക്!”
ആ സല്യൂട്ട് മാത്രമേ ബ്രൌണിനും, പിങ്കിക്കും മനസ്സിലായൊള്ളൂ. 
ആ അവസ്ഥയില്‍, വീണ്ടും നാന്നൂറ് കിലോമീറ്ററോളം പറന്നാണ്, അവര്‍, സീതിങ്ങിലുള്ള റോയല്‍ എയര്‍ ഫോര്‍സ് സ്റ്റേഷനില്‍ വന്ന് ലാന്‍ഡ് ചെയ്തത്. അവിടത്തെ ബ്രീഫിങ്ങിനിടെ, ബ്രൌണ്‍, ഈ വിവരം തന്‍റെ മേലധികാരികളെ അറിയിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമാണ്.
‘ഒരു കാരണവശാലും, ഈ വിവരം, മറ്റാരെയും അറിയിക്കരുത്. ശത്രുക്കള്‍ക്ക്‌ മേല്‍ അകാരണമായ മമതയും, ആദരവും വളര്‍ത്താനേ ഇത് കാരണമാകൂ.’
തിരികെ മടങ്ങിയ സ്റ്റിഗ്ലറും ഈ വിഷയം ആരെയും അറിയിച്ചില്ല. 
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ആ സമയത്ത്, ഒരു ശത്രുവിനെ അദ്ദേഹം വെറുതെ വിട്ടെന്നറിഞ്ഞാല്‍ നേരിടേണ്ടി വരുന്ന നടപടികള്‍ ഒട്ടും നിസ്സാരമായിരുന്നില്ല. അതിനാല്‍, വിമാനത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും കിട്ടിയില്ലെന്ന റിപ്പോര്‍ട്ട് ആണ്, സ്റ്റിഗ്ലര്‍ കൊടുത്തത്. അതെവിടെയെങ്കിലും തകര്‍ന്ന് വീണിരിക്കാമെന്ന് അധികൃതരും കരുതിക്കാണും.
യുദ്ധം കഴിഞ്ഞ് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ആ രാത്രിയുടെ ഓര്‍മ്മകള്‍, ഒരു പേടിസ്വപ്നം പോലെ ബ്രൌണിനെ വേട്ടയാടുന്നുണ്ടായിരുന്നു. കാലത്തിന്‍റെ ഒഴുക്കില്‍, ആ സംഭവം, എങ്ങിനെയോ മറന്ന് തുടങ്ങുന്നതിനിടെയാണ് ഇങ്ങനെയൊരു ഒത്തുചേരലും, പങ്കുവയ്ക്കലുകളും.
“ആ പൈലറ്റ്‌ ആരാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നോ?”
സദസ്സില്‍ നിന്നുള്ള ചോദ്യത്തില്‍, ബ്രൌണ്‍, തന്‍റെ ചിന്തകളില്‍ നിന്നുണര്‍ന്നു.
“എന്നാലാവും വിധം അന്വേഷിച്ചു, കിട്ടിയില്ല….”
ആ ചടങ്ങിന് ശേഷം, തന്‍റെ അന്വേഷണം പുനരാരംഭിക്കുമെന്ന തീരുമാനത്തോടെയാണ്, ബ്രൌണ്‍, അവിടന്ന് മടങ്ങിയത്. പക്ഷെ വീണ്ടും നാല് വര്‍ഷങ്ങള്‍, ജര്‍മന്‍ – അമേരിക്കന്‍ എയര്‍ഫോര്‍സ് റിക്കോര്‍ഡുകള്‍ മുഴുവന്‍ പരതിയെങ്കിലും, അയാളെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല. 
