റഷ്യയെ മുട്ട് കുത്തിച്ച ആ രാജാവിന്‍റെ ശാപം – The Curse of Tamerlane AKA Timur

Stalin ordered the opening of his tomb in 1941 with Russian anthropologist Mikhail Gerasimov given the task of exhumation.

June 20, 1941
അക്കാലത്ത് സോവിയറ്റ് യൂണിയന്‍റെ കീഴിലായിരുന്നു, മദ്ധ്യേഷ്യന്‍ രാജ്യമായ ഉസ്ബെക്കിസ്ഥാന്‍. 
ആ അധികാരം വച്ച്, സമര്‍ഘണ്ഡിലുള്ള ഒരു ചക്രവര്‍ത്തിയുടെ വമ്പന്‍ ശവകുടീരം തുറന്ന് പരിശോധിക്കുകയായിരുന്നു സോവിയറ്റ് നരവംശ ശാസ്ത്രജ്ഞരായ മിഖായേല്‍ ഗെരാസിമോവും, വസിലിയെവിച്ച് ഒഷാനിനും.


“ഞാന്‍ മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, ഈ ലോകം അതിന്‍റെ ശക്തിയില്‍ പ്രകമ്പനം കൊള്ളും”
അദ്ദേഹത്തിന്‍റെ കല്ലറയ്ക്ക് മുകളില്‍ ഇപ്രകാരം എഴുതിയിരുന്നതായി പറയപ്പെടുന്നുണ്ട്. 
പതിനഞ്ചാം നൂറ്റാണ്ട് തൊട്ട് യൂറോപ്പിനെ കിടുകിടാ വിറപ്പിച്ചിരുന്ന അദ്ദേഹം പക്ഷെ മദ്ധ്യേഷ്യയില്‍, മുസ്ലിം രാഷ്ട്രങ്ങളെ ഏകോപിപ്പിച്ച മഹാനായാണ് അറിയപ്പെടുന്നത്. ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍, ഈ യോജിപ്പിച്ചു എന്ന് പറയുന്ന സ്ഥലങ്ങളടക്കം, കീഴടക്കിയ ഭൂരിഭാഗം രാജ്യങ്ങളും, നഗരങ്ങളും, കൊള്ളയടിച്ചും, ജനങ്ങളെ കൂട്ടക്കൊല നടത്തിയുമാണ് അദ്ദേഹവും, സൈന്യവും കടന്നുപോയിട്ടുള്ളത്. എങ്കിലും ഓട്ടോമന്‍ സുല്‍ത്താന്മാരുമായുള്ള ശത്രുത, അദ്ദേഹത്തെ പല യൂറോപ്യന്‍ രാജാക്കന്മാരുടെയും മിത്രമാക്കി മാറ്റി. ശത്രുവിന്‍റെ ശത്രു മിത്രം എന്നപോലെ, ഓട്ടോമന്‍ സുല്‍ത്താനായ ബയെസിദ് ഒന്നാമനെ അദ്ദേഹം കീഴടക്കിയ ശേഷം, യൂറോപ്പിനെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ അലട്ടിയിരുന്ന വലിയൊരു ഭീഷണിക്കാണ് അന്ന് സമാധാനം ഉണ്ടായത്.
1404ല്‍ അദ്ദേഹം മരണമടയുമ്പോള്‍, യൂറോപ്പും, ചൈനയും, ഈസ്റ്റ് ആഫ്രിക്കയും വരെ പരന്നു കിടക്കുന്ന ഒരു മഹാ സാമ്രാജ്യത്തിന്‍റെ ഉടമയായിട്ടായിരുന്നു മടക്കം. ഒപ്പം, ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരില്‍ ഒരാളെന്ന ഖ്യാതിയും.
ഇനി സമര്‍ഘണ്ഡിലേക്ക് തിരികെയെത്താം.
ആദ്യത്തെ മുന്നറിയിപ്പ് വകവയ്ക്കാതെ, ഗെരാസിമോവ്, ആ കല്ലറ തുറക്കാന്‍ തുടങ്ങുമ്പോള്‍, മറ്റൊരെഴുത്ത് കൂടെ അതില്‍ കണ്ടെത്തി.