അങ്ങിനെയാണ് അവസാന പ്രയോഗമെന്നോണം, ഒരു പ്രമുഖ ജര്‍മന്‍ പത്രത്തില്‍, സംഭവങ്ങളുടെ ഏകദേശ രൂപം വിവരിച്ച് കൊണ്ട് ഒരു പരസ്യം അദ്ദേഹം നല്‍കുന്നത്. ഒപ്പം, അതും ചേര്‍ത്തൊരു ലെറ്റര്‍, ജര്‍മനിയിലെ പഴയ കോംബാറ്റ് പൈലറ്റ്‌ അസോസിയേഷനും അയച്ചുകൊടുത്തു.
1990, ജനുവരി 18. 
കാനഡയില്‍ നിന്ന് ബ്രൌണിനായി വന്ന ഒരു കത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
‘പ്രിയപ്പെട്ട ചാള്‍സ്,
ഈ വര്‍ഷങ്ങളിലത്രയും, ആ ബി 17 വിമാനത്തിന്, എന്ത് സംഭവിച്ചിരിക്കാം എന്ന ചിന്ത, എപ്പോഴും എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. അതവിടെ സുരക്ഷിതമായി എത്തിച്ചേര്‍ന്നിരിക്കുമോ, ഇല്ലയോ എന്നതായിരുന്നു എന്നെ ഏറെ അലട്ടിയിരുന്ന പ്രശ്നം.”
സ്റ്റിഗ്ലറുടെ കത്തായിരുന്നു അത്.
കത്ത് കിട്ടിയ ഉടന്‍, അതിന്‍റെ ഫ്രം അഡ്രസ്സ് നോക്കിയ ബ്രൌണ്‍, വേഗം വാന്‍കൂവര്‍ എക്സ്ചേഞ്ചില്‍ വിളിച്ച്, ഫ്രാന്‍സ് സ്റ്റിഗ്ലറുമായി കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
സ്റ്റിഗ്ലര്‍ തന്നെയാണ് മറുതലയ്ക്കല്‍ ഫോണ്‍ എടുത്തത്. പരസ്പരം സംസാരിച്ച് നിമിഷങ്ങള്‍ക്കകം, ബ്രൌണ്‍, സന്തോഷം കൊണ്ട് വിളിച്ച് കൂവി.
“ഇത് നിങ്ങള്‍ തന്നെ…. എനിക്കുറപ്പാണ് ഇത് നിങ്ങള്‍ തന്നെ…..”
കണ്ണീരോടെയാണ് ബ്രൌണ്‍ ആ പറഞ്ഞത്. ഫോണ്‍ വച്ചയുടനെ, ബ്രൌണ്‍, സ്റ്റിഗ്ലര്‍ക്ക് മറുപടിയും എഴുതി.
“എന്‍റെയും, അന്ന് രക്ഷപ്പെട്ട എന്‍റെ ക്രൂ മെംബേര്‍സിന്‍റെയും, ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും ഹൃദയത്തില്‍ നിന്ന്; നന്ദി, നന്ദി, നന്ദി, നന്ദി……”
യുദ്ധാനന്തരം അമേരിക്കയുടെ, അതായത് ബ്രൌണിന്‍റെ തൊട്ടടുത്തുള്ള കാനഡയിലേക്ക് കുടിയേറിയ സ്റ്റിഗ്ലര്‍, ഇത്രയും കാലം അവിടെ ബിസിനസുമായി കഴിഞ്ഞ് കൂടുകയായിരുന്നു. 
ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ കണ്ടുമുട്ടി, ഫ്ലോറിഡയിലെ ഒരു ഹോട്ടലില്‍ വച്ച്. അന്ന് അവര്‍ക്കിടയില്‍ വളര്‍ന്ന ആ സൌഹൃദം, പിന്നീട് മരണം വരെ അവര്‍ കൊണ്ട് പോയിരുന്നു. ഇടയ്ക്കിടെ ബ്രൌണ്‍ അങ്ങോട്ട്‌ പോകും, അല്ലെങ്കില്‍ സ്റ്റിഗ്ലര്‍ ഇങ്ങോട്ട് വരും. രണ്ടുപേരും ഒരുമിച്ച് ഫിഷിങ്ങ് ട്രിപ്പുകള്‍ പോകും, കുടുംബമായി അത്താഴങ്ങള്‍ ഒരുക്കും.
എന്ത് കൊണ്ട് ബ്രൌണിന്‍റെ വിമാനത്തെ വെടിവച്ചില്ല എന്ന ചോദ്യത്തിന്, സ്റ്റിഗ്ലര്‍ പറഞ്ഞ മറുപടി ‘അവരുടെ കണ്ണുകള്‍’ എന്നാണ്. ആ മുഖത്തും, കണ്ണുകളിലും കണ്ട ഭയം, അതാണ്‌ സ്റ്റിഗ്ലറെ, ആ ദൌത്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. 
സത്യത്തില്‍ അത് മാത്രമായിരുന്നില്ല കാരണം.
അവരെ ആക്രമിക്കാനായി ചെന്നിട്ട്, ആ വിമാനത്തിന്‍റെ ദയാനീയാവസ്ഥ കണ്ട സമയം, മുന്‍പ്, ഈസ്റ്റ് ആഫ്രിക്കയില്‍ സ്റ്റിഗ്ലര്‍ സേവനമനുഷ്ടിക്കെ, അദ്ദേഹത്തിന്‍റെ കമാണ്ടിംഗ് ഓഫീസറായിരുന്ന ഗുസ്താവ് റോഡല്‍ പറഞ്ഞ വാക്കുകളാണ്, മനസ്സിലേക്ക് വന്നത്.
‘ശത്രുവോ മിത്രമോ ആകട്ടെ, എന്നെങ്കിലും പാരച്ചൂട്ടില്‍ ഇറങ്ങുന്ന ഒരാളെ നീ വെടിവച്ചതായി ഞാന്‍ കാണുകയോ, അറിയുകയോ ചെയ്‌താല്‍, അന്ന് നിന്നെ ഞാന്‍ വെടിവച്ച് കൊല്ലും.’
അതായിരുന്നു റോഡല്‍ പറഞ്ഞ വാക്കുകള്‍.
“പരിക്കേറ്റ് പതിയെ നീങ്ങിയിരുന്ന ആ വിമാനം കണ്ടപ്പോള്‍, അവര്‍ പാരച്ചൂട്ടില്‍ പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതിനാല്‍ വെടിവയ്ക്കാന്‍ മനസ്സാക്ഷി അനുവദിച്ചില്ല.” – സ്റ്റിഗ്ലര്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിനിടയിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത ആ കമാണ്ടിങ്ങ് ഓഫീസര്‍, ഗുസ്താവ് റോഡലിന്‍റെ ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്നു സാക്ഷാല്‍ ഇര്‍വിന്‍ റോമ്മല്‍ എന്ന മരുഭൂമിയിലെ കുറുക്കന്‍. 
2008ല്‍, മാസങ്ങള്‍ വ്യത്യാസത്തിലാണ് ബ്രൌണും, സ്റ്റിഗ്ലറും മരണമടയുന്നത്. മരിക്കുമ്പോള്‍ സ്റ്റിഗ്ലര്‍ക്ക് 92ഉം, ബ്രൌണിന് 87മായിരുന്നു പ്രായം. 
2012ല്‍ ഇവരുടെ കഥ, A Higher Call എന്ന പുസ്തകമായി പുറത്ത് വന്നിരുന്നു. അതിന്‍റെ രചയിതാവായ ആഡം മാക്കോസ്, ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കൂടെ പറഞ്ഞിട്ട് നിര്‍ത്താം.
സ്റ്റിഗ്ലറെ കണ്ടെത്തിയ ശേഷമാണ്, ബ്രൌണ്‍, ദുസ്വപ്നങ്ങള്‍ ഒന്നുമില്ലാതെ സമാധാനമായി ഉറങ്ങാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ മകള്‍, മാക്കോസിനോട് പറഞ്ഞതാണ്.