“എന്‍റെ കല്ലറ തുറക്കുന്നവര്‍ ആരോ, അവര്‍ എന്നെക്കാള്‍ വലിയൊരു അക്രമിയെയായിരിക്കും സ്വതന്ത്രമാക്കി വിടുക.”
അതായത്, ആ കല്ലറ തുറക്കുന്നവര്‍, അദ്ദേഹത്തെക്കാള്‍ ഭീകരനായ ഒരെതിരാളിയെ പ്രതീക്ഷിച്ച് വേണം ഇനി മുന്നോട്ടു പോവാന്‍.
സാക്ഷാല്‍ ചെങ്കിസ് ഖാന്‍റെ വംശപരമ്പരയിലെ കണ്ണിയെന്ന് പറയപ്പെടുന്ന, ചെങ്കിസ് ഖാന് ശേഷം ഡല്‍ഹി വരെ പടനയിച്ചെത്തി, അന്നത്തെ തുഗ്ലക്ക് സുല്‍ത്താന്മാരെ കടന്നാക്രമിച്ച്‌, നാമാവശേഷമാക്കി ഖാന്‍റെ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട അതിക്രൂരനായ മംഗോള്‍ പടത്തലവന്‍, തിമൂര്‍ ആയിരുന്നു ആ രാജാവ്. 
തിമൂറും മംഗോളുകളും കയറിയിറങ്ങിയ ഡല്‍ഹിയുടെ നഷ്ടപ്പെട്ട പ്രൌഡി തിരികെ ലഭിക്കാന്‍, ഏതാണ്ട് ഒരു നൂറ്റാണ്ടോളം വേണ്ടി വന്നെന്നാണ്‌ പറയപ്പെടുന്നത്. 
മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ, ആ കല്ലറ തുറന്ന് വിവരങ്ങള്‍ ശേഖരിക്കാനും, രേഖാചിത്രങ്ങളും, രൂപങ്ങളും നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനുമായിരുന്നു അവരുടെ തീരുമാനം. തിമൂറിന്‍റെ രൂപത്തെക്കുറിച്ചും, ശാരീരികാവസ്ഥകളെ കുറിച്ചും, വംശവുമായി ബന്ധപ്പെട്ടുമുള്ള നിരവധി സുപ്രധാന വിവരങ്ങളാണ് അന്ന് ലഭിച്ചത്. 
പക്ഷെ തിമൂര്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് മനസ്സിലായി.
തിമൂറിന്‍റെ ശാപമാണോ, വിധിയുടെ വികൃതിയാണോ എന്നറിയില്ല. കല്ലറ തുറന്ന് കൃത്യം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ചരിത്രപ്രസിദ്ധമായ ഓപ്പറേഷന്‍ ബാര്‍ബറോസ്സ അരങ്ങേറുന്നത്. സാക്ഷാല്‍ ഹിറ്റ്ലറുടെ കീഴിലുള്ള ജര്‍മ്മനി, സോവിയറ്റ് യൂണിയനെ അപ്രതീക്ഷിതമായി കയറി ആക്രമിച്ചു. അങ്ങിനെ സോവിയറ്റ് യൂണിയന്‍, ‘ഔദ്യോഗികമായി’ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് എടുത്തിടപ്പെട്ടു.
മറ്റൊരു രസകരമായ ട്വിസ്റ്റ് കൂടെ ഈ സംഭവത്തിനുണ്ട്.
ഇസ്ലാമിക വിധികള്‍ പ്രകാരം, 1942 നവംബറില്‍, തിമൂറിനെ വീണ്ടും മറവ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ്, റഷ്യ, സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ച്, റഷ്യന്‍ മണ്ണില്‍ നിന്ന് ഓടിക്കുന്നത്.