വൈദികനാകാന്‍ പഠിച്ച് ഫൈറ്റര്‍ പൈലറ്റ്‌ ആയ സ്റ്റിഗ്ലറുടെ കഥയും, ഒട്ടും വ്യത്യസ്തമല്ല.
28,000 പൈലറ്റുമാര്‍ ഉണ്ടായിരുന്ന ജര്‍മന്‍ വ്യോമസേനയില്‍, യുദ്ധാനന്തരം, വെറും 1200 പൈലറ്റുമാര്‍ മാത്രമാണ് അവശേഷിച്ചത്. ആ യുദ്ധം, സ്റ്റിഗ്ലറുടെ എല്ലാം കവര്‍ന്നിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരനെയും, സുഹൃത്തക്കളെയും, വളര്‍ന്ന നാടും, പഠിച്ച നഗരവും എല്ലാം. ആ യുദ്ധത്തില്‍ നിന്ന്, സ്റ്റിഗ്ലര്‍ നല്ലത് എന്തെങ്കിലും നേടിയെങ്കില്‍, അത് ബ്രൌണിനെ മാത്രമാണ്. സ്റ്റിഗ്ലര്‍ക്ക് അഭിമാനിക്കാവുന്ന ഒരേയൊരു നേട്ടം.
അത് അരക്കിട്ട് ഉറപ്പിക്കുന്ന ഒരു സംഭവം കൂടിയുണ്ട്.
ഒരിക്കല്‍ ബ്രൌണിന്‍റെ ലൈബ്രറിയിലൂടെ കണ്ണോടിക്കുന്നതിനിടയില്‍, മാക്കോസിന്‍റെ ശ്രദ്ധ, ഒരു ബുക്കില്‍ ഉടക്കി. ജര്‍മ്മന്‍ യുദ്ധവിമാനങ്ങളെ കുറിച്ചുള്ള ഒരു ബുക്കായിരുന്നു അത്, ബ്രൌണിന്, സ്റ്റിഗ്ലര്‍ നല്‍കിയ സമ്മാനം.
അതിന്‍റെ ആദ്യത്തെ പേജില്‍, സ്റ്റിഗ്ലര്‍, ഇപ്രകാരം കുറിച്ചിരുന്നു.
In 1940, I lost my only brother as a night fighter. On the 20th of December, 4 days before Christmas, I had the chance to save a B-17 from her destruction, a plane so badly damaged it was a wonder that she was still flying.
The pilot, Charlie Brown, is for me, as precious as my brother was.
Thanks Charlie.
Your Brother,
Franz
“1940ല്‍, എനിക്ക് എന്‍റെ സഹോദരനെ നഷ്ടപ്പെട്ടു, ഒരു Night Flyerന്‍റെ (വിമാനം) രൂപത്തില്‍. 1943, ഡിസംബര്‍ 20ന്, ക്രിസ്മസിന് നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എനിക്കൊരു ബി 17 വിമാനത്തെ, അതിന്‍റെ നാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഭാഗ്യമുണ്ടായി. അതും വളരെ സാരമായി പരിക്കേറ്റ്, ഒരു അത്ഭുതം പോലെ പറന്നിരുന്ന ഒരു വിമാനത്തെ.
അതിന്‍റെ പൈലറ്റ്‌, ചാര്‍ളി ബ്രൌണ്‍, എനിക്കെന്‍റെ സഹോദരനെപ്പോലെ തന്നെ പ്രിയപ്പെട്ടവനാണ്. 
നന്ദി ചാര്‍ളി.
നിന്‍റെ സഹോദരന്‍,
ഫ്രാന്‍സ്.

അവര്‍ ശത്രുക്കളായി തുടങ്ങി, സുഹൃത്തുക്കളായി മാറി, അതിലും വലുത് എന്തൊക്കെയോ ആയിട്ടാണ് പിരിഞ്ഞത്.
വിവരങ്ങള്‍ക്ക് കടപ്പാട്: A Higher Call (book) by Adam Makos & Larry Alexander, CNN Interview with Adam Makos